2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ശ്രാദ്ധം .............

ചുറ്റുമതിലില്ലാത്ത വിസ്തൃതമായ ക്ഷേത്രമൈതാനത്തിനു കോണിലെ അരയാൽത്തറയ്ക്കു മുന്നിൽ യാത്രയവസാനിപ്പിച്ച ബസ്സിൽ നിന്നിറങ്ങി, ഇനിയും വെളിച്ചം വീഴാത്ത നടവഴിയിൽ ചിതറിക്കിടന്ന ഇരുളിന്റെ പാളികൾക്കിടയിലൂടെ ഇടവഴിയുടെ അങ്ങേതലയ്ക്കലെയ്ക്ക് നടന്ന്, ആദ്യ പടവിറങ്ങുമ്പോഴേ കണ്ടു മുന്നിൽ അത്രയകലെയല്ലാത്ത ദൂരത്തായി ഇനിയുമുണരാത്ത പുഴ.
ഉറക്കച്ചടവിന്റെ ആലസ്യവുമായി മയങ്ങിക്കിടന്ന പുഴയുടെ അണിവയറിലേയ്ക്ക് പുലരിമഞ്ഞ് ഊര്ന്നിറങ്ങിയ ഞൊറിവുകൾ .......
ഇനിയും തിരക്ക് പടർന്നു തുടങ്ങിയിട്ടില്ലാത്ത പുഴക്കടവിൽ, പിതൃതര്പ്പണത്തിനായെത്തുന്നവരെയും കാത്തു കെട്ടിയുയർത്തിയിരിയ്ക്കുന്ന വിരികളിൽ നിന്നുകൊണ്ട് മിഴികളാൽ തന്നെ ക്ഷണിയ്ക്കുന്ന കാർമ്മികർ
ഓരോ വിഭാഗക്കാരെയും പ്രത്യേകം ആകർഷിയ്ക്കാനായി പേരിനൊപ്പം കുലപ്പെരുമകൂടി ചേർത്തെഴുതിയ വലിയ ബോർഡുകൾ തൂക്കി അവർ കാത്തിരിയ്ക്കുന്നു .
ആത്മാക്കൾക്കും ജാതിയുണ്ടോ ...
നേരെ മുന്നിലായി കണ്ട വിരി നോക്കി നടന്നു അകത്ത് കയറി ....
ആകെ നരച്ച് ,പ്രായാധിക്യത്താൽ മുതുകുവളഞ്ഞ വൃദ്ധനായ ഒരു കർമ്മി........ആദ്യ അതിഥിയെ കിട്ടിയ സന്തോഷതിനാലാവണം ചെറുതായി ഒന്ന് ചിരിച്ചു.വെളുത്ത മുടിനാരുകൾക്കിടയിൽ ഒളിഞ്ഞു കിടന്ന ചുണ് ട്പുറത്ത് കാട്ടാനെന്നോണം.ഒപ്പം മാറിലെ കാവി മുണ്ട് അഴിച്ചു അരയിൽ ചുറ്റി മുഷിഞ്ഞ പൂണൂൽ താൻ ശ്രദ്ധിയ്ക്കുന്നു എന്നുറപ്പ് വരുത്താനും മറന്നില്ല
.
ചുമരിന്റെ കോണിലായി വസ്ത്രം അഴിച്ചു വെച്ച് , തോർത്ത്‌ അരയിൽ ചുറ്റി തിരിഞ്ഞപ്പോഴേയ്ക്കും, കാത്തുനിന്ന അയാൾ വെച്ച് നീട്ടിയ വാൽക്കിണ്ടിയുമായി നനഞ്ഞ മണൽപ്പരപ്പിലൂടെ പുഴക്കടവിലെയ്ക്ക് നടക്കവേ, പുഴ മുറിച്ച് എവിടെ നിന്നോ പറന്നെത്തിയ ഒരു ബലിക്കാക്ക തലയ്ക്കു മുകളിലൂടെ താഴ്ന്നു പറന്ന് പുഴക്കരയിലെ ഇലഞ്ഞിമരചില്ലയിൽ പറന്നിറങ്ങിയിരുന്നു. തന്നെ പാളി നോക്കിക്കൊണ്ട്‌ .
പെട്ടെന്ന് അച്ഛൻ പറയാറുള്ളത് ഓർമ്മ വന്നു.
പരലോകത്തുനിന്നും ആത്മാക്കൾ ആണ്ടുബലിനാൾ ബലിക്കാക്കകളായി ഈ ഇലഞ്ഞി മരച്ചില്ലയിൽ കാത്തിരിയ്ക്കുമത്രെ. തങ്ങളുടെ ഓര്മ്മകൾക്ക് മുന്നിൽ തർപ്പണം ചെയ്യാനായി ഇവിടെയ്ക്കെത്തുന്ന ശേഷക്കാരെയും കാത്ത്. പിന്നെ ദർഭനാമ്പുകളിൽ അവർ ഉതിർത്തുപോകുന്ന ബലിച്ചോറും കഴിച്ചു മടങ്ങും . അടുത്ത വര്ഷം വീണ്ടും വരുവാനായി ...........
ഒരു പക്ഷെ അച്ഛൻ ബലിക്കാക്കയുടെ രൂപത്തിൽ തന്നെ തേടി എത്തിയതായിരിയ്ക്കുമോ .........
ഒരിയ്ക്കലുമാകാനിടയില്ല. കാരണം ജീവിച്ചിരുന്നപ്പോൾ ഒരിയ്ക്കൽപ്പോലും ഒരു പിടി വറ്റ് തനിയ്ക്കായി ചൊരിയാത്ത മകൻ ഈ പുഴയിറമ്പിൽ നാക്കിലയിൽ വെച്ച് പോകുന്ന ബലിപിണ്ഡം അച്ഛൻ ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാനിടയില്ല .
അതുവരെ നെഞ്ചിനുള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന ചിന്തകളുടെ നീറ്റലിൽ ആകെ വിവശനായി .
ഏതൊക്കെ ന്യായവാദങ്ങൾ നിരത്തി മനസ്സാക്ഷിയെ ബോദ്ധ്യ പ്പെടുത്താൻ വൃഥാ ശ്രമിച്ചാലും തന്നെ പിന്തുടരുന്ന ആ കുറ്റബോധത്തിന്റെ നിഴലിൽ നിന്നും ഈ ജന്മം തനിയ്ക്കൊരു മോചനമുണ്ടാകുമോ .
പടവുകളിറങ്ങി, പുഴയിൽ മൂന്നുവുരു മുങ്ങി നിവരവെ,
അത് വരെ അമർത്തി വെച്ച നൊമ്പരമാകെ അണപൊട്ടിയോഴുകിപ്പോയി .
ഇനിയെത്ര പുണ്യ ഘട്ടങ്ങളിൽ ഈ ജന്മമാകെ മുങ്ങി നിവർന്നാലും ഒഴിഞ്ഞു പോകുമോ തന്നെ പിന്തുടരുന്ന പിതൃ ദു;ഖത്തിന്റെ ശാപക്കറകൾ ...

ഒരായുസ്സാകെ കുടുംബത്തിനായി, ഭാരംവലിച്ച് അവശനായ സായന്തനത്തിലും, ഒന്ന് വിശ്രമിയ്ക്കാനുള്ള സാമാന്യനീതി പോലും നിഷേധിയ്ക്കപ്പെട്ടപ്പോൾ അറിയാതെങ്കിലും ആ മനസ്സ് തന്നെ ശപിച്ചു കാണില്ലേ ......
എന്നും തന്നെ ഒരുപാട് സ്നേഹിച്ച, അരുമയോടെ നെഞ്ചോടു ചേർത്ത് പിടിച്ച,തന്നിൽ ഒരുപാട് പ്രതീക്ഷകൾ അർപ്പിച്ചു നുകം വലിച്ച അച്ഛനെ തന്റെ പരിമിതികളുടെ പേരിൽ താൻ മറന്നു എന്നതല്ലേ സത്യം .......
ആ കൃതഘ്നതയ്ക്ക് കാലം തനിയ്ക്ക് മാപ്പ് ന്തരുമോ .............
വാൽക്കിണ്ടിയിൽ നിന്ന് നീര് വീഴ്ത്തി, നിലം മെഴുകി പവിത്രമണിഞ്ഞ്,കർമ്മിയുടെ അസ്പഷ്ടമായ നിർദ്ദേശങ്ങൾക്ക് കാത് നട്ട് ദർഭ നാമ്പിൽ പിണ്ഡമൊരുക്കി പൂവ് ആരാധിച്ച് നമസ്കരിച്ച് നിവർന്നപ്പോഴെയ്ക്കും, അത് വരെ ഉള്ളിൽ കെട്ടി നിർത്തിയ ദു:ഖമാകെ നിയന്ത്രണം വിട്ട് കവിളുകളിലൂടെ ഒലിച്ചിറങ്ങി ....
ബലിയർപ്പിയ്ക്കാനായി ഊഴം കാത്ത് നിന്നവരുടെ ശ്രദ്ധയിൽപ്പെടാതെ മിഴികൾ ഇറുകെ ചിമ്മി .......
നാക്കിലക്കീറിൽ പിണ്ഡവും,ബലിശിഷ്ടവുമായി പുഴക്കടവിലെയ്ക്ക് നടക്കുമ്പോൾ ശ്രദ്ധിച്ചു, അപ്പോഴും തന്നിൽ മിഴികൾ നട്ടിരിയ്ക്കുന്ന ബലിക്കാക്ക ..........
വഴുക്കലുള്ള കൽപ്പടവിറങ്ങി , പാതി മുങ്ങി തലയ്ക്കു മുകളിലൂടെ ഇലക്കീറു പിന്നിലേയ്ക്ക് വീഴ്ത്തി മുങ്ങി നിവർന്നപ്പോഴെയ്ക്കും ആകെ തളർന്നുപോയി....
വല്ലാത്ത ഒരു വിവശതയോടെ കല്പടവിലേയ്ക്കിരുന്നു പോയി, ഒരു നിമിഷം.
മുന്നിൽ ഓളപ്പാളികൾക്കിടയിലെയ്ക്ക് എവിടെ നിന്നോ നുഴഞ്ഞു കയറിയ കാറ്റിൽ ഇഴ പിരിഞ്ഞകലുന്ന ദർഭ നാമ്പുകൾ ............തന്റെ കാൽപാദങ്ങളെ തേടിയെത്തിയ ഒരു കറുകതുണ്ട് പാതി വഴിയെത്തി മടങ്ങിപ്പോയി ..........
മിഴികൾ മേല്ലെപ്പൂട്ടി ..........

അപ്പോൾ കണ്ണിൽ, ഏതോ ലോഡ്ജ് മുറിയുടെ മെഴുക്കു പുരണ്ട ബെഡ്ഡിൽ, അവസാന ശ്വാസത്തിനായി പിടയുന്ന അച്ഛന്റെ മുഖമായിരുന്നു ....വരണ്ട ചുണ്ടുകളിലേയ്ക്കു അവസാനമായി ഒരു തുള്ളി വെള്ളം പോലും ഇറ്റു വീഴ്ത്താൻ ഉറ്റവരാരുമില്ലാതെ നെഞ്ച് പൊട്ടി പുളയുന്ന അച്ഛന്റെ ദൈന്യമാർന്ന മുഖം .........
.
ഉള്ളിലടക്കിപ്പിടിച്ച നൊമ്പരമാകെ, പ്രതിരോധത്തിന്റെ നേർത്ത ചിറപൊട്ടിച്ച് പുറത്തേയ്ക്ക് കുത്തിയൊഴുകി ..........
പരിസരം മറന്നു പൊട്ടിക്കരഞ്ഞു പോയി ...........എത്ര സമയം അങ്ങിനെ ഇരുന്നെന്നറിയില്ല ......

മുടിയിഴകളിൽനിന്നും ഊർന്നിറങ്ങിയ ജലകണങ്ങൾ വീണു നന്നഞ്ഞ ചുമലിൽ ഒരു നനുത്ത സ്പർശം തിരിച്ചറിഞ്ഞപ്പോളാണ് ഞെട്ടിയുണർന്നത് ...........

"എന്താ കുട്ടീ ഈ കാട്ടണത് ...ഇത്ര മുതിർന്ന ആളായിട്ടും കുട്ട്യോളെപ്പോലെ കരയ്വാ .....നോക്കൂ കർമ്മം കഴിഞ്ഞു നിങ്ങൾ കരയൂന്ന്വച്ചാ അഛന്റെ ആത്മാവിനത് വിഷമമാകും ..എല്ലാം മറക്കുക .............എന്തേലും തെറ്റ് ചെയ്തൂന്ന്വച്ച ഇതോടെ അഛൻ ക്ഷമിച്ചൂന്നു കരുതിക്കൊളുക ...എന്നിട്ട് നീരിറങ്ങാതെ തല തോർത്തി മടങ്ങാൻ നോക്കുക ............"
പിന്തിരിഞ്ഞു നോക്കി ...ചുമലിൽ പരുപരുത്ത കൈത്തലത്താൽ തഴുകി വാത്സല്യമാർന്ന മുഖ ഭാവത്തോടെ വൃദ്ധ കർമ്മി ....
പരിസരബോധം വീണ്ടെടുത്ത്‌ കൽപ്പടവിൽ നിന്ന് തിടുക്കത്തിൽ എഴുന്നേറ്റ്, പെട്ടെന്ന് മനസ്സിൽ ഉടലെടുത്ത ഏതോ ഉൾ പ്രേരണയാലെന്നോണം ചുറ്റും കണ്ണോടിച്ചു.............

തനിയ്ക്കടുത്തു നിന്ന കർമ്മിയെ തിരഞ്ഞിട്ടെന്നോണം .............
അപ്പോൾ അങ്ങ്ദൂരെ,ബലിപ്പുരയിലെ തിരക്കുകൾക്കിടയിലിരുന്നു കർമ്മം
ചെയ്യിക്കുന്നതിൽ മുഴുകിയിരിയ്ക്കുന്ന അയാളെ കണ്ട് ഒരു നിമിഷം പകച്ചു പോയി..
അപ്പോൾ അല്പം മുൻപ് അരുകിലെത്തി തന്നെ വിളിച്ചുണർതിയതാര് ................
ഒരു നിമിഷം സ്തംഭിച്ചു നിന്ന് പോയി ...........സ്വപ്നമോ യാഥാർത്യമോ എന്ന് വ്യവച്ഛെദിച്ചറിയാനാവാതെ നിസ്തന്ത്രനായി ..............
പിന്നെ,എന്തോ പരതിയിട്ടെന്നപോലെ കൈകൾ യാന്ത്രികമായി ചുമലിലേയ്ക്കിഴഞ്ഞെത്തി ..........
ചുമലിലെ ആ സ്പർശത്തിന്റെ ഗന്ധം തിരിച്ചറിയാനായി ..............
അച്ഛൻ പതിവായി വലിച്ചിരുന്ന ചാർമിനാർ സിഗരറ്റിന്റെ ചിരപരിചിതമായ ഗന്ധം ............

ശരീരത്തിലാകെ വല്ലാത്ത ഒരു മരവിപ്പ് പടരുന്നത്‌ തിരിച്ചറിഞ്ഞു ..........
സ്വയം നഷ്ടമായതു കണക്ക് നിന്നുപോയി, ചുറ്റുപാടുകളെക്കൂടി വിസ്മരിച്ച് ..... പുഴക്കടവിൽ ആൾക്കൂട്ടത്തിന്റെ മുരൾച്ച ഏറി വരുന്നത് തിരിച്ചറിഞ്ഞപ്പോൾ, ചലനമറ്റു പോയ കാലടികൾ ആയാസത്തോടെ പറി ച്ചെടുത്ത് മെല്ലെ കൽപ്പടവുകൾ ചവുട്ടിക്കയറി ....സത്യവും, മിഥ്യയും തിരിച്ചറിയാനാവാതെ ഒരു സ്വപ്നാടകനെപ്പോലെ ...........

മടങ്ങുമ്പോൾ പുഴയിറമ്പിലെ ഇലഞ്ഞി മരചില്ലയിലേയ്ക്ക് കണ്ണുകൾ അറിയാതെ പാളി വീണു .......

ശൂന്യമായ മരച്ചില്ലകൾക്കിടയിൽ നിന്നും വഴുതിയിറങ്ങിയ ഒരിളം കാറ്റ്,കവിളിണ കളെ മെല്ലെ തഴുകി കടന്നു പോയി .........

2 അഭിപ്രായങ്ങൾ: