2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

മേഘ ജാലകം തുറക്കുന്ന പക്ഷി...........(നോവലെറ്റ്....2 )

സൈഡു വിൻഡോയുടെ ഷട്ടർ ഉയർത്തിവെച്ച് പ്ലാറ്റ്ഫോമിനപ്പുറത്തെ നനഞ്ഞ പ്രഭാതത്തിന്റെ ഉറക്കച്ചടവാർന്ന മുഖത്തേയ്ക്കും നോക്കിയിരുന്നപ്പോൾ ഒരു ചൂട് ചായ കുടിച്ചാൽ കൊള്ളാമെന്നു തോന്നി .
വണ്ടി ക്രോസ്സിങ്ങിനു പിടിച്ചിട്ടിരിക്കുകയാണെന്ന് തോന്നുന്നു.ലേറ്റായാൽ പാലക്കാടിനുള്ള കണക്ഷൻ ട്രെയിൻ കിട്ടാനിടയില്ല.
ഇനി അതെക്കുറിച്ചാലോചിച്ചു വെറുതെ ടെൻഷനടിയ്ക്കുന്നതിലർത്ഥമില്ല.കിട്ടിയില്ലെങ്കിൽ മറ്റെന്തെങ്കിലും വഴി തേടാം.സമയത്തിന്റെ നൂലിഴയിൽ തൂങ്ങി ടെൻഷനടിച്ചുള്ള യാത്ര പണ്ടേ ഇഷ്ടമായിട്ടല്ല.
സ്കെച്ചും, പ്ലാനും ഓഫീസ് സ്റ്റാഫിന്റെ ആരുടെയെങ്കിലും കൈയ്യിൽ കൊടുത്തു വിടാമെന്നു പലവുരു പറഞ്ഞിട്ടും, അമ്പി സ്വാമിയ്ക്കുതൃപ്തി പോരാ .
ബാലചന്ദ്രൻ നേരിട്ടെത്തി ഭൂമിപൂജയിൽ കൂടി പങ്കെടുക്കണമെന്ന സ്നേഹപൂർണ്ണമായ ശാട്യത്തിനു മുന്നിൽ വഴങ്ങിപ്പോയി.
സമയമുണ്ടായിട്ടല്ല.എഞ്ചിനീയറിംഗ് കോളേജിൽ പഠിയ്ക്കുമ്പോൾ പലപ്പോഴും കൃത്യസമയത്ത് വാടകപോലും കൊടുക്കാനാവാതെ സ്വാമിയുടെ അഗ്രഹാരത്തിൽ കഴിച്ചുകൂട്ടിയ നാളുകളെക്കുറിച്ചുള്ള കടപ്പാടിന്റെ ഓർമ്മകൾ മറക്കാൻ സാധിയ്ക്കാത്തത് കാരണം.ഒപ്പം ദേവുവിന്റെ നിർബന്ധവും.
ഓർമ്മകൾ ദേവുവിലെത്തിയപ്പോൾ മൊബൈൽ കയ്യിലെടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു .
തിരക്കിനടയിൽ ഒന്ന് രണ്ടു കാര്യങ്ങൾ പറഞ്ഞേൽപ്പിയ്ക്കാൻ വിട്ടു.ഒപ്പം രാവിലത്തെ കുസൃതിത്തരങ്ങൾക്ക് മാപ്പ് കൊടുക്കാനും.കുറുമ്പ് കാട്ടി തന്നെ ശുണ്ഠി
പിടിപ്പിച്ചാലും താൻ വിളിയ്ക്കുവോളം കാത്തിരിയ്ക്കും. അല്ലാതെ അവളാദ്യം വിളിയ്ക്കില്ല.
നമ്പർ ഔട്ട്‌ ഓഫ്‌ റെഞ്ചാണ്.റീ ഡയൽ ചെയ്യാനോരുങ്ങവേ പെട്ടെന്ന് പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം.
"എക്സ്ക്യൂസ് മി ......"
"യേസ്......"
തല തിരിച്ചു നോക്കുമ്പോൾ തൊട്ടരുകിൽ കയ്യിൽ സ്വർ ണ്ണ നിറമുള്ള ബോർ ഡർ പിടിപ്പിച്ച കറുത്ത ഹാൻഡ് ബാഗുമായി, നിർ ന്നിമേഷയായി തന്നെയും നോക്കി ഏതോ ചിരകാല സുഹൃതിനോടെന്നപോലെ മധുരമായി ചിരിച്ചുകൊണ്ട് നില്ക്കുന്ന സുന്ദരിയായ ഒരു യുവതി ............
വെളുത്ത പൂക്കൾ നന്നായി എംബ്രൊയിഡറി വർക്ക് ചെയ്ത് മനോഹരമാക്കിയ പിങ്ക് കളറുള്ള ചുരിദാർ ആകർഷകമായി ധരിച്ച അവളുടെ ചന്ദന നിറമുള്ള തുടുത്ത കവിളിണകളിലൂടെ ഒഴുകിയിറങ്ങിയ മഴത്തുള്ളികൾ കീഴ്ത്താടിയിലെ കറുത്ത മറുകിൽ വഴിമുട്ടി നില്ക്കുന്നത് കൌതുകത്തോടെ ഒരു നിമിഷം നോക്കിയിരുന്നു പോയി .
പണിക്കുറ്റം തീർത്ത ശില്പഭംഗി അരണ്ട വെളിച്ചത്തിൽ മതി മറന്നാസ്വദിയ്ക്കുന്ന
ശില്പിയുടെ അത്ഭുത ഭാവത്തോടെ .
"സാർ.... ."
ഒരു ചെറു പുഞ്ചിരിയോടെ അവൾ വീണ്ടും വിളിച്ചപ്പോൾ അരുതാത്തതെന്തോ ചെയ്ത ജാള്യതയോടെ മിഴികൾ അവളുടെ മുഖത്ത് നിന്നും അടർത്തി മാറ്റി.വരണ്ട ഒരു ചിരി മുഖത്ത് വരുത്താൻ വൃഥാ ശ്രമിച്ചു.
"സാർ ...ഈ ബാഗ് ഒരുനിമിഷമൊന്നു നോക്ക്വോ ....വണ്ടി പുറ പ്പെടാൻ താമസമുണ്ടെന്നു തോന്നുന്നു. ഒരു വീക്കിലി വാങ്ങി ഉടൻ വരാം ............"
അനുവാദത്തിനു കാക്കാതെ ഏതോ സ്വാതന്ത്ര്യത്താലെന്നോണം ബാഗ് തന്നിലെയ്ക്കടുപ്പിച്ചു വെച്ച് കൊണ്ട് അവൾ മെല്ലെ തിരിഞ്ഞു നടന്നു..........ഒരിയ്ക്കൽ കൂടി തിരിഞ്ഞു നോക്കി വീണ്ടും മൃദുവായി പുഞ്ചിരിച്ചു കൊണ്ട്,ഒഴുകിയൊഴുകി .........
അവൾ നടന്നകന്നപ്പോൾ പാതിരാവിലെങ്ങോ പൂത്തുലഞ്ഞ ജാസ്മിന്റെ മദി പ്പിയ്ക്കുന്ന ഗന്ധം, ജന്നലഴികൾക്കിടയിലൂടെ അരിച്ചെത്തിയ തണുത്ത കാറ്റിനൊപ്പം കംബാർട്ടുമെന്റിലാകെ ഒഴുകി നടന്നു .
ഹൃദയത്തിനുള്ളിലേയ്ക്ക് എവിടെ നിന്നോ അടർന്നു വീണ ഒരു മഞ്ഞു കട്ട അലിഞ്ഞു പടരുന്ന സുഖദമായ അനുഭൂതി ..........
അടുത്ത നിമിഷം വല്ലാത്ത ഒരു കുറ്റബോധം മനസ്സിനെ മഥിച്ചു.
അപരിചിതയായ ഒരു പെണ്‍കുട്ടിയുടെ ഒരു നിമിഷാർദ്ധത്തെ പുറം കാഴ്ചയിൽ ഭ്രമിയ്ക്കപ്പെട്ട അപക്വമായ മനസ്സിന്റെ ചപല സഞ്ചാരത്തെ യോർത്ത് .
ഉരുക്ക് പാളങ്ങളെ ചതച്ചരയ്ക്കുന്ന ആരവങ്ങളുമായി ഒരു എക്സ്പ്രസ്സ് ട്രെയിൻ തനിയ്ക്കായി വഴിമാറി ക്കിടന്നവരെ പുച് ഛ ഭാവത്തിൽ കൂക്കി വിളിച്ച് കടന്നു പോയി.
വണ്ടി പുറപ്പെടാറായിരിയ്ക്കുന്നു.ഇനിയുമവളെത്തിയിട്ടില്ല ....
അടുത്ത നിമിഷം അകാരണമായ ഒരു ഭീതിയുടെ മഴക്കാറുകൾ അയാളുടെ മനസ്സിലേയ്ക്ക് ഇടിഞ്ഞു വീണു ...
ബാഗ് തന്നെ സൂക്ഷിയ്ക്കാനേൽപ്പിച്ച് സുരക്ഷിതയായി അവളെങ്ങോട്ടെങ്കിലും രക്ഷപെട്ടതാകുമോ ......
ആണെങ്കിൽ എന്തിന് ........ആ ചിന്ത അയാളുടെ തലച്ചോറിനുള്ളിൽ ഒരിടി മിന്നലായി ഊർന്നിറങ്ങി........അതിന്റെ അനുരണനം മനസ്സിനെ വല്ലാതെ വിഹ്വലമാക്കി .......ഒരപായ സൂചന മനസ്സിനെ ആകെ മഥിച്ച മാതിരി ............
സിഗ്നൽ കിട്ടിയ വണ്ടി ഒരു ഞരക്കത്തോടെ മുന്നോട്ടുരുണ്ടു ..................
മഴ നനഞ്ഞ ജന്നൽപ്പടികളിൽ മുഖം ചേർത്തു വെച്ച് പ്ലാറ്റ്ഫോമിന്റെ അങ്ങേത്തലയ്ക്കലേയ്ക്ക് നൊട്ടമെത്തുന്നിടത്തോളം എത്തി നോക്കി.
പരിഭ്രമത്തോടെ അവൾ ഓടി എത്തുന്നുണ്ടോ എന്നറിയാൻ .വണ്ടി സ്പീഡു എടുത്തിരിയ്ക്കുന്നു.ബുക്ക് സ്റ്റാളിനെ പിന്നിടുമ്പോൾ അതിനു മുന്നിലും അവളില്ലെന്ന തിരിച്ചറിവിൽ വല്ലാത്തൊരു ഭയം മനസ്സിനെ ഗ്രസിച്ചു.
അശുഭകരമായ എന്തോ ഒന്ന് സംഭവിയ്ക്കാൻ പോകുന്നു എന്ന മുന്നറിയിപ്പ് മനസ്സിൽ മുഴങ്ങുന്നത് പോലെ.
കംബാർട്ട്മെന്റിലെയ്ക്കു യാത്രക്കാർ എത്തിതുടങ്ങിയിരിയ്ക്കുന്നു.
എതിരെയുള്ള സീറ്റിൽ വന്നിരുന്ന മാന്യമായി വേഷം ധരിച്ച ചെറുപ്പക്കാരൻ സൌഹൃദ പൂർവ്വമേന്നോണം
ഒന്ന് ചിരിച്ചത് കണ്ടില്ലെന്നു നടിച്ചു.
മനസ്സിവിടെയല്ലായിരുന്നു.
രാവിലെ തന്നെ ഒരു ബോറന്റെ മുന്നിൽ വന്നു പെട്ടതിന്റെ സങ്കോചം അയാളുടെ മുഖത്ത് നിഴലാടി.
അവൾ, ഒരുപക്ഷെ നിയമവിരുദ്ധമായ എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെട്ടു പോലീസിന്റെ കണ്ണ് വെട്ടിച്ചു നടക്കുന്നവളാകുമോ ....പിടിയ്ക്കപ്പെടുമെന്ന എന്തെങ്കിലും സൂചന ലഭിച്ചിട്ട് തെളിവടങ്ങിയ ബാഗ്
തന്ത്ര പൂർവ്വം ഏല്പ്പിച്ചു കടന്നു കളഞാതാണെങ്കിൽ.............ആരെങ്കിലും തിരക്കി വന്നു ബാഗുമായി തന്നെ ചോദ്യം ചെയ്‌താൽ എന്ത് മറുപടി പറയും...........
അപരിചിതയായ ഒരു സ്ത്രീ തന്നെ സൂക്ഷിയ്ക്കാനേല്പിച്ചത് എന്നാ മറുപടി ആര്ക്കും അത്ര ബോദ്ധ്യ മായിക്കൊള്ളണമെന്നില്ല.
ജീവിതത്തിലാദ്യമായി കണ്ട ഒരു പെണ്ണിനോട് പേരുപോലും ചോദിയ്ക്കാൻ നില്ക്കാതെ അവളേല്പിച്ച ബാഗ് വാങ്ങി വയ്ക്കാൻ തോന്നിച്ച ആ നശിച്ച നിമിഷത്തെ മനസ്സാ ശപിച്ചു ..............
ഒരു പക്ഷെ അവൾ വീക്കിലി വാങ്ങി വന്നപ്പോൾ വണ്ടി വിട്ടു പോയതായിക്കൂടെന്നില്ല. അങ്ങിനെയാണെങ്കിൽ തന്നെ പ്ലാറ്റ് ഫോമിലെവിടെയെങ്കിലും നിന്ന് അവൾ ബാഗ് ആവശ്യപ്പെടെണ്ടാതല്ലേ ...........
അനാവശ്യ ചിന്തകൾ മനസ്സിൽ കെട്ടുപിണയുകയാണ്.ഉള്ളിലെരിയുന്ന ഭീതിയകറ്റാൻ മന:പൂർവ്വം കണ്ടെത്തുന്ന ന്യായീകരണങ്ങൾ പോലും ദുർബ്ബലമാകുന്നു.
തീവണ്ടിയുടെ ദ്രുത ചലനങ്ങൾക്കൊപ്പം കംബാർട്ട്മെന്റിന്റെ അങ്ങേ തലയ്ക്കൽ നിന്നെങ്ങോ ഏതോ പഴയ ഹിന്ദി ഗാനത്തിന്റെ നേർത്ത ശബ്ദം അടുത്തടുത്തു വരുന്നു. വികലമായ കൈത്താളത്തിന്റെ അകമ്പടിയോടെ.
വെറ്റിലക്കറ പുരണ്ട ചുണ്ടുകൾക്കിടയിലൂടെ പുറത്തേയ്ക്ക് തെറിയ്ക്കുന്ന തുപ്പൽ തുള്ളികൾക്കൊപ്പം ശ്രുതി ബോധമില്ലാതെ ഇടയ്ക്കിടെ മുറിയുന്ന അസ്പഷ്ട വരികളുമായി ചെമ്പിച്ച മുടിയുള്ള ഒരു നാടോടിപ്പെണ്ണ്.
ക്ലാവ് പുരണ്ട ചെമ്പ് വളയണിഞ്ഞ മെല്ലിച്ച കൈ നീട്ടിയപ്പോൾ കയ്യിൽ തടഞ്ഞ നാണയതുട്ടുകൾ ഇട്ടു കൊടുത്തു .
പുതിയ ഒരു ഗാനവുമായി അവൾ അടുത്ത കംബാർട്ടുമെന്റ് ലക്ഷ്യമാക്കി നീങ്ങുന്നതും നോക്കിയിരിയ്ക്കവേ, പെട്ടെന്ന് ഒരു ഭക്തിഗാനത്തിന്റെ ഈരടികളുമായി മൊബൈൽ ഫോണിന്റെ മുരൾച്ച .
എതിരെയിരിയ്ക്കുന്ന ചെറുപ്പക്കാരന്റെതായിരിയ്ക്കുമെന്നു കരുതി നോക്കുമ്പോൾ അയാളുടെ മുഖത്ത് ഭാവഭേദമൊന്നുമില്ല.
പെട്ടെന്ന് ശ്രദ്ധിച്ചു . എല്ലാവരുടെയും ശ്രദ്ധ തന്റെയടുത്തിരിയ്ക്കുന്ന ബാഗിലാണ് .ബാഗിനുള്ളിൽ അവളുടെ ഫോണാണ് റിംഗ് ചെയ്യുന്നത്.
ഒരുനിമിഷം അമ്പരന്നു പോയി.എന്ത് ചെയ്യും..........ആരാവും വിളിയ്ക്കുന്നത് ...........
അറ്റന്റു ചെയ്‌താൽ താനാരാണെന്ന് ചോദിച്ചാൽ എന്ത് മറുപടി പറയും......
ബാഗിന്റെ ഉടമസ്ഥയെക്കുറിച്ചു തിരക്കിയാൽ അവളെവിടെ പോയെന്നു പറയും .....അറിയില്ല എന്നതാണ് സത്യം.പക്ഷെ കേൾക്കുന്നവർ അത് അതെ അർത്ഥത്തിൽ ഉൾക്കൊണ്ടു കൊള്ളണമെന്നില്ല.
അവളുമായി ഒരു ബന്ധവുമില്ലാത്ത തന്റെ കയ്യിലെങ്ങിനെ അവളുടെ ഫോണെത്തി .......
എടുക്കാതിരിയ്ക്കുന്നതാണ് ഭംഗി .........പക്ഷെ യാത്രക്കാർ ശ്രദ്ധിചു തുടങ്ങിയിരിയ്ക്കുന്നു.അവരുടെ കണ്ണുകളിൽ ഏതോ സംശയഭാവം.
അത് കൂടുതൽ സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും വഴിവയ്ക്കും .............
എന്തും നേരിടാനുള്ള കരുത്തു മനസ്സിലേയ്ക്ക് ആവാഹിച്ച് രണ്ടും കല്പിച്ചു ബാഗ് തുറന്ന്, ഫോണ്‍ കയ്യിലെടുത്ത് റിസീവ് ബട്ടണിൽ വിരലമർത്തി, നെഞ്ചിടിപ്പോടെ മറുതലയ്ക്കൽ നിന്നുള്ള ശബ്ദത്തിനായി കാതോർത്തു ..............
(തുടരും.............)

മേഘ ജാലകം തുറക്കുന്ന പക്ഷി...........(നോവലെറ്റ് )

ഒന്ന്

പാർക്കിംഗ് ഗ്രൌണ്ടിന്റെ കോണിൽ പെരുമഴയിൽ നനഞ്ഞൊട്ടി നില്ക്കുന്ന വാകമര ചുവട്ടിലെ അരണ്ട വെളിച്ചത്തിൽ കാറൊതുക്കി, പുറത്തെ ചാറ്റൽ മഴയിലൂടെ ടിക്കറ്റ് കൌണ്ടറിനു മുന്നിലേയ്ക്ക് ഓടിക്കയറുമ്പോൾ, താഴെ വണ്ടി പുറപ്പെടുന്നതറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്മെന്റ് .
വീട്ടില് നിന്നിറങ്ങിയപ്പോഴേ വിളിച്ചു പറഞ്ഞു വെച്ചിരുന്നതിനാൽ പരിചയക്കാരനായ സ്റ്റേഷൻ മാസ്റ്റർ കൃഷ്ണേട്ടൻ കൌണ്ടറിനു മുന്നിലെത്തിയപ്പോഴേ ടിക്കറ്റെടുത്ത് നീട്ടി.റിലെ ബാറ്റണ്‍ കൈമാറി വാങ്ങുന്ന കൈയ്യടക്കത്തോടെ ടിക്കറ്റ് പിടിച്ചുവാങ്ങി, കാറിന്റെ കീയും, ടിക്കറ്റ് ചാര്ജ്ജും തിരികെ ഏല്പിച്ചു പ്ലാറ്റ്ഫോമിലെയ്ക്ക് ഓടിയിറങ്ങുന്നതിനോപ്പം തിരിഞ്ഞു നോക്കാതെ വിളിച്ചു പറഞ്ഞു .......
"കൃഷ്ണേട്ടാ....ദേവു എത്തി കീ വാങ്ങിക്കോളും........ഞാൻ വണ്ടിയിൽ കയറിയിട്ട് വിളിയ്ക്കാം ........"
പടവുകളിറങ്ങി പ്ലാറ്റ്ഫോമിലെത്തുമ്പോൾ വണ്ടി നിരങ്ങി നീങ്ങിതുടങ്ങിയിരുന്നു .രണ്ടാമതോന്നാലോചിയ്ക്കുവാൻ നിൽക്കാതെ നേരെ മുന്നിലേയ്ക്കിഴഞ്ഞെത്തിയ ബോഗിയിൽ ചാടിക്കയറുമ്പോൾ ചാറ്റൽ മഴയിലെ വഴുക്കലിൽ കാല് ചെറുതായോന്നിടറി .....ഉള്ളിൽ കടന്നപ്പോഴെയ്ക്കും ട്രെയിൻ പൂർണ്ണ വേഗം തേടിയിരുന്നു.
പുലർച്ച വണ്ടി ആയതിനാലാവണം കമ്പാർട്ട്മെന്റുകൾ കാലിയായിരുന്നു.
ചാറ്റൽ മഴയിൽ നനഞ്ഞെത്തിയ കാറ്റ് കവിളിലെ ഈർപ്പം നുണയുന്നതിന്റെ സുഖം. സൈഡ് മിററിൽ മുഖം നോക്കി, മഴത്തുള്ളികൾ കൈത്തലമമർത്തി തുടയ്ക്കുമ്പോൾ,വണ്ടി മിസ്സാവാതിരിയ്ക്കാൻ വേണ്ടി വെളുപ്പിന് മുതൽ കാട്ടിക്കൂട്ടെണ്ടിവന്ന തത്രപ്പാടുകളെ ചൊല്ലി മനസ്സിൽ നേരിയ നീരസം
നുരഞ്ഞു.......ദേവുവിനോട്...........
വെളുപ്പിന് അഞ്ചരയ്ക്കുള്ള വണ്ടിയ്ക്കു പോകാൻ നാലുമണിയ്ക്കു മൊബൈലിൽ അലാറം സെറ്റ് ചെയ്യണമെന്ന് രാത്രിയിൽതന്നെ അവളെ വിളിച്ചു പറഞ്ഞേൽപ്പിച്ചാണ് ഡ്രസ്സ്‌ അയണ്‍ ചെയ്യാൻ പോയത് .
ആൻസർ പേപ്പറിനുള്ളിൽ മുഖം പൂഴ്ത്തി , പേന കൊണ്ട് തലയും മാന്തിയിരുന്ന അവളതു കേട്ടപ്പോഴേ മുൻ‌കൂർ ജാമ്യമെന്നോണം വിളിച്ചു പറഞ്ഞു ..
"പ്ലീസ് ..ഒന്ന് സെറ്റ് ചെയ്തു വച്ചിട്ട് പോ ബാലൂ.........ഞാൻ മറക്കും ........."
പറഞ്ഞത് പോലെ തന്നെ അവൾ മറന്നു.രാത്രിയിലെപ്പോഴോ അവൾ വന്നു കിടന്നതറിയിച്ചുകൊണ്ട് തന്നെ ചുറ്റിപ്പിടിച്ചതറിഞ്ഞിട്ടും,ഒരിയ്ക്കൽ കൂടി ഓർമ്മിപ്പിയ്ക്കുവാൻ താനും വിട്ടു.
പുലര്ച്ചെ എങ്ങിനെയോ ഉറക്കം മുറിഞ്ഞ്, ഞെട്ടിയുണർന്നു ക്ലോക്കിൽ നോക്കുമ്പോൾ സമയം നാലേമുക്കാൽ.നേരം വൈകിയതിന്റെ അരിശവും പേറി ബെഡിലേയ്ക്ക് തിരിഞ്ഞപ്പോൾ, പുതപ്പിനടിയിലെ നനുത്ത ചൂടിലേയ്ക്ക് ഒന്നുകൂടി ചുരുണ്ടുകയറുന്ന ദേവു....തികട്ടി വന്ന അരിശം അടക്കാനായില്ല.
കളിയും, കാര്യവും കലർത്തി തുടിച്ചു നില്ക്കുന്ന പിൻഭാഗം നോക്കി ഒരടി വെച്ചുകൊടുത്തപ്പോൾ, ഉറക്കച്ചടവോടെ അവൾ ഞെട്ടിയുണർന്നു.എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം തന്നെ തുറിച്ച്br/> നോക്കിയിരുന്ന ശേഷം, തന്റെ മുഖത്തെ ഭാവപ്പകർച്ച കണ്ടിട്ടാവാം, കുട്ടികളുടെ മാതിരി കുറ്റബോധത്തോ ടെ ചൂളി നിന്നു ...........അത് കണ്ടപ്പോൾ പിന്നെയൊന്നും പറയാൻ തോന്നിയില്ല ..........
'സോറി ബാലു ,അലാറം വയ്ക്കാൻ മറന്നു ..........."
"എടീ പോത്തെ. ഇത്ര ചെറിയ ഒരു കാര്യം പോലും ഓർമ്മിച്ചു വയ്ക്കാൻ പറ്റാത്ത നിന്നെയൊക്കെ ആര് പിടിച്ചു റ്റീച്ചറാക്കി ...............പാവം കുട്ടികളുടെ മുജ്ജന്മ പാപം .............."
"അത്രയ്ക്കങ്ങ് കളിയാക്കേണ്ട .......ഒന്നോർത്തു വെച്ച് വല്ലപ്പോഴുമൊക്കെയോന്നു നേരത്തെ എണീയ്ക്കാൻ പോലുമറിയാത്ത സാറിനെയൊക്കെ ആര് എഞ്ചിനീയറാക്കി......."
അല്ലെങ്കിൽ തന്നെ കലി കാട്ടിനിന്ന തന്നിൽ നിന്ന് അതിനുള്ള മറുപടി എന്തുമാകാമെന്നറിയാവുന്ന അവൾ
അത് പറഞ്ഞത് ഒരടി ദൂരെ മാറി നിന്നാണ് .
കുരുത്തക്കേട്‌ കാണിച്ചിട്ട് വെളുപ്പാൻ കാലത്ത് നിന്ന് തർക്കുത്തരം പറയുന്നോ എന്ന് ചോദിച്ചുംകൊണ്ട് കൈയ്യിൽ കിട്ടിയ തലയണ എടുത്തു ഊക്കോടെ ഒരേറു കൊടുത്തു .അത് പ്രതീക്ഷിച്ചിട്ടെന്ന പോലെ ഒഴിഞ്ഞുമാറി മുഖം കോട്ടി കോക്രി കാട്ടി അവൾ അടുക്കളയിലേയ്ക്കോടി .....
പുറപ്പെടാനുള്ള തിരക്കിനിടയിൽ മറന്നു പോയ ഒരു പൊട്ടിച്ചിരി നേർത്ത മന്ദഹാസമായി അയാളുടെ ചുണ്ടിലേയ്ക്ക് അരിച്ചെത്തി ........
മൂടികെട്ടി നിന്ന മനസ്സിന്റെ പിരിമുറുക്കം,അതിലലിഞ്ഞു പോയി ...........
വണ്ടി ഏതോ സ്റ്റേഷനിലെയ്ക്കടുത്തെന്നു തോന്നുന്നു ..............നിർത്തുന്നതിനായി വേഗത കുറയുന്നു .......
പുറത്ത് ചാറ്റൽ മഴയ്ക്ക്‌ കനം വച്ചിരിയ്ക്കുന്നു .......മഴ മുറുകുകയാണ് ..............
തിരക്കായി തുടങ്ങും മുൻപ് എവിടെയെങ്കിലും ഇരിയ്ക്കുന്നതിനായി വാതിൽക്കൽ നിന്നും, അകത്തേയ്ക്ക് മെല്ലെ നടന്നു .........
(തുടരും .......)

പ്രേംകുമാര്‍ കുമാരമംഗലം

2013 ഒക്‌ടോബർ 23, ബുധനാഴ്‌ച

കുടജാദ്രിയിലെ കുങ്കുമം ..............

മൂകമാമെന്മനസ്സിൽ നീ, അക്ഷര കച്ഛപീ
വീണാനിസ്വനമായൊഴുകേണമംബികേ,
നിത്യാരണ്യ വാസിനീ , നിത്യ താരുണ്യെ
നൃത്തവിലോല സോപാന സൌപർണ്ണികേ
എത്തണമെൻ മനസ്സിൽ നിത്യവും നീയക്ഷര
നൃത്തമാടി അക്ഷത സൗരഭവാഹിനീ
ചിന്മയ മന്ദഹാസ മഴയായ് പൊഴിയുക നീ
യെന്മാനസ കല്മഷ മെല്ലാമൊഴിയുവാൻ,
ഗുരുത്വമാ മക്ഷരത്രയ ത്രിമധുരം വിളമ്പി
നാവിൽ , നിറശംഖ് ചൊരിയും തീർത്ഥമായി.
നാദ വിപഞ്ചികാ തീർത്ഥമായോഴുകൂ നീയെൻ
പാഴ്ശ്രുതി പടരുമീ കണ്‌ഠ തടങ്ങളിൽ
കതിരവൻ പൃഥി തൻ നെറുകയിൽ ചൂടിച്ച
പരകോടി കുങ്കുമ സൌന്ദര്യ വാഹിനീ .
ഇനിയൊരു ജന്മമുണ്ടെങ്കിൽ അന്നുമാ
പദനിസ്വനം കാതോർത്ത് ഞാൻ മുന്നിൽ നടക്കാം
ഉള്ളിന്റെയുള്ളിലായ്‌ നീ കുടിയേറും നാളോളം
ഒരു വട്ടം പോലും പിന്നോട്ട് നോക്കാതെ.
അതിനായ് തരുമോ ഇനിയൊരക്ഷര ജന്മം
നിൻ തിരുവുടൽ പുൽകുമൊരനവദ്യ സുകൃതമായ്
ഒരു നുള്ള് കുങ്കുമം നെറുകയിൽ വിതറുമോ
മൊഴിയറ്റ നാവിൽ നാദം വിടരുവാൻ.
പ്രേംകുമാര്‍ കുമാരമംഗലം .

2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ഓണപ്പുടവ .............

ജന്നലഴികൾക്കിടയിലൂടെ മുറ്റത്തെ ചരൽ കല്ലുകൾക്ക് മേലേയ്ക്കു പെയ്തിറങ്ങുന്ന വെയിൽ
തുള്ളികളിൽ മിഴികൾ പൂഴ്ത്തി ഏറെ നേരമിരിയ്ക്കവേ കണ്ണുകൾ വല്ലാതെ വേദനിയ്ക്കുന്നതുപോലെ.
ഇരുൾ പടർന്ന മിഴികൾ ആയാസത്തോടെ പറിച്ചെടുത്ത്‌ ഇടവഴിയുടെ അങ്ങേതതലയ്ക്കലെയ്ക്ക് നോട്ടമെത്തുന്നിടത്തോളം പാളി നോക്കി.ഉള്ളിൽ പിന്നെയും നുരയിട്ട പ്രതീക്ഷയുമായി.വെറുതെയാവുമെന്ന മനസ്സിന്റെ ഓർമ്മപ്പെടുത്തൽ തിരിച്ചറിഞ്ഞു കൊണ്ടുതന്നെ.
പെരുമരച്ചില്ലയിൽ നിന്നും ഊര്ന്നിറങ്ങിയ നിഴൽ പടര്ന്ന ഇടവഴി അപ്പോഴും ശൂന്യമായി തന്നെ കിടന്നു.തന്റെ മാതിരി ആരുടെയോ കാല്പ്പെരുമാറ്റത്തിൽ പിടഞ്ഞുണരാൻ കൊതിച്ചിട്ടെന്നപോലെ.
എത്ര സമയമായിരിയ്ക്കുന്നു ഒരേ ഇരിപ്പ് തുടങ്ങിയിട്ട് ....ദേഹമാകെ വേദനിയ്ക്കുന്ന പോലെ .....
ചുമരിൽ ചലനമറ്റു കിടന്നിരുന്ന ഘടികാരത്തിന്റെ നാവ് പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ,പിടഞ്ഞുണർ ന്ന് മുരടനക്കി പിന്നെയും മൌനം പൂണ്ടു.
സമയമറിയിയുക്കുവാനെന്നോണം..........എണ്ണി നോക്കാൻ നിന്നില്ല.
അയൽ വീടുകളിൽ ആരവങ്ങളുയർന്നു തുടങ്ങിയിരിയ്ക്കുന്നു. പലയിടങ്ങളിലായി ചേക്കേറിയിരുന്ന മക്കളും,മരുമക്കളുമൊക്കെ ഓണമാഘോഷിയ്ക്കാൻ തറവാടുകളിലെയ്ക്ക് എത്തിച്ചേരുന്നതിന്റെ ആഹ്ലാദാരവങ്ങൾ, പൊട്ടിച്ചി രി കളായി പുറത്തെയ്ക്കൊഴുകിയെത്തുന്നു.
പുത്തനുടുപ്പുകൾ കിട്ടിയതിന്റെ സന്തോഷത്തോടെ തൊടിയിലും, മുറ്റത്തും കളിച്ചു തിമിർക്കുന്ന കുട്ടികളുടെ കലപിലശബ്ദം കാതിലേയ്ക്ക് ഇരച്ചെത്തിയപ്പൊൾ, മനസ്സിലാകെ ഒരു വല്ലായ്മ പടർന്നു.പേരറിയാത്ത ഏതോ നൊമ്പരം ആകെ മ്ലാനത പടർത്തിയപോലെ.
മങ്ങിത്തുടങ്ങിയ ഓർമ്മകളുടെ അങ്ങേത്തലയ്ക്കലെവിടെയോ ഒരു പൂവിളിയുടെ നേർത്ത അലകൾ ഒഴുകി മായുന്ന തോന്നൽ.
നഷ്ടബോധത്താൽ വിങ്ങുന്ന ഓർമ്മകളിലെയ്ക്ക് വഴുതി വീഴാൻ വെമ്പിയ മനസ്സിനെ പണിപ്പെട്ടോതുക്കി.അറിയാതെ നെഞ്ചകം വിതുമ്പിപ്പോയി ...............ആകെ തനിച്ചായി പോയ മാതിരി .............
ഇനിയീ പ്രായത്തിൽ ആഘോഷങ്ങൾ പകരുന്ന ലഹരിയിൽ മനസ്സ് ഭ്രമിച്ചിട്ടല്ല.ജീവിതത്തിന്റെ ഈ സന്ധ്യയിൽ ആകെ ഒറ്റപ്പെട്ടുപോയി എന്ന സത്യത്തെ ഉൾക്കൊള്ളാൻ മനസ്സിനെ നിരന്തരം പരിശീലിപ്പിയ്ക്കുമ്പോളും,അടർത്തി മാറ്റാനാവാത്ത ബന്ധങ്ങളെ നെഞ്ചോട് ചേർത്ത് നിർത്തി വാത്സല്യത്തോടെ ആശ്ലേഷിയ്ക്കുവാൻ കൊതിച്ചു പോകുന്നു, പിന്നെയും.അകലുന്തോറും, വല്ലാത്തൊരു തീവ്രതയോടെ വീണ്ടും വീണ്ടും കരളിലെയ്ക്ക് വലിച്ചടുപ്പിയ്ക്കുന്ന രക്തബന്ധത്തിന്റെ ശക്തി.
ഒരളവുവരെ, ഏക മകന്റെ നേർക്കുള്ള തന്റെ അമിതവാത്സല്യത്തിന്റെയും, സ്വാർത്ഥതയുടെയും ഇരയാവുകയല്ലേ തന്റെ മനസ്സ്. ഒരു പക്ഷെ, അവൻ തനിയ്ക്ക് എത്തിപ്പിടിയ്ക്കാനാവാത്ത വിധം ഒരുപാട് ദൂരേയ്ക്ക് അകന്നു പോകുന്നു എന്ന ചിന്ത പകരുന്ന അസ്വസ്ഥതയുടെ ഇര ...........
പറക്കമുറ്റിക്കഴിഞ്ഞാൽ ആരും, അവനവന്റെ വഴി തേടി പറന്നകലുമെന്ന സാമാന്യ തത്വംപോലും അംഗീകരിയ്ക്കാൻ വിമുഖത കാട്ടുമ്പോളും രക്ത ബന്ധങ്ങളുടെ കേവലമായ സ്വാർഥത്ഥതയ്ക്ക് അതിനെ പിന്നാക്കം വലിയ്ക്കാൻ മാത്രം ശക്തിയില്ല എന്നതല്ലേ വാസ്തവം .........
വിദേശത്ത് ഉയർന്ന ഉദ്യോഗം തേടി പോകാനൊരുങ്ങി നിന്ന മകന്റെ കണ്ണുകളിലേയ്ക്ക് ആധിയോടെ നോക്കി അവന്റെ സ്വപ്നങ്ങൾക്ക് തടയിടും വിധം തന്റെ വിലാപങ്ങൾ വളർന്നപ്പോൾ രവിയെട്ടൻ തന്നെ ഓർമ്മപ്പെടുത്തി ...
"നോക്കൂ അശ്വതി,ഒരു പരിധിയ്ക്കപ്പുറം അവനെ നമ്മൾ തടഞ്ഞു നിർത്തുന്നതിൽ അർത്ഥമില്ല.
അവനെ പിരിയുകയെന്നത് നമ്മുടെ സ്വകാര്യ ദു:ഖമാവും.പക്ഷെ ആ സെന്റിമെൻസിന്റെ പേരിൽ നമ്മൾ അവനെ ഇവിടെ തടഞ്ഞു നിർത്തുമ്പോൾ, നാളെ അവന്റെ കണ്ണിൽ സ്വന്തം ഭാവി നശിപ്പിച്ച അച്ഛനമ്മമാരുടെ വെറുക്കപ്പെട്ട മുഖങ്ങളാവും നമ്മൾ.അത് പാടില്ല ...............അവൻ പോകട്ടെടോ .............തനിയ്ക്ക് ഞാനില്ലേ .........."
പക്ഷെ, ഉള്ളിലെ വിങ്ങലൊതുക്കി തനിയ്ക്ക് ധൈര്യം പകർന്ന രവിയെട്ടനും തന്നോട് ആ വാക്ക് പാലിയ്ക്കുവാൻ കഴിഞ്ഞോ ..............
ഒരു യാത്ര പറയുവാൻ പോലും നില്ക്കാതെ സ്വാന്ത്വനത്തിന്റെ ആ തണൽ മരം കൂടി തന്നെ വിട്ടു പോയപ്പോൾ
ഇരുട്ട് കട്ട പിടിച്ച ഈ വലിയ വീട്ടിലെ തടവറയിൽ എല്ലാ അർത്ഥത്തിലും താനോറ്റപ്പെടുകയായിരുന്നു.പലപ്പോഴും മനസ്സിനെ ഉന്മാദത്തിന്റെ വക്കോളമെത്തിയ്ക്കുന്ന ഭീതിദമായ ഏകാന്തതയുടെ, മരണം മണക്കുന്ന ചു വരുകൾക്കിടയിൽ ........
ചിന്തകൾ രവിയെട്ടനിലെത്തിയപ്പോൾ അറിയാതെ വിതുമ്പിപ്പോയി .........ആകെ അസ്വസ്ഥമായ മനസ്സിൽ, അതുവരെ തടയിട്ട് നിർത്തിയ നൊമ്പരമോന്നാകെ നിയന്ത്രണത്തിന്റെ ചിറയറ്റ് തുളുമ്പിപ്പോയി .........
ഏറെ നേരമെടുത്തു മനസ്സ് സ്വസ്ഥമാവാൻ .......ശരീരമാകെ തളരുന്നത് പോലെ .......കവിളിലേയ്ക്കു ഒഴുകിയിറങ്ങിയ കണ്ണീര് മുണ്ടിന്റെ കോന്തലയാൽ അമർത്തി തുടച്ചു....
മകൻ, പലവട്ടം നിർബന്ധിച്ചു ഈ ഏകാന്ത വാസം അവസാനിപ്പിച്ച് അവനോടോപ്പം ചെല്ലാൻ .അപ്പോഴൊക്കെ വല്ലാത്ത ഒരു വാശിയോടെ താനത് നിഷേധിച്ചു .തനിയ്ക്കതിനു കഴിയില്ലായിരുന്നു എന്നതാണ് സത്യം.പലപ്പോഴും നൊമ്പരങ്ങൾ മാത്രം സമ്മാനിയ്ക്കുന്നതാണെങ്കിൽ കൂടി, ഓർമ്മകളുടെ ഈ തുരുത്ത് വിട്ട് മറ്റൊരിടത്തെയ്ക്കും ചേക്കേറാൻ തനിയ്ക്കാവില്ല ...........
തെക്കിനിയുടെ ജന്നലഴികൾക്കിടയിലൂടെ, തനിച്ചാക്കിപ്പോയതിന്റെ പരിഭവമൊന്നാകെ പറഞ്ഞു നില്ക്കുന്ന തന്റെ കവിളുകളെ തഴുകിയെത്തുന്ന ചാർമിനാർ സിഗരറ്റിന്റെ മണമുള്ള സ്വാന്ത്വനത്തിന്റെ ആ കാറ്റ് കടന്നെത്തുന്ന ദൂരത്തിനപ്പുറം തനിയ്ക്ക് പോകാനാവില്ല ...............ഒരിടത്തെയ്ക്കും
അല്ലെങ്കിൽ തന്നെ പേരറിയാത്ത ഏതോ നാട്ടിലെ കോണ്‍ക്രീറ്റ് സൗധത്തിനുള്ളിലെ അടച്ചിട്ട മുറിയ്ക്കുള്ളിൽ ഒറ്റപ്പെടുന്നതിലും ഭേദമല്ലേ,അസുഖകരമായ ഓർമ്മകളുടെ കടവാവലുകൾ നിരന്തരം അലോസരപ്പെടുത്തുന്നതെങ്കിലും, ഈ ഇരുണ്ട മുറിയ്ക്കുള്ളിലെ ഒറ്റപ്പെടൽ ...........
ഇളക്കമില്ലാത്ത തന്റെ നിശ്ചയ ദാർഡയത്തിനുമുന്നിൽ ഒടുവിൽ മകനും, മരുമകളും പരാജയം സമ്മതിച്ചു.
പേരക്കുട്ടിയുണ്ടായി എന്നറിഞ്ഞപ്പോൾ മുതൽ അവനെ ഒന്ന് കാണണമെന്ന ആഗ്രഹം പലവട്ടം ആവർത്തിച്ചപ്പോൾ,അവൻ ഉറപ്പു തന്നതാണ്........
"ഇത്തവണത്തെ ഓണം അമ്മയോടൊപ്പം .........."
പലവുരു തുടർന്ന വെറും വാക്കിന്റെ ആവർത്തനമാവും ഇക്കുറിയും ഉണ്ടാവുക എന്ന് മനസ്സ് ഓർമ്മപ്പെടുത്തിയിട്ടും എന്തോ, ഇത്തവണ തീർച്ചയായും അവൻ വരും എന്ന് ഉള്ളിലിരുന്നാരോ പറയുന്നത് പോലെ ........ആ ഉറപ്പ്‌ പകർന്ന ആഹ്ലാദത്തിൽ ഹൃദയം വല്ലാതെ തുടിച്ചു പോയി ...........
എന്നിട്ടോ.........?
അകത്തെ മുറിയിൽ ഫോണ്‍ നിർത്താതെ മുഴങ്ങുന്നത് കേട്ടപ്പോൾ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു .ഒരു നിമിഷം എന്തൊക്കെയോ അശുഭ ചിന്തകൾ മനസ്സിലെയ്ക്കിരച്ചെത്തി .അരുതാത്ത ആ ചിന്തകൾ തളർത്തിയ കാലടികൾ ആയാസത്തോടെ വലിച്ചുവെച്ച്, വിറപൂണ്ട കൈകളോടെ ഫോണെടുത്ത് കാതോടു ചേർത്തു.
"അമ്മേ ..........."
അമ്മേ എന്നുള്ള ആ വിളിയിൽ മനസ്സാകെ തുടിച്ചു പോയി ...........
തൊട്ടടുത്ത്‌ നിന്ന് തന്റെ കവിളിൽ അമർത്തി ചുംബിച്ചും കൊണ്ട് വിളിയ്ക്കുംപോലെ .........മറുതലയ്ക്കൽ മകന്റെ ശബ്ദം കേട്ടതും അതുവരെ ഉള്ളിലാകെ പടര്ന്നിരുന്ന ആകുലതകൾ ഒഴിഞ്ഞ മനസ്സിലേയ്ക്ക് ആശ്വാസത്തിന്റെ കുളിർ മഴ പെയ്തിറങ്ങി.............
"സോറി അമ്മേ ..............ഞങ്ങൾക്ക്‌ ഉച്ചയ്ക്ക് അവിടെയെത്താൻ കഴിയില്ല. കൊച്ചിയിൽ ഇറങ്ങേണ്ടിയ ഫ്ലൈറ്റ് തിരുവനന്തപുരത്താണിറങ്ങിയത് ...ഇനിയെത്ര ശ്രമിച്ചാലും ഉച്ചയൂണിന് അവിടെ എത്താനാവില്ല.അതുകൊണ്ട് ഞങ്ങൾ ഇന്ന് അനുവിന്റെ വീട്ടിൽ നിന്നിട്ട് നാളെ രാവിലെ അവിടെത്താം..............."
അവൻ പിന്നെയും എന്തൊക്കെയോ പറഞ്ഞത്, ഒന്നും കേട്ടില്ല ...........മനസ്സാകെ ഇടിഞ്ഞമാതിരി നിശ്ശബ്ദയായി നിന്നുപോയി .......ഒന്നും പറയാനാവാതെ ...........
"ഹാപ്പി ഓണം ഗ്രാന്റ് മാ ................"
പേരക്കുട്ടിയുടെ അസ്പഷ്ടമായ ശബ്ദം കാതിലേയ്ക്കെത്തിയപ്പോൾ തേങ്ങിപ്പോയി,.... . ഉള്ളിളിരമ്പിയ സന്തോഷത്താൽ തൊണ്ടയിൽ വാക്കുകൾ കുടുങ്ങിയ മാതിരി ഒരു നിമിഷം ഒന്നും മിണ്ടാനാവാതെ നിന്ന് പോയി.
പിന്നെയും കൊഞ്ചലോടെ അവൻ എന്തോ ചോദിച്ചതിന് ഇടറിയ സ്വരത്തിൽ മറുപടി പറഞ്ഞൊപ്പിച്ച് ഫോണ്‍ വെച്ചു.
ഉള്ളിലമർത്തിയ സങ്കടമൊന്നാകെ അണപൊട്ടിയോഴുകിപ്പോയി..............കാഴ്ച മങ്ങിയ മിഴികളുമായി ചുമരിലെ ചിത്രത്തിലേയ്ക്കു നോക്കി,നൊമ്പരത്തോടെ .............
"രവിയേട്ടാ .............നമ്മുടെ മോൻ പിന്നെയും, നമ്മിൽ നിന്നും അകന്നു പോയല്ലോ .............."
മനസ്സിലാകെ നിറഞ്ഞുനിന്ന വ്യഥയിൽ തളർന്നു പോയ ശരീരത്തിന്റെ ഭാരമാകെ കട്ടിലിലേലെയ്ക്കിറക്കി വെച്ച് മിഴികൾ ഇറുകെ ചേർത്തടച്ചു.എല്ലാം മറക്കുവാനെന്നോണം ...........
കതകിൽ ആരോ തുടർച്ചയായി മുട്ടുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത് ...........ക്ഷീണം കാരണം കട്ടിലിൽ കിടന്നത് മാത്രം ഓർമ്മയുണ്ട് .മയങ്ങിപ്പോയതറിഞ്ഞില്ല ...........
തിടുക്കത്തിൽ എഴുന്നേല്ക്കാൻ ശ്രമിച്ചപ്പോൾ തല കറങ്ങുന്നത് പോലെ തോന്നി ..........അപ്പോഴാണോർമ്മ വന്നത് ഊണ് കഴിയ്ക്കുവാൻ താൻ മറന്നു ..............
ചുമരിൽ കൈയ്യമർത്തി മേല്ലെ നടന്ന് തിണ്ണയിലെക്കിറങ്ങി ,വാതിൽ പാതി തുറന്ന് മുറ്റത്തേയ്ക്ക് നോക്കിയപ്പോൾ വെയിൽ ചാഞ്ഞ മുറ്റം ശൂന്യം ...........
തനിയ്ക്ക് തോന്നിയതാവുമോ ...........ആ ചിന്തയോടെ വാതിലടച്ച്‌ തിരികെ നടക്കാൻ മുതിരവേ,മുറ്റത്തിന്റെ കോണിൽ നിന്നും പരിചിതമല്ലാത്ത ഒരു ശബ്ദം കേട്ടു .............
"വല്യമ്പ്രാട്ട്യേ ഇത് ഞാനാ, സതീശൻ ............മയിലൻ മൂപ്പന്റെ ക്ടാത്തൻ .........."
ശബ്ദം കേട്ട ഭാഗത്തേയ്ക്ക് അവർ പാളി നോക്കി ........മുറ്റത്തിന്റെ കോണിൽ തന്നിൽ നിന്നും ഒരകലം കാത്തുകൊണ്ട് തന്റെ മുഖത്തെ ഭാവമെന്താകുമെന്ന ആശങ്ക പകര്ന്ന സങ്കോചത്തോടെ ചൂളി നിന്ന ചെറുപ്പക്കാരന്റെ മുഖത്തേയ്ക്ക് അത്ഭുതതോടെ നോക്കി നിന്ന് പോയി ...........
തറവാട്ടിലെ കുടിയാനായിരുന്ന മയിലന്റെ നിഴൽ പറ്റി,മൂക്കിളയൊലിപ്പിച്ച് നടന്നിരുന്ന കറുത്ത് മെല്ലിച്ച ചെക്കൻ ........അവനെത്ര വളര്ന്നിരിയ്ക്കുന്നു .............മകന്റെ അതെ പ്രായമാണ് ...........
ഗൾഫിൽ പണി ചെയ്യുന്ന അവൻ ഓണത്തിന് വന്നിട്ടുണ്ട് എന്ന് അടി ച്ചുതളിക്കാരി പറഞ്ഞപ്പോൾ, തന്റെ മകനെ ക്കുറിച്ച് താനോർത്തുപോയി .ആർക്കുമില്ലാത്തത്ര തിരക്കാണോ അവനു മാത്രം .............
തന്റെ മൗനം തുടരുന്നതിലെ ഉത്ക്കണ്ടയോടെ, അതിലുപരി അരുതാത്തതെന്തോ ചെയ്യുന്നതിന്റെ ആശങ്ക പകർന്ന മുഖഭാവത്തോടെ, മെല്ലെ മുന്നോട്ട് നടന്ന് കൈയ്യിൽ കരുതിയിരുന്ന ഒരു കടലാസ്സു പൊതി അവൻ തിണ്ണയുടെ അരുകിലായി വെച്ച് ഭവ്യതയോടെ തെല്ലോഴിഞ്ഞു നിന്നു ..............
അവന്റെ ചലനങ്ങളിൽ പഴയ കാലത്തെ ആചാരങ്ങളുടെ അവശിഷ്ടം കണ്ട അവരുടെ ഉള്ളിൽ നിറഞ്ഞു നിന്ന കൌതുകത്തിനിടയിലും ഒരു ചിരി പൊട്ടി ..........
"നീയെന്തിനാ അവിടെ നില്ക്കുന്നത് ..............കയരിയിരിയ്ക്ക് ........."
"അയ്യോ വേണ്ട തമ്പ്രാട്ടി ........ഇത് എന്റെ ചെറിയൊരു സമ്മാനമാണ്.......വാങ്ങിയാൽ സന്തോഷം ......."
കടലാസ് പൊതിയിലെയ്ക്കു വിരൽ ചൂണ്ടി അറച്ചറച്ച് അവൻ പറഞ്ഞു നിർത്തിയപ്പോഴെയ്ക്കും,അവർ നിലത്തേയ്ക്ക് കുനിഞ്ഞ് ആ കവറെടുത്ത് പൊട്ടിച്ചു ..............
ഉള്ളിൽ മനോഹരമായ ഒരു കസവു പുടവ ...........
ഒരു നിമിഷം നെഞ്ചിനുള്ളിലെയ്ക്ക് ഇരച്ചെത്തിയ വികാരത്തള്ളലിൽപ്പെട്ട് അവർ ആകെ ഉലഞ്ഞു പോയി. ആ കസവു മുണ്ട് മാറോടടുക്കിപ്പിടിച്ച് ഒരു നിമിഷം എല്ലാം മറന്ന് നിന്ന് പോയി ..........ഒന്നും പറയാനാവാതെ ......... ഏതൊക്കെയോ വികാരങ്ങൾ കെട്ടുപിണഞ്ഞ മനസ്സാകെ വിക്ഷുബ്ധമാവുകയായിരുന്നു .......
സ്വന്തം മകൻ പോലും തന്നെ മറന്നപ്പോൾ, പടിഞ്ഞാറ്റയിലെ തൊഴുത്തിന്റെ തിണ്ണയിൽ താൻ വിളമ്പിക്കൊടുത്ത ഒരുപിടി വറ്റിന്റെ ഓർമ്മ മനസ്സിൽ സൂക്ഷിയ്ക്കുന്ന അവൻ തന്നെ ഓർത്തു വെച്ച് തേടിയെത്തിയിരിയ്ക്കുന്നു.
പകരം വയ്ക്കാനാവാത്ത സ്നേഹത്തിന്റെ പൊന്നിഴയിൽ നെയ്ത ഓണപ്പുടവയുമായി .............
ആകെ വിതുമ്പിപ്പോയ മനസ്സിൽ നിന്നും മിഴികളിലൂടെ ഊർന്നിറങ്ങിയ ഒരു തുള്ളി കണ്ണുനീരിനിടയിലൂടെ കണ്ടു, ഒരിയ്ക്കൽക്കൂടി തന്നെ തിരിഞ്ഞു നോക്കി മുറ്റത്തിന്റെ ഒരം പറ്റി നടന്നു മറയുന്ന സതീശൻ ......
മങ്ങിയ കണ്ണുകൾക്ക്‌ മുന്നിൽ നിന്നും അവൻ നടന്നു മറയുവോളം, തറയിൽ കാലുകൾ തറച്ചു വെച്ച മാതിരി നിന്ന് പോയി. നിന്നിടത്തു നിന്നും അനങ്ങാനാവാതെ .................നിശ് ചേഷ്ടയായി ..............
അപ്പോൾ, എവിടെ നിന്നോ ഇഴഞ്ഞെത്തിയ ഒരിളം കാറ്റ് നരച്ച മുടിയിഴകളെ തഴുകി,കവിളിലേയ്ക്കു പടർന്നിറങ്ങിയ കണ്ണീർത്തുള്ളികളെയൊപ്പിയെടുത്തകന്നു ..........ഒരിയ്ക്കലും വറ്റാത്ത സാന്ത്വനത്തിന്റെ ചൂരുള്ള ഒരു തലോടലായി ..........

"പാറുവിന്റെ കത്ത്...............

ഊണ് കഴിച്ച ശേഷം മണിക്കൂറുകള്‍ നീണ്ട മറ്റൊരു യാത്രയുടെ ക്ഷീണവും പേറി കിടക്കയിലേക്ക് വീഴാനോരുങ്ങവേ പെട്ടെന്നാണ് മേശ മേല്‍ തുറന്നു വെച്ചിരിക്കുന്ന പാറപുസ്തകിന്റെ താളു കള്‍ക്കിടയിലൂടെ പുറത്തേക്കു തല നീട്ടിയിരിയ്ക്കുന്ന ഒരു നീലക്കവര്‍ അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്.....
എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ തുറന്നു നോക്കുമ്പോള്‍ ഒരു കത്താണ്...അതും മകളുടെ കൈപ്പടയില്‍ തനിക്കായിട്ടെഴുതിയിരിക്കുന്നത്.....ഉള്ളിലൂറി വന്ന കൌതുകത്തോടെ അതിലുപരി ഉള്ളടക്കമെന്താണെന്നറിയാനുള്ള ഉദ്യോഗവും പേറി കത്ത് തുറന്ന്, തമ്മില്‍ മുട്ടിയുരുമ്മി നില്‍ക്കുന്ന വടിവില്ലാത്ത അക്ഷരങ്ങളിലൂടെ അയാള്‍ സാവധാനം കണ്ണോടിച്ചു.....
"പ്രീയപ്പെട്ട, അച്ചായിക്ക്‌.....എത്ര ദിവസമായി, അച്ചായിയെ മോളൊന്നു കണ്ടിട്ട്......ഒന്ന് മിണ്ടിയിട്ടു....കൊതിയായിട്ടാ, അച്ചായി......നാളെ, പോകുമ്പോള്‍ മോളെ ഒന്ന് വിളിയ്ക്വോ .....
എന്ന്, അച്ചായീടെ സ്വന്തം പാറു ......."
അവസാന വരികളിലെതിയപ്പോഴേക്കും അയാളുടെ നെഞ്ചകം വല്ലാതെ പിടഞ്ഞു പോയി......
കത്തുമായി മെല്ലെ പിന്തിരിഞ്ഞു, കട്ടിലില്‍ തളര്ന്നുറങ്ങുകയായിരുന്ന അവളുടെ നേര്‍ക്ക്‌ കുനിഞ്ഞു, നെറ്റിയിലേക്ക് അലസമായി പടര്‍ന്നു കിടന്ന മുടിയിഴകള്‍ മെല്ലെ മാടിയൊതുക്കി അയാള്‍ അവളെ മൃദുവായി
ചുംബിച്ചു....
ഉള്ളില്‍ തികട്ടി വന്ന കുറ്റ ബോധത്തോടെ....
പണിപ്പെട്ടൊട്ടൊതുക്കാന്‍ ശ്രമിച്ചിട്ടും, നിറഞ്ഞു തുളുമ്പിയ മിഴികളില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ താഴേയ്ക്ക് അടര്ന്നുവീണ്
അവളുടെ നെറ്റിയില്‍ പടര്ന്നതയാളറിഞ്ഞു.....
ദേഹത്തുനിന്നും വഴുതി മാറിക്കിടന്ന പുതപ്പെടുത്തു അവളെ ഒന്നുകൂടി പുതപ്പിച്ച് നിവര്ന്നപ്പോഴെയ്ക്കും നിറഞ്ഞു തുളുമ്പിയ മിഴികള്‍ കാഴ്ച മറച്ചു,,,,,
അടുക്കളയില്‍ നിന്നും ഭാര്യ കടന്നു വരുന്നതറിഞ്ഞ്, മിഴികള്‍ മെല്ലെ തുടച്ച്.ലൈറ്റണച്ചു കിടന്നു....
കണ്ണുകള്‍ ഇറുകെ പൂട്ടി, ഇനിയും കടന്നുവരാന്‍ മടിച്ചുനിന്ന ഉറക്കവും കാത്തു കിടക്കവേ പരിഭവവും, സങ്കടവും ചാലിച്ചെഴുതിയ മകളുടെ കത്തിലെ വരികള്‍ അയാളില്‍ വല്ലാത്ത ഒരു അസ്വസ്ഥതയായി പടര്‍ന്നു കയറി.....
അച്ഛന്റെ നഷ്ടമാകുന്ന സ്നേഹവാത്സല്യങ്ങളില്‍ ആ മനസ്സ് എത്രമാത്രം നൊമ്പരപ്പെടുന്നു എന്നത് അയാള്‍ തിരിച്ചറിഞ്ഞു....
ഒപ്പം ആ കുഞ്ഞു മനസ്സിലെ നൊമ്പരം ഒരു പിതാവെന്ന നിലയ്ക്കുള്ള തന്റെ പരാജയത്തിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നുവെന്ന തിരിച്ചറിവില്‍ അയാള്‍ ആകെ അസ്വസ്ഥനായി....
ആര്‍ക്കൊക്കെയോ പകുത്തു നല്‍കപ്പെട്ട സമയവുമായി, ജീവിയ്ക്കുവാനുള്ള തത്രപ്പാടോടെയുള്ള നെട്ടോട്ടത്തിനിടയില്‍ അവളാഗ്രഹിയ്ക്കുന്ന മാതിരി ഒപ്പമിരിയ്ക്കാനാവാറില്ല പലപ്പോഴും.....മന:പൂര്‍വ്വ മല്ലാതിരുന്നിട്ടും.....
പക്ഷെ സ്വകാര്യ സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ ഉദ്യോഗം ഭരിയ്ക്കുന്ന അച്ഛന്റെ പണിത്തി രക്കുകളോ,പരിമിതികളോ നാലാം ക്ലാസ്സുകാരിയായ അവള്‍ക്കുള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല....
അവളെ സംബന്ധിച്ചിടത്തോളം അവള്‍ക്കു മാത്രം എന്നും നഷ്ടമാകുന്ന അച്ഛന്റെ സ്നേഹവും പരിഗണനയും ആ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തിയിട്ടുണ്ടാവാം....
എല്ലാ ദിവസവും അവളുണരും മുന്‍പേ യാത്രയാരംഭിയ്ക്കുകയും രാത്രി ഏറെ വൈകി അവളുറങ്ങിയശേഷം മാത്രം മടങ്ങിയെത്തുകയും ചെയ്യുന്ന അച്ഛന്റെ സാമീപ്യം അവള്‍ക്കെന്നും അന്യമായിരുന്നു....
വല്ലപ്പോഴുമൊന്നു കാണാനാവുക ഞായറാഴ്ചകളില്‍ മാത്രം.പണി തിരക്കുണ്ടെങ്കില്‍ പലപ്പോഴും അതിനും സാധിയ്ക്കാറില്ല....
ഉറക്കമുണരുമ്പോള്‍, തനിയ്ക്കായി അച്ഛന്‍ പതിവായി അലമാരരതട്ടില്‍ വെച്ച് പോകുന്ന ചോക്ലേറ്റു പോതിയിലുപരി അവളാഗ്രഹിയ്ക്കുന്നത് തന്നോടൊപ്പം കളി പറയുകയും തന്നെ താലോലിയ്ക്കുകയും ചെയ്യുന്ന അച്ഛന്റെ സാമീപ്യവും അത് പകരുന്ന കരുതലുമാകാം....
അത് തിരിച്ചരിയുന്നതില്‍ തനിയ്ക്കേറ്റ പരാജയത്തെക്കുറിച്ചോര്‍തതപ്പോള്‍ ആ കുഞ്ഞു മനസ്സിന് മുന്നില്‍ ആകെ ചെറുതാകുന്നത് പോലെ തോന്നി....
സ്കൂള്‍ ആനിവേഴ്സറിയ്ക്കും,ആഘോഷങ്ങള്‍ക്കുമൊന്നും ഒരിയ്ക്കലും തന്നോടൊപ്പം സ്കൂളില്‍ എത്തിയിട്ടില്ലാത്ത അച്ഛന്‍,അവള്‍ക്കൊരു സങ്കടമാകും എന്നും....
കൂട്ടുകാരെല്ലാം വാഹനങ്ങളില്‍ അച്ഛനമ്മമാരുടെ കൈകളില്‍ തൂങ്ങി സ്കൂളിലെത്തുമ്പോള്‍ അവള്‍ മാത്രം എന്നും, അമ്മയുടെ കൈയും പിടിച്ചു വഴിയോരം പറ്റി .....അച് ചനെവിടെ യെന്ന കൂട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ,ജാള്യതയോടെ തലയും കുനിച്ച്‌ .....
ചിന്തകള്‍ അത്രത്തോളമെത്തിയപ്പോള്‍ കുറ്റബോധവും, നിസ്സഹായതയും കൂടിക്കലര്‍ന്ന് അയാളാകെ വിതുമ്പിപ്പോയി.....
ഒരുപാട് നൊമ്പരങ്ങളില്‍ ചാലിച്ചെഴുതിയ ആ നാല് വരി കത്തിലെ അക്ഷരങ്ങള്‍ തന്നിലെ പരാജിതനെ കൂടുതല്‍ ആഴത്തില്‍ മുറിപ്പെടുത്തുന്നത് തിരിച്ചറിഞ്ഞ അയാള്‍ കണ്ണുകള്‍ ഇറുകെപ്പൂട്ടി....
മനസ്സിനെ എല്ലാം മറന്നുള്ള ഒരു ഗാഡനിദ്രയില്‍ ഒളിപ്പിയ്ക്കുവാനുള്ള വ്യഗ്രതയോടെ....
ഉറക്കത്തിലേക്കു വഴുതി വീഴും മുന്‍പേ അയാള്‍ മനസ്സിലൊരു തീരുമാനമെടുത്തിരുന്നു.....
എല്ലാ തിരക്കുകളില്‍ നിന്നും അവധിയെടുത്ത്,നാളത്തെ ഒരു ദിവസം മുഴുവനായി അവള്‍ക്കൊപ്പം.....
അവള്‍ക്കു മാത്രമായി ................

"വീര ഭദ്രന്റെ ഭാര്യ......."

കാഷ്വാലിറ്റി ഐസിയു വിനു മുന്നില്‍ നിരരതിയിട്ടിരിയ്ക്കുന്ന കസേരകളുടെ പിന്‍ നിരയിലായി ചുമരിനോട് ചേര്‍ന്നുള്ള മൂലയില്‍ എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറിയിരിയ്ക്കുമ്പോള്‍ ,ഗംഗയുടെ മനസ്സ് അകാരണമായ ഭയാശങ്കകളാല്‍ നിറഞ്ഞിരുന്നു.....
ആശങ്കകളുമായി കാതതിരിയ്ക്കുന്നവര്‍ക്കിടയില്‍ ചൂഴ്ന്നു നിന്ന കനത്ത മൌനത്തെ കീറിമുറിച്ചും കൊണ്ട് ഭിത്തിയില്‍ ഘദിപ്പിച്ചിരുന്ന ബോക്സില്‍ നിന്നും ബൈസ്റ്റാന്റര്മാര്‍ക്കായുള്ള അനൗണ്‍സുമെന്റു ഓരോ വട്ടം മുഴങ്ങുമ്പോളും അതിനു ആക്കം കൂടി വന്നു.....
അരുതാത്തതെന്തോ സംഭവിയ്ക്കാന്‍ പോകുന്നു എന്ന ആപത്ശങ്കയില്‍, അനുനിമിഷം ധൈര്യം ചോര്‍ന്നു പോകുന്ന മനസ്സിനെ സ്വാന്തനപ്പെടുത്തുവാന്‍ വൃഥാ ശ്രമിച്ചു.....
സമയമെത്രയായെന്നറിയില്ല....പുറത്തെ കനത്ത ഇരുളിന് മേലേയ്ക്കു മങ്ങിയ വെളിച്ചം പെയ്തു വീഴാന്‍ തുടങ്ങിയിരിയ്ക്കുന്നു....

രാത്രിയിലെപ്പോഴൊ തുടങ്ങിയ കാത്തിരിപ്പാണ്.....
കൈത്തലം നെറ്റിയില്‍ താങ്ങി മിഴികള്‍ ഇറുകെപ്പൂട്ടി, അവള്‍ മെല്ലെ കുനിഞ്ഞിരുന്നു.....
നെഞ്ചിനുള്ളില്‍ അത്രയും സമയം പണിപ്പെട്ടൊതുക്കി നിര്‍ത്തിയിരുന്ന നൊമ്പരം, പ്രതിഷേധത്തിന്റെ നേര്‍ത്ത ചിറ പൊട്ടിച്ചു പുറത്തേയ്ക്ക് വമിച്ചപ്പോള്‍ അവളറിയാതെ തേങ്ങിപ്പോയി....
എല്ലാ നിയന്ത്രണവും വിട്ട്‌ ....... മുള ചീന്തിയ മാതിരി....

പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത്‌, തലയുയര്‍ത്തി ചുറ്റുപാടും നോക്കി.....
എല്ലാവരും നല്ല മയക്കത്തിലാണ്....
മുറ്റി നില്‍ക്കുന്ന സംഘര്‍ഷത്തിനിടയിലും എല്ലാം മറന്നൊന്നു മയങ്ങാനെങ്കിലും കഴിയുന്ന അവരോടവള്‍ക്ക് ഒരു നിമിഷം വല്ലാത്ത അസൂയ തോന്നി...
മനസ്സിലെ സംഘര്‍ഷത്തിനു അയവുതേടി ഒരു നിമിഷമൊന്നു കണ്ണടയ്ക്കാനുള്ള കാരുണ്യം , നിദ്ര പോലും തനിയ്ക്ക് നിഷേധിച്ചിരിയ്ക്കുന്നു .....
അല്ലെങ്കില്‍ തന്നെ സ്വസ്ഥമായോന്നുറങ്ങിയിട്ടെത്ര നാളായിരിയ്ക്കുന്നു......
എവിടെയാണ് തനിയ്ക്ക് തെറ്റ് പറ്റിയത്.....
മെല്ലെ, മെല്ലെ എല്ലാം കൈവിട്ടു പോകുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും തിരുത്താന്‍ ശ്രമിയ്ക്കാതിരുന്നിടതോ..........
അതോ, അതിനു നേര്‍ക്കുള്ള പ്രതികരണം ദുര്ബലമായ
പ്രധിഷേധങ്ങളില്‍ ഒതുക്കിയിടത്തോ .................
അറിയില്ല..............

വൈകിയെത്തുന്ന രാവുകളില്‍ മദ്യത്തിന്റെ രൂക്ഷ ഗന്ധം ഓരോ ദിവസവും ഏറി വരുന്നത് തിരിച്ചറിഞ്ഞപ്പോള്‍, തലയണയില്‍ മുഖം പൂഴ്ത്തി നിശ്ശബ്ദം തേങ്ങാനെ തനിയ്ക്കായുള്ളൂ ....
ദുര്‍ വിധിയില്‍ സ്വയം പഴിച്ച് ......
ഒടുവില്‍ മഹി, പൂര്‍ണ്ണമായും മദ്യത്തിനു കീഴടങ്ങിയിരിയ്ക്കുന്നു എന്നാ തിരിച്ചറിവില്‍, മനസ്സിനെ തയ്യാറാക്കി നിര്‍ത്താന്‍ ശ്രമിച്ചു.....ദുരന്തങ്ങളേറ്റു വാങ്ങാനുള്ള കരുതതിനായി....
ഓടിച്ചിരുന്ന ബൈക്ക് എവിടെയോ ചെന്നിടിച്ചു എന്നേ വിളിച്ചുപറഞ്ഞയാല്‍ പറഞ്ഞുള്ളൂ
കേട്ടപാടെ, തലചുറ്റുന്ന പോലെ തോന്നി.....
നിയന്ത്രണം വിടുവാനോരുങ്ങിയ മനസ്സിനെ പണിപ്പെറട്ടൊതുക്കി....

സഹായത്തിനു പോലും ഒരാളെ ഒപ്പം കൂട്ടാനില്ലാത്ത നിസ്സഹായതയില്‍ അവള്‍ക്കു
സങ്കടവും , നിരാശയും തോന്നി....ഒപ്പം, തന്നോട് തന്നെ വെറുപ്പും....

മദ്യപിച്ച ശേഷമുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍, ആദ്യമാദ്യം സഹതാപം കാട്ടി ഓടിയെത്തിയിരുന്ന ബന്ധുക്കളും, അയല്‍ക്കാരുമൊക്കെ , മെല്ലെ ഒഴിഞ്ഞുമാറാന്‍ തുടങ്ങി......
അവരെ കുറ്റം പറയുന്നതിലര്‍ത്ഥമില്ല....

ഹോസ്പിറ്റലിലെത്തുമ്പോള്‍, ഐസിയുവിലാണെന്നറിഞ്ഞു...........തലയ്ക്കു ഗുരുതരമായ പരിക്കുണ്ട്.....
ബോധവുമില്ലത്രെ......
അടിയന്തിരമായി ഒരു ഓപ്പറേഷന്‍ നടത്തണം.....

ഡോക്ടര്‍ അത്രയും പരഞ്ഞുതീര്ന്നപ്പോഴെയ്ക്കും ,കണ്ണില്‍ ഇരുട്ടുകയറുന്നത് പോലെ തോന്നി.....
എല്ലാം അവസാനിയ്ക്കുവാന്‍ പോകുന്നെന്ന മുന്നറിയിപ്പ് ഉള്ളിലിരുന്നാരോ തരുന്നതുപോലെ.............
സമ്മതപത്രത്തില്‍, അവര്‍ ചൂണ്ടി കാണിച്ചിടത്തോക്കെ, യാന്ത്രികമായി ഒപ്പിട്ടുനല്കി.....മനസ്സവിടെയെങ്ങുമല്ലായിരുന്നു.......
ഓപ്പറെഷനുള്ള ബില്‍ പേ ചെയ്യാനായി, കൌണ്ടറിനു മുന്നില്‍ നില്‍ക്കുമ്പോള്‍, പിന്നെയും, തളര്‍ന്നു പോയി.....
വരും വഴി, കഴുത്തിലും,കാതിലുമുള്ളതെല്ലാം ഊരി പണയം വെച്ച് കൈയ്യില്‍ കരുതിയ പണം ഒന്നുമാകില്ല......
ഒന്നും മിണ്ടാനാകാതെ, അവള്‍ കൌണ്ടാറിന്റെ ചുമരും ചാരി നിന്ന് പോയി.....
എന്ത് ചെയ്യണമെന്നു ഒരൂഹവും കിട്ടുന്നില്ല..........
പണമടച്ചില്ലെങ്കില്‍, ഓപ്പറേഷന്‍ നടക്കാനിടയില്ല..........നടന്നില്ലെങ്കില്‍............
ആ ചിന്ത അവളില്‍ ഞെട്ടലുണ്ടാക്കി..........

അറിയപ്പെടുന്ന ആത്മീയാചാര്യന്റെ പേരിലുള്ള ഹോസ്പിറ്റലാണ്.....പക്ഷെ, ബിസ്സിനസ്സില്‍ ആത്മീയത കലര്‍ത്താറില്ലെന്നു കേട്ടിട്ടുണ്ട്......
തന്റെ നിസ്സഹായാവസ്ഥ കണ്ടിട്ടാവാം, ബാക്കി പണം കാലത്ത് അടച്ചാല്‍ മതിയെന്ന് ഒടുവില്‍ സമ്മതിച്ചു....
ഒരു പക്ഷെ ഒരു ജീവന്‍ വെച്ച് വിലപേശാന്‍ കഴിയാഞ്ഞിട്ടാവാം.....
അത്രയെങ്കിലും സൌമനസ്യം കാട്ടിയ അവരോദു, ഉള്ളില്‍ നന്ദി പറഞ്ഞു...........
ഒരിടത്ത് നിന്നും ലഭിയ്ക്കാത്ത
അനുകമ്പ....

ആഘോഷങ്ങളിലും, സല്‌ക്കാരങ്ങളിലുമൊക്കെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ ആരെയും, കണ്ടില്ല..........അവസ്ഥ, എന്താണെന്നറിയാന്‍, പേരിനു പോലും....
അവരിപ്പോള്‍ പുതിയ ഇരകളെ തേടുകയാവും.....ഏതെങ്കിലും ശീതീകരിച്ച മുറിയിലെ അരണ്ട വെളിച്ചത്തില്‍
,നുരഞ്ഞു പൊന്തുന്ന ലഹരിയുടെ ആഹ്ലാദത്തുടിപ്പില്‍......

ഇനിയും, എവിടെയൊക്കെയോ, ഐസിയുകള്‍ക്ക് മുന്നില്‍ നെഞ്ചിടിപ്പോടെ കാത്തിരിയ്ക്കാന്‍ പുതിയ ഗംഗ മാരെ സൃഷ്ടിയ്ക്കാനായി......

അനൗണ്‍സുമെന്റ് ബോക്സില്‍ നിന്നും തന്റെ പേരുയര്‍ന്നു കേട്ടപ്പോള്‍, അവള്‍ ഒരു ഞെട്ടലോടെ ചിന്ത വിട്ടുണര്‍ന്നു.....
മിടിയ്ക്കുന്ന ഹൃദയവുമായി, ഐസിയു വിന്റെ ഡോര്‍ തുറന്നകത്തെയ്ക്ക് നടക്കുമ്പോള്‍ അവളുടെ ശരീരമാസകലം വിറപൂണ്ടിരുന്നു......
കാലുകള്‍ക്ക് ചലനമറ്റപോലെ.....
അരുതാത്തതെന്തോ സംഭവിയ്ക്കാന്‍ പോകുന്നു എന്ന തോന്നലില്‍ ആകെ വിയരത്തുപോയി........

"ഓപ്പറേഷന്‍ കഴിഞു.........പേടിയ്ക്കാനില്ല............"
ഡോക്ടര്‍ അത്രയും പറഞ്ഞു നിര്ത്തിയപ്പോഴെയ്ക്കും, അവളറിയാതെ കൈകള്‍ കൂപ്പിപ്പോയി..........
പ്രാര്‍ത്ഥനാ നിര്ഭരമായ മിഴികളുമായി........കൃതജഞതാ പൂര്‍വ്വം........
അത്രയും സമയം മനസ്സില്‍ കെട്ട് പിണഞ്ഞു കിടന്ന സംഘര്ഷത്തിനു അയവു വന്നതിന്റെ ആശ്വാസവും പേറി പുറത്തേക്കിറങ്ങുമ്പോള്‍, ബില്ലടയ്ക്കാനുള്ള ബാക്കി പണത്തിനായി ആരുടെ മുന്നില്‍ കൈ നീട്ടുമെന്ന
ചിന്ത അവളില്‍ വീണ്ടുമൊരു അസ്വസ്ഥതയായി പടര്‍ന്നു കയറി ................
പേഴ്സില്‍, മടക്ക യാത്രയ്ക്കുള്ള വണ്ടിക്കൂലിയ്ക്ക് പോലുമുള്ള പണം ബാക്കി ഉണ്ടാകാനിടയില്ല....

വില്‍ക്കാനും, പണയം വയ്ക്കുവാനുമായി ഇനി ശേഷിയ്ക്കുന്നത് തന്റെ ഈ ശരീരം മാത്രം....
സഹായമഭ്യര്‍ത്‌ഥിച്ചു സമീപിയ്ക്കാന്‍, ഒരു മുഖവും മനസ്സില്‍ തെളിയുന്നില്ല ....

വാതില്‍ തുറന്നു പുറത്തേക്കു നടക്കുമ്പോള്‍, പിന്നില്‍ എറെ നേരമായി ആവര്‍ത്തിച്ചു മുഴങ്ങി കേട്ട ബൈസ്റ്റാ ന്റര്‍ക്കായുള്ള അനൗണ്‍സ്മെന്റു പിന്നെയും ഉയര്‍ന്നു കേട്ടു ..........
അവരിപ്പോള്‍ എവിടെയാകും....
ബില്ലടയ്ക്കാനുള്ള പണത്തിനായി ആരുടെ മുന്നില്‍ കൈനീട്ടി യാചിയ്ക്കയാവും ......
അതൊ ഏതെങ്കിലും നാലാം കിട ലോഡ്ജിലെ അഴുക്കു പുരണ്ട ബെഡില്‍ വിയര്‍ത്തു കുളിച്ചോ......

ആ വഴിയ്ക്കുള്ള ചിന്ത അവളില്‍ വല്ലാത്ത ഒരു ഞെട്ടലുണ്ടാക്കി .....

ഒരു നിമിഷം, എന്തോ ആലോചിച്ചുറപ്പിച്ചിട്ടെന്ന പോലെ , പുറത്തെ അരണ്ട വെളിച്ചത്തിലേക്കിറങ്ങി........
പിന്നെ, ധൃതിയില്‍ റോഡു മുറിച്ചു കടന്ന്, ആദ്യം കണ്ട ഓട്ടോയ്ക്ക് കൈ കാട്ടി......

ശവംതീനി പക്ഷികള്‍........

ഇന്ദ്രപ്രസ്ഥത്തിലെ, നഗരപ്രാന്തങ്ങളിലെവിടെയോ വെച്ച് പിച്ചിചീന്തപ്പെട്ട,
എന്റെ സഹോദരിയുടെ ദീനവിലാപങ്ങളില്‍ ഞാന്‍ പങ്കു ചേരുന്നു........................
.ഒപ്പം
ഇങ്ങിവിടെ, രക്ത ബന്ധങ്ങളുടെ വിലയറിയാത്ത ഒരുപറ്റം കാമാന്ധന്‍മാരുടെ
മുന്നില്‍ ദിനം പ്രതിയെന്നോണം മടിക്കുത്തഴിഞ്ഞു വീഴുന്ന പിഞ്ചു ബാലികമാരുടെ
ഒന്ന്
കരയാന്‍ പോലുമാകാത്ത നിസ്സഹായതയ്ക്ക്‌ മുന്നില്‍
ഈ കഥ സമര്‍പ്പിയ്ക്കുന്നു....
ഒരു പുരുഷനായി, ഈ കാലഘട്ടത്തില്‍ ജീവിയ്ക്കേണ്ടി വന്നതിന്റെ
ശാപവും, ലജ്ജയും 

ഉള്ളില്‍ പേറി .........

(ഈ കഥ പ്രസിദ്ധീകരിച്ചുവരും മുന്‍പേ, നെറികെട്ട ഈ ലോകത്തുനിന്നും അവള്‍ രക്ഷപ്പെട്ടു....ആ" മേഘ ജ്യോതിസ്സിന്‍റെ"
നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീരില്‍ കുതിര്‍ന്ന
ഒരു കുടന്ന പൂക്കളാല്‍ പ്രണാമം.....)



ഇനിയുംകടന്നുവരാന്‍ മടിച്ചുനില്‍ക്കുന്ന ഉറക്കത്തിനായി പിന്നെയും കാക്കാതെ ചിന്തകള്‍ മുറിഞ്ഞുവീണ് കലുഷിതമായ
മനസ്സുമായി,അവള്‍ കിടക്കയില്‍ തിരിഞ്ഞും, മറിഞ്ഞും കിടന്നു,,,,,,
തൊട്ടരുകില്‍ ഭര്‍ത്താവ് എല്ലാം മറന്നുറങ്ങുന്നു....
കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിയ്ക്കുന്ന കൂര്‍ക്കം വലിയുടെ അകമ്പടിയോടെയുള്ള സുഖനിദ്ര......
ഒരു മാതിരിയുള്ള സംഘര്‍ഷങ്ങള്‍ക്കൊന്നും കീഴ്പ്പെടുത്താനാവാത്ത അപാര മനോധൈര്യം .......

അയാളില്‍ നിന്നും മിഴികള്‍ അടര്‍ത്തി മുറിയ്ക്കുള്ളിലെ കട്ടപിടിച്ച ഇരുളിലേയ്ക്കും നോക്കിക്കിടക്കവേ, അതുവരെ മനസ്സില്‍ അടക്കിനിര്‍ത്തിയ അശുഭചിന്തകള്‍, വിസ്മൃതിയുടെ മണ്‍പുറ്റുകളുടച്ച്‌ ഒരായിരം കരിനാഗങ്ങളായി അവളുടെ മനസ്സിന്‍റെ ചുമരിലേയ്ക്കിഴഞ്ഞിറങ്ങി, തമ്മില്‍ ചുറ്റിപ്പിണഞ്ഞു.....

അല്‍പ്പനേരത്തെയ്ക്കെങ്കിലും, ഉള്ളില്‍ നിന്നൊഴിഞ്ഞു നിന്നിരുന്ന ആകുലതകള്‍ വര്‍ദ്ധിത
വീര്യത്തോടെ
വീണ്ടും പടരുന്നത്‌ തിരിച്ചറിഞ്ഞ അവള്‍ അസ്വസ്ഥയായി........

വഴുതിപ്പോകുന്ന മനസ്സിന്‍റെ വഴിവിട്ട സഞാരങ്ങള്‍ അവളെ വല്ലാതെ ഭയപ്പെടുത്തി..........

തനിയ്ക്കിതെന്തുപറ്റി.......
ഹൃദയത്തെ ആകെ ഉലയ്ക്കുമാറു ഭീകരമായിരുന്നു ആ ദൃശ്യങ്ങളും, വാര്‍ത്തകളും എന്നത് നേര്.....
പക്ഷെ ഇതിലുമെത്രയോ ഞെട്ടിയ്ക്കുന്ന
വാര്‍ത്തകള്‍ ആവര്‍ത്തിച്ചു കേട്ട് മനസ്സിനതൊരു ശീലമായ്ക്കഴിഞ്ഞിരിയ്ക്കുന്നു .........എത്രയോ മുന്‍പേ തന്നെ......

ഒരു പക്ഷെ ദുരന്തങ്ങള്‍ക്ക് തന്നിലെയ്ക്കുള്ള ദൂരം കുറഞ്ഞു വരുന്നു എന്ന് തിരിച്ചറിയുമ്പോളാകും

അതുവരെ ഇരുമ്പ് ചട്ടയ്ക്കുള്ളില്‍ ഭദ്രമെന്നു കരുതിയ മനസ്സിന്റെ ധൈര്യം മെല്ലെ ചോര്‍ന്നു വീണ് അവിടെ ഭയാശങ്കകള്‍ ചേക്കേറിത്തുടങ്ങുന്നത് ......
അതുവരെ ചുറ്റുപാടുകളിലെ ദുരന്തങ്ങളും ,എന്തിനു മരണത്തിനു പോലും സ്പര്‍ശിയ്ക്കാനാവാത്ത വിധം എല്ലാറ്റിനും അതീതനാണ് താനെന്ന ചിന്തയാവും ഓരോരുത്തരെയും ഭരിയ്ക്കുക.....
അതാവും അകലെ മുഴങ്ങുന്ന രോദനങ്ങള്‍ പലപ്പോഴും നമ്മുടെ മനസ്സുകളെ ഉലയ്ക്കാത്തതും.....

പിന്നെ മെല്ലെ മെല്ലെ അത് തന്നിലേയ്ക്കു ഇഴഞ്ഞെത്തുന്നത് തിരിച്ചറിയുമ്പോള്‍ വല്ലാതെ ഭയത്തിനടിമയാകുന്നതും....


ഇന്നിവിടെ പ്രായപൂര്‍ത്തിയായ ഒരു മകളുടെ അമ്മയാണ് താനുമെന്ന ചിന്തപകര്‍ന്ന ആശങ്കകളാണ് തന്റെ മനസ്സിനെ ഇത്രയേറെ വിഹ്വലമാക്കുന്നത്.......

ഏതു നിമിഷവും എല്ലാം തച്ചുടയ്ക്കാന്‍ പോന്ന ഒരു ദുരന്തം അത്ര വിദൂരത്തിലല്ലാതെ ചാടി വീഴാനൊരുങ്ങി നില്‍ക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ പകരുന്ന ആശങ്കകള്‍......

ചിന്ത അത്രത്തോള മെത്തിയപ്പോള്‍, ഒരുപറ്റം നരാധമന്മാരുടെ ആസക്തികള്‍ക്കു കീഴെ ഞെരിഞ്ഞമരുന്ന ആ പാവത്തിന്റെ നിലവിളികള്‍ അവളുടെ ചെവികളില്‍ മുഴങ്ങി.....

സ്കൂള്‍ ബസ്സിന്റെ പിന്‍സീറ്റിലും, തറയിലുമായിട്ട് അവളുടെ വലിച്ച് കീറപ്പെടുന്ന മെല്ലിച്ചശരീരം കടന്നു കയറ്റത്തിന്റെ ശക്തിയില്‍പ്പെട്ട് ചെറുത്തു നില്‍ക്കാനാവാതെ പിടഞ്ഞ് ഒടുവില്‍ നിശ് ചലമാകുന്ന കാഴ്ചയുടെ ഓര്‍മ്മകളില്‍ അവള്‍ ഞടുങ്ങി....
പിന്നെ,പിഞ്ഞിക്കീറിയ ഒരു പഴന്തുണി പോലെ തെരുവിലെ ഇരുളിലേയ്ക്കു വലിച്ചെറിയപ്പെട്ട അവളുടെ ദീനരോദ നങ്ങള്‍ കാതുകളില്‍ മുഴങ്ങിയപ്പോള്‍,നെഞ്ചകം പിളരുന്നപോലെ....
ഒപ്പം എവിടെയൊക്കെയോ, ജന്മം തന്ന അച്ചന്റെയും, സഹോദരന്റെയും ഭോഗാസക്തിയ്ക്ക് പായ വിരിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട ഗതികേടിന്‍റെ ദീന വിലാപങ്ങളും....
മനുഷ്യത്വം മരവിച്ച പൈശാചികതയില്‍ ആ രോദനങ്ങള്‍ ബധിര വിലാപങ്ങളായി മാരിയിരിയ്ക്കാം...
ആ മുഖം തന്നെപ്പോലെ തന്നെ എത്രയോ വര്ഷം കാത്തു സൂക്ഷിച്ചു വളര്‍ത്തിയ ഒരമ്മയുടെ
സ്വപ്നങ്ങളാവാം....
കനലെരിയുന്ന നെഞ്ചു മായി എവിടെയോ അലമുറയിടുന്ന ആ അമ്മ നാളെ താനായിക്കൂടെന്നില്ല.....



ഹസ്തിനപുരിയിലെ രാജ സദസ്സിലെയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ട രജസ്വലയായ സ്ത്രീത്വത്തിന്റെ ശാപ താപങ്ങളില്‍ നെഞ്ച് പിളര്ന്നോടുങ്ങിയ കുലം വീണ്ടും പുനര്‍ജജനി തേടുന്നു.....

ആ രാജവീഥികളില്‍ പിന്നെയുമൊരു പെണ്ണിന്റെ രോദനമുയര്‌ന്നിരിയ്ക്കുന്നു....
മാസക്കൊതിയൂറു ന്ന .ചുണ്ടുകളുമായി ശവം തീനി പക്ഷികള്‍ പിന്നെയും വട്ടമിട്ട് പറന്നുകൊണ്ടേ യിരിയ്ക്കുന്നു.....
കാലാതിവര്ത്തിയെപ്പോലെ......
ഇരകളുടെ നിസ്സഹായമായ കീഴടങ്ങലുകളില്‍ ഉന്മത്തമാകുന്ന സിരകളില്‍ കാമത്തിന്റെ വിഷവും നിറച്ച് .........

സ്വന്തം അച് ച ന്റെയും, സഹോദരന്റെയും മുന്നില്‍ പ്പൊലും മാനം കാക്കാനാവാതെ വിഹ്വലമായ മനസ്സുമായി, ഇരുളിന്റെ കോണുകളില്‍ ഭയാക്രാന്തരായി പതിയിരിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട ജന്മങ്ങള്‍....
തോളിലിട്ടു താരാട്ട് പാടിയുറക്കിയ മകളുടെയും, സഹോദരിയുടെയും നിന്മോന്നതങ്ങളില്‍ ഒരട്ടയെപ്പോലെ നൂഴ്ന്നിഴയാന്‍ അവനെങ്ങിനെ കഴിയുന്നു....
ഒടുവില്‍ വിയര്തുകുളിച്ച വികാരത്തുള്ളികള്‍ സ്വന്തം ചോരയിലേക്ക്‌ പടരുമ്പോള്‍ അവനെ നയിയ്ക്കുന്ന വികാരമെന്തായിരിയ്ക്കാം....
വിവേകവും, വിവേചന ബോധവുമില്ലാതെ, മൃഗീയ ചാപല്യങ്ങളെക്കൂടി നാണിപ്പിയ്ക്കുന്ന അധമത്വത്തിനെ മനുഷ്യനെന്ന് പേരിട്ട് വിളിയ്ക്കാനാവുമോ, ഇനിയും....

തലച്ചോറിനുള്ളിലേയ്ക്ക് കടവാവലുകള്‍ പറന്നിറങ്ങി കൂര്‍ത്ത നഖമുനകളാല്‍ ഞരമ്പുകളെ കൊത്തി വലിച്ച മാതിരി അസ്വസ്ഥത തോന്നി, അവള്‍ക്ക് .....
അടുത്ത നിമിഷം ഏതോ ഭൂതാവേശത്തിന്റെ ഉള്‍പ്രേരണയാലെന്നോണം അവളെഴുന്നേറ്റു മൊബൈലില്‍ മകളുടെ നമ്പര്‍ ഡയല്‍ ചെയ്തു....
റിംഗ് ടോണ്‍ രണ്ടുവട്ടം മുഴങ്ങി നിലച്ചപ്പോള്‍, ഒരുപക്ഷെ അവള്‍ ഉറക്കമുണര്‍ന്നിട്ടുണ്ടാവില്ല എന്ന് സ്വയം മനസ്സിനെ സ്വാന്തനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴും, അരുതാത്ത ചിന്തകള്‍ പെയ്തു വീണ് കലുഷിതമായ മനസ്സിലേയ്ക്ക് നേരിയ ഒരു ഭയം അരിച്ചെത്തി.....
അത് വളരാന്‍ തുടങ്ങും മുന്‍പേ അവളുടെ വിളി വന്നു.....
ഉറക്കച്ചടവാര്‍ന്ന അവള്‍ടെ സ്വരം കാതുകളിലേയ്ക്ക്‌ വീണപ്പോഴേ, അതുവരെ കെട്ടിയുയര്‍ത്തിയ അശുഭ ചിന്തകളുടെ നിഴലോഴിഞ്ഞ് മനസ്സ് ശാന്തമായി.....

എക്സാം കഴിഞ്ഞ്‌ അവള്‍ നാളെത്തന്നെ വീട്ടിലെത്തുമെന്നരറിയിച്ചപ്പോള്‍ വല്ലാത്തൊരു ആശ്വാസത്തോടെ അവളുടെ ഉള്ളില്‍ ഒരു നെടുവീര്‍പ്പുയര്‍ന്നു.....
"
സൂക്ഷിച്ച് വരണേ........

എന്നോരിയ്ക്കള്‍ കൂടി ഓര്‍മ്മിപ്പിച്ച് ഫോണ്‍ വച്ചു.....തന്നിലെ ചപലചിത്തയുടെ അനാവശ്യ ഉത്ക്കണ്റകളെ അവള്‍ പരിഹസിച്ചതിന് ചെവി കൊടുക്കാന്‍ നില്‍ക്കാതെ....

ഓഫീസിലെത്തി ബാഗും, കുടയും അലമാരത്തട്ടിനിടയില്‍ തിരുകി വയ്ക്കുമ്പോഴേ ശ്രദ്ധിച്ചു,രാവിലെ തന്നെ
ചര്‍ച്ച തുടങ്ങിയിരിയ്ക്കുന്നു.....


തലേ ദിവസത്തെ പീഡന കഥകള്‍
ഓരോന്നായി ഉറക്കെ വായിച്ച് മുന്നേറുന്ന സെക്ഷന്‍ ക്ലാര്‍ക്കിന്റെ ശബ്ദത്തില്‍ ആവേശം ഏറി വരുന്നത് അവളെ അലോസരപ്പെടുത്തി .......

വേണ്ടെന്ന് വെച്ചിട്ടും നിയന്ത്രിയ്ക്കാനായില്ല....അറിയാതെ പൊട്ടിത്തെറിച്ചു പോയി.......


"നിങ്ങള്‍ക്കിപ്പോള്‍ കിട്ടുന്ന ഈ മാനസിക സുഖം തന്നെയാ വിജയാ,ഇന്നലെ ആ നരാധമന്മാര്‌ക്കും കിട്ടിയിട്ടുണ്ടാവുക.....ഇനിയെങ്കിലും ആ പാവങ്ങളെ വെറുതെ വിട്ടുകൂടെ ......"

അയാള്‍ ജാള്യതോടെ പത്രം മടക്കി ഏതോ ഫയലിലേയ്ക്ക് തല താഴ്ത്തുമ്പോള്‍ ചിന്തിച്ചുപോയി,അപമാനിയ്ക്കപ്പെട്ട ആ ജീവിതങ്ങള്‍ ഇനിയുമെത്രയോ നാളുകള്‍ പത്രത്താളുകളില്‍ ഇതുപോലെ പിന്നെയും അപഹസിയ്ക്കപ്പെട്ടേക്കാം..

ചായയുമായി കടന്നുവന്ന പ്യൂണ്‍ അല്പം ഉറക്കെത്തന്നെ സ്വന്തം ആശ്വാസം പങ്കുവെച്ചു...
"എനിയ്ക്കേതായാലും പേടിയ്ക്കാനില്ല സാറെ, രണ്ടാണ്‍ മക്കളാ...."

കൂട്ടത്തില്‍ അവളുടെ നേര്‍ക്ക് തിരിഞ്ഞ്, "അല്ല...സരള മാഡത്തിന്റെ മോള്‍ ഹോസ്റ്റലില്‍ നിന്ന് തിരിച്ചെത്തിയോ....." എന്ന ചോദ്യവുമായി തന്നെ സമീപിയ്ക്കുമ്പോള്‍, അവള്‍ക്ക് അരിശം പെരുവിരല്‍ തുമ്പില്‍ നിന്നും ഇരച്ചുകയറി....രൂക്ഷമായ തന്റെ നോട്ടം നേരിടാനാകാതെ മുഖത്തേയ്ക്കു ഒലിച്ചിറങ്ങിയ ചിരി അപ്പാടെ വിഴുങ്ങി, അയാള്‍ തിടുക്കത്തില്‍ പുറത്തേയ്ക്ക് ഊളിയിട്ടു,,,,

നിഷ്കളങ്കമെന്നു തോന്നിപ്പിയ്ക്കുന്ന ആ അന്വോഷണത്തിന് പിന്നില്‍ ഒളിഞ്ഞിരിയ്ക്കുന്ന അപായ സൂചനയെപ്പറ്റിയുള്ള ഓര്‍മ്മപ്പെടുത്തല്‍ അവള്‍ തിരിച്ചറിഞ്ഞു.....
മറ്റുള്ളവന്റെ ഉത്കണ്റകളെ ആളിപ്പടര്‍ത്താനും,പിന്നെയതില്‍ ഗൂഡമായി ആഹ്ലാദിയ്ക്കുവാനുമുള്ള
ദുഷ്ടലാക്ക്.....
തന്നെത്തെടി ഇതൊന്നുമെത്തില്ലെന്ന അമിതമായ ആത്മവിശ്വാസം പകരുന്ന അഹങ്കാരം.....


ഉച്ചയൂണ് കഴിച്ചെന്നു വരുത്തി, സീറ്റിലെത്തി മേശമേല്‍ തലചായ്ച്ച് അവള്‍ അല്പനേരമൊന്നു മയങ്ങാനുള്ള ശ്രമം നടത്തി....
തലേന്നാളത്തെ ഉറക്കമിളപ്പും, ചിന്തകള്‍ കുമിഞ്ഞു കൂടിയ മനസ്സും ചേര്‍ന്ന് ആകെ വല്ലാത്ത ക്ഷീണം.....
ഒന്നിലും ശ്രദ്ധചെലുത്താനാവാത്ത വിധം ആകെ മൂടിക്കെട്ടിയ മാതിരി.....
ഒപ്പം, മകളെവിടെയെത്തിക്കാണും എന്ന ചിന്ത പകര്‍ന്ന വേവലാതിയും...
രണ്ടുവട്ടം വിളിച്ചപ്പോഴും റേഞ്ചിന് പുറത്താണ്....യാത്രയിലാവും.....
അനാവശ്യ ചിന്തകളെയും, ആകുലതകളെയും ഒരു ഭാഗത്തേയ്ക്ക് ഒതുക്കി നിര്‍ത്തി, മിഴികള്‍ ഇറുകെപ്പൂട്ടി ഒരു മയക്കത്തിലേയ്ക്കു വഴുതിവീഴാന്‍ തുനിയവെ,ബാഗിലിരിയ്ക്കുന്ന ഫോണ്‍ ശബ്ദിയ്ക്കുന്നത്‌
കേട്ടവള്‍
ഞെട്ടിയുണര്‍ന്നു.....

മോളാണ്....അവള്‍ വീട്ടിലെത്തിയിരിയ്ക്കുന്നു....
അതുവരെ കെട്ടുപിണഞ്ഞുകിടന്ന ചിന്തകള്‍ പെയ്തൊഴിഞ്ഞ് ശാന്തമായ മനസ്സിന് വലിയൊരു ഭാരം നഷ്ടമായ സുഖം ...
അത് പകര്‍ന്ന ആശ്വാസവുമായി മുന്നിലെത്തിയ അറ്റന്റസ് രജിസ്റ്ററില്‍ ഒപ്പ് വെച്ച് നിവര്ന്നപ്പോഴെയ്ക്കും പെട്ടെന്ന് മനസ്സിലുദിച്ച ആലോചനയിലെന്നോണം ഫോണെടുത്ത് ഭര്ത്താവിന്റെ നമ്പര്‍ ഡയല്‍ ചെയ്തു....

ബിസ്സിയാണ്...
രണ്ടാമതൊന്നുകൂടി ഡയല്‍ ചെയ്യാനോരുങ്ങവേ, വിളി വന്നു...
"നീ വിളിച്ചിരുന്നോ.....?"
"ഉവ്വ്......അതേയ്, ഗോപിയേട്ടാ,മോള്‍ എത്തിയിട്ടുണ്ട്......വൈകിട്ട് ലേശം നേരത്തെ ഇത് വഴി വരുമോ........ഞാന്‍ കൂടി വരാമായിരുന്നു..."
"അയ്യോ മോളെ, ഞാന്‍ വീട്ടിലെത്തിയല്ലോ....അവള്‍ എന്നെ വിളിച്ചിരുന്നു..."
"ഗോപിയെട്ടനെന്താ ഇന്ന് ഇത്ര നേരത്തെ....."
പെട്ടെന്നാണങ്ങിനെ ചോദിച്ചത്......അവളുടെ സ്വരത്തില്‍ നേരിയ പരിഭ്രമം കലര്‍ന്നത്,മറയ്ക്കാന്‍ കഴിഞ്ഞില്ല....
"രാവിലെ ഞാന്‍ പറഞ്ഞതല്ലേ ...ഒരു സെന്റ്‌ഓഫ് ഉണ്ടെന്ന്...അതിനിടയിലാ മോള് വിളിച്ചത്...കഴിഞ്ഞ പാടെ നേരേ ഇങ്ങു പോന്നു..."
അയാളുടെ നാവു ചെറുതായി കുഴയുന്നുവോ....ഒരു പക്ഷെ തന്റെ തോന്നലാവാം....
സാധാരണ ഗതിയില്‍ ഏറെ വൈകി മാത്രം വീട്ടിലെത്തുന്ന ആളാണ്‌....
ഫംഗ്ഷനുകള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും....

തെറ്റായ ചിന്തയാണ് എന്ന് മനസ്സിനെ പലവട്ടം വിലക്കിയിട്ടും, വിചാരങ്ങള്‍ ആ വഴിയ്ക്ക് തന്നെ നീങ്ങി....
അവളിലെ ആശങ്കകളെ, മുതലെടുക്കാനെന്നോണം....

ഫോണ്‍ കട്ട് ചെയ്തു മുന്നില്‍ നിവര്‍ത്തി വെച്ച ഫയലിലേയ്ക്ക് വീണ്ടും തല പൂഴ്ത്തവേ , അവളില്‍ പൊടുന്നനെ ഒരപായ സൂചന മുളപൊട്ടി....അത് വളര്‍ന്ന് മനസ്സിനെ വല്ലാതെ മഥിച്ചപ്പോള്‍ ഫയല്‍ മടക്കി സീറ്റില്‍ നിന്നും, പേരറിയാത്ത ആധിയും പേറി അവള്‍ ചാടി എഴുന്നേറ്റു....

ധൃതിയില്‍ ബാഗും,കുടയുമെടുത്ത് പുറത്തേയ്ക്ക് നടക്കുമ്പോള്‍ ചുമരിലെ ക്ലോക്കിലെയ്ക്ക് നോക്കി ചോദ്യ ഭാവത്തില്‍ പുരികം ചുളിച്ച സൂപ്രണ്ടിന് നേര്‍ക്ക്‌ അതിനുള്ള മറുപടി എറിഞ്ഞു കൊടുത്തും കൊണ്ട്, വല്ലാത്ത ഒരു കിതപ്പോടെ അവള്‍ പുറത്തേയ്ക്ക് നടന്നു...........
മന:സ്സാന്നിദ്ധ്യം നഷ്ടപ്പെട്ടവളെപ്പോലെ........

"മോള്‍ വീട്ടിലെത്തി.......ഹസ്ബന്റ് മാത്രമേ വീട്ടിലുള്ളൂ..........."

പരിഭ്രമത്തില്‍ പൊതിഞ്ഞ ആ വാക്കുകളുടെ അന്തരാര്‍ത്ഥം, തിരിച്ചറിഞ്ഞ സഹപ്രവര്‍ത്തകര്‍ ഒരു നിമിഷം തരിച്ചിരുന്നു പോയി......ഒന്നുമുരിയാടാനാവാതെ......


ളില്‍ പേറി .........

(ഈ കഥ പ്രസിദ്ധീകരിച്ചുവരും മുന്‍പേ, നെറികെട്ട ഈ ലോകത്തുനിന്നും അവള്‍ രക്ഷപ്പെട്ടു....ആ" മേഘ ജ്യോതിസ്സിന്‍റെ"
നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീരില്‍ കുതിര്‍ന്ന
ഒരു കുടന്ന പൂക്കളാല്‍ പ്രണാമം.....)





കവിയുടെ കാമുകി.....

ഞായരാഴ്ചയായിരുന്നിട്ടും ഉറക്കമുണര്‍ത്താനായേല്‍പിച്ച പതിവ് ദൌത്യം കൃത്യമായി നിറവേറ്റി അലാറം വായ പൂട്ടിയപ്പോള്‍ ഉറക്കം മുറിഞ്ഞതിന്റെ അലോസരം തീരെ ഭാവിയ്ക്കാതെ അയാള്‍ കിടക്ക വിട്ടെഴുന്നേറ്റു....
ജനല്‍പ്പാളികള്‍ക്ക് മുകളിലെ വിടവിലൂടെ പുറത്തു പെയ്തു വീഴുന്ന മഞ്ഞില്‍ നനഞ്ഞ കുളിര്‍ കാറ്റ് മുടിയിഴകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്നതില്‍ കൊതി പൂണ്ട മനസ്സിനെ പിന്തിരിപ്പിച്ച് നേരെ നടന്ന് കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ തലേ രാത്രി ഏറെ വൈകി പോസ്റ്റ്‌ ചെയ്ത കവിതയുടെ മേലുള്ള പ്രതികരണമറിയാന്‍ മനസ്സ് വല്ലാതെ തിടുക്കം കാട്ടി........
ഇടയ്ക്ക്, താനെഴുന്നെറ്റതറിഞ്ഞ് വാതില്‍ക്കലെത്തി നോക്കിപ്പോയ ഭാര്യ ചായയുമായി കടന്നു വരുമ്പോള്‍ അവളുടെ ചുണ്ടുകളിലൊളിപ്പിച്ച പരിഹാസത്തില്‍ പൊതിഞ്ഞ പുഞ്ചിരി അയാള്‍ ശ്രധിയ്ക്കാതിരുന്നില്ല....

ഞായറാഴ്ചകളില്‍ എന്ത് ഭൂകമ്പമുണ്ടായാലും പത്തു മണിവരെ മൂടിപ്പുതച്ചു കിടക്കുന്നയാളാണ്....
കമ്പ്യൂട്ടറില്‍ നെറ്റ് കണക്ഷന്‍ കിട്ടിയമുതല്‍ ഓഫീസില്‍ നിന്നെത്തിയാലുടന്‍ പിന്നെയതിന്റെ മുന്നില്‍ ഒരേയിരുപ്പാണ് ....
ഒരുകാലത്ത് കൈയ്യക്ഷരവും, ചിന്താശക്തിയും പൊയ്പ്പൊകുമെന്നു പറഞ്ഞു കമ്പ്യൂട്ടറിനെ ശക്തമായി വിമര്‍ ശിച്ചിരുന്നയാളാണ്....
ഇപ്പോള്‍ ബ്ലോഗെഴുത്ത് തലയ്ക്കുപിടിച്ച്, കാലക്രമത്തില്‍ തന്നെപ്പോലും മറന്നെയ്ക്കുമെന്ന ഭീതിയിലാണവള്‍
അവളുടെ ആത്മഗതങ്ങള്‍ അയാള്‍ തിറിയുന്നുണ്ടായിരുന്നു....
മുന്‍പ് പലവട്ടം അവള്‍ ഉറക്കെ ആവര്‍ത്തിച്ചു പറഞ്ഞു തന്നെ ഉത്തരം മുട്ടിച്ച മനോവിചാരങ്ങള്‍...

അയാള്‍ക്കും ആശ്ച്ചര്യമായിരുന്നു....
എത്രയോവര്‍ഷമായി അക്കങ്ങളും, ജ്യാമിതീയ രൂപങ്ങളും മാത്രം തന്റെ പേനത്തുമ്പില്‍ നിന്നും ഒലിച്ചിറങ്ങിയിരുന്നിടത്ത് , താന്‍ പിന്നെയും എഴുതിത്തുടങ്ങിയിരിയ്ക്കുന്നു.........അതും വല്ലാത്ത ഒരു അഭിനിവേശതോടെ....
പിന്നെയത് ബ്ലോഗെഴുത്തിനു വഴിമാറിയപ്പോള്‍, ഏതാണ്ട് അതിനു അടിപ്പെട്ട മട്ടായി, ശ്രീമതി പരിഭവിച്ച മാതിരി....
ഒരിയ്ക്കള്‍ കമ്പ്യൂട്ടരറിനെ ഭര്‍ത്സിച്ച തന്റെ അത് വാങ്ങാനായുള്ള ഉത്സാഹം കണ്ടപ്പോള്‍ ഭാര്യ അടക്കം പറഞ്ഞു ചിരിച്ചു....
പഠനാവശ്യത്തിനു കമ്പ്യൂട്ടര്‍ വേണമെന്ന് മകള്‍ വാശി പിടിച്ചപ്പോള്‍, ചെറുപ്പത്തില്‍ ഒറ്റ ഉടുപ്പും, ട്രോസറു മായി സ്കൂളില്‍ പോയിരുന്ന തന്റെ ദരിദ്രമായ പഠനകാലം ഓര്‍മ്മിപ്പിച്ച് അവളെ അതെല്ലാം ആര്‍ഭാടമാണെന്നു ധരിപ്പിച്ചതോര്‍ത്തു മകളും അമ്മയ്ക്കൊപ്പം കൂടി....
കുറിച്ചിടുന്ന വരികള്‍ക്ക് കമന്റുകള്‍ നിറയുമ്പോള്‍, പിന്നെയും എഴുതാനുള്ള മനസ്സിന്റെ പ്രലോഭനത്തെ തടുത്തു നിര്‍ത്താനാവുന്നില്ല....

മനസ്സിന്റെ പ്രലോഭനം എന്നതിലുപരി സത്യത്തില്‍ അവളുടെ പ്രോത്സാഹനത്തില്‍ പൊതിഞ്ഞ കാന്തിക പ്രേരണയല്ലേ തന്നെ പിന്നെയും എഴുതാന്‍ പ്രേരിപ്പിയ്ക്കുന്നത്....
ചിന്തകള്‍ അവിടെയെത്തി മുട്ടി ന്ല്‍ക്കവേ അയാളുടെ മിഴികള്‍ കമ്പ്യൂട്ടറിന്റെ കോണില്‍ പിന്നെയും കറങ്ങിക്കൊണ്ടിരിയ്ക്കുന്ന ഭൂഗോളത്തിന്റെ പരിച്ഛെദത്തില്‍ ഉടക്കി നിന്നു ....
നെറ്റ് കണക്ട് ആയിരിയ്ക്കുന്നു....
ലോഗിന്‍ ചെയ്തു നോക്കുമ്പോള്‍ പുതിയ കവിത അപ്പ്രൂവ് ആയിരിയ്ക്കുന്നു...
അതോരിക്കല്‍ക്കൂടി വായിയ്ക്കുവാന്‍ നില്‍ക്കാതെ കണ്ണുകള്‍ കമന്റ് ബോക്സിലെയ്ക്കു നൂഴ്ന്നിറങ്ങി.....
വര്‍ധിച്ചുവരുന്ന ജിജ്ഞാസയോടെ ....
അവളുടെ കമന്റുണ്ട്, ഇന്നും പതിവുപോലെ ആദ്യം തന്നെ ....
പുറത്തെ മഞ്ഞിന്റെ കുളിര് മനസ്സിലേയ്ക്ക് പകര്‍ന്ന മാതിരി......... സുഖമുള്ള ഒരു കുളിര്‍മ്മ...

"റാംജി....കവിത നന്നായിരിയ്ക്കുന്നു.....വിശപ്പടങ്ങാത്ത തിരക്കൂട്ടങ്ങള്‍ തമ്മിലടിച്ചു ചിതറുന്ന ക്ഷീണിച്ച ശബ് ദം......വരികള്‍ മനോഹരം.....ആശംസകളോടെ.......വീണാ വര്‍മ്മ...."

അയാളുടെ ഉള്ളം ആകെ പൂത്തുലഞ്ഞു......ഒരു നിര്‍വൃതിയുടെ തിരത്തള്ളലില്‍....
മറ്റു കമന്റുകള്‍ ശ്രധിയ്ക്കാനെ പോയില്ല....
തന്റെ വരികള്‍ അവള്‍ക്കായുള്ളതാണ്....മറ്റുള്ളവര്‍ വേണെമെങ്കില്‍ കമന്റിടട്ടെ, അതുവഴി അവര്‍ അഭിമാനിയ്ക്കട്ടെ ഈ കവിയെ അനുമോദിയ്ക്കാന്‍ അവസരം ലഭിച്ചതില്‍.....
മിഴികള്‍ ചാറ്റിംഗ് ബൊക്സിലേയ്ക്ക് പറിച്ചു നട്ടു....

അവള്‍ ഓണ്‍ലൈനില്‍ ഉണ്ട്.....മനസ്സിലെ ആഹ്ലാദം നിറഞ്ഞു തുളുമ്പുന്ന മട്ടായി....
ഒരു ഗുഡ്മോര്‍ണിംഗ് നല്‍കി മറുപടിക്ക് കാത്തിരിയ്ക്കുമ്പോള്‍ , മനസ്സിലോര്‍ത്തു.....
ഇവള്‍ ഇത്ര നേരത്തെ ഉണര്‍ന്നോ....
ഒട്ടും വൈകിയ്ക്കാതെ തന്നെ അവള്‍ പ്രതികരിച്ചു.....
മനസ്സില്‍ തിരിച്ചുള്ള മറുപടിയുമായി, റ്റൈപ്പ് ചെയ്യാനോരുങ്ങവേ കറന്റ്‌ പോയി...
നാശം....അയാള്‍ മനസ്സില്‍ സ്വയം ശപിച്ചു......അവള്‍ എന്ത് കരുതിക്കാണും.

മറ്റൊരു തടസ്സവുമില്ലാതെ ആവോളം സംസാരിയ്ക്കാന്‍ കഴിയുമായിരുന്ന ഒരവസരം നഷ്ടമായതില്‍ അയാള്‍ വല്ലാതെ ഖേദിച്ചു....
ഒപ്പം അയാള്‍ തിരിച്ചറിയുകയായിരുന്നു, അക്ഷരങ്ങളുടെ നൂലിഴകളിലേരി തന്റെ ഹൃദയത്തിലേയ്ക്ക് നൂഴ്ന്നിറങ്ങിയ അവള്‍ തന്റെ മനസ്സിനെ എത്ര മാത്രം കീഴ്പ്പെടുത്തിയിരിയ്ക്കുന്നു
എന്ന സത്യം...

മദ്ധ്യവയസ്സിലേയ്ക്ക് നടന്നടുക്കുന്ന തന്റെയുള്ളില്‍ എന്നേ മരവിച്ച കാല്‍പനിക വികാരങ്ങള്‍ മെല്ലെ തലപൊക്കുന്നുവോ......
കവിയുടെ പ്രചോദനം ഇത്തരം ഭ്രമാത്മക കല്പ്പനകളാവാമെന്നു അയാള്‍ സാന്ത്വനിച്ചു....

അതിരാവിലെ എഴുന്നേറ്റു ,മങ്ങിയ വോള്‍ട്ടേജില്‍ നന്നേ ബുദ്ധിമുട്ടി, തലേന്ന് വാങ്ങിവെച്ച ഗോദ്‌റജ് മുടിയിഴകളിലും, മീശമേലും തേച്ച് പിദിപ്പിയ്ക്കുമ്പോള്‍, ചായമുണങ്ങി കുളിച്ചോരുങ്ങുമ്പോഴേയ്ക്കും
ട്രെയിന്‍ മിസ്സാകുമോ എന്ന ആധിയായിരുന്നു, അയാളുടെ ഉള്ളില്‍.....
തലേന്നേ പോകണമെന്ന് കരുതിയതാണ്........ തന്റെ ജീവിതം തന്നെ മുരടിപ്പിച്ച
നശിച്ച പണിത്തിരക്ക് കാരണം അതിനു കഴിഞ്ഞില്ല....

ആലുവയില്‍ വെച്ചുനടക്കുന്ന ബ്ലോഗേഴ്സ് മീറ്റില്‍ ഇന്നെങ്കിലും പങ്കെടുക്കുവാനുള്ള അവധി തരപ്പെടുതിയതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചോര്‌ത്തപ്പൊള്‍ അയാള്‍ സ്വയം ശപിച്ചു... ഒന്നിനും തികയാത്ത .ഒരു പിടി നോട്ടുകള്‍ക്കായി തന്നെ തന്നെ പണയപ്പെടുത്തിയ ജീവിതത്തോടുള്ള അമര്‍ഷത്തോടെ.....

അവള്‍ എത്തുമെന്നുള്ളതിനാല്‍ എങ്ങിനെയും അവിടെയെത്തണമെന്ന
അയാളുടെ പ്രേമാതുരമായ മനസ്സ് ശാട്യം പിടിച്ചു....

യാത്രയിലുടനീളം അവളെ എങ്ങിനെ അഭിമുഖീകരിയ്ക്കും എന്ന ചിന്തയിലായിരുന്നു അയാള്‍....ആദ്യമായി കാണുകയാണ്....ചെറുപ്പക്കാരിയായ അവള്‍ക്ക് തന്നെ ഇഷ്ടമാകുമോ എന്ന ചിന്ത
അയാളുടെ മനസ്സില്‍ ഒരു കാളിമ പടര്‍ത്തി.....
മുക്കാല്‍ ഭാഗവും കഷണ്ടി കരണ്ട തലയും, പ്രായത്തില്‍ കവിഞ്ഞ വാര്‍ധക്യത്തിന്റെ
കടന്നുകയറ്റവും ഒരുപക്ഷെ അവളുടെ മനസ്സിടിയ്ക്കുമോ....
പ്രൊഫൈലില്‍ കൊടുത്തിരുന്നത് ചെറുപ്പത്തിലെ ഫോട്ടോയാണ്....
പക്ഷെ അവള്‍ സ്നേഹിച്ചുണ്ടാവുക തന്നിലെ കവിയുടെ സൗന്ദര്യമായിരിയ്ക്കാമെന്നു
സ്വയം ആശ്വസിയ്ക്കാന്‍ ശ്രമിച്ചു............അങ്ങിനെ വിശ്വസിയ്ക്കാനും....
ഒരുതരം ഉപരിപ്ലവ ചിന്ത..............
പിന്നെ മെല്ലെ എഴുന്നേറ്റു ട്രെയിനിന്റെ സൈഡു മിററില്‍ അയാള്‍ മുഖം നോക്കി .....
വലിയ തെറ്റ് പറയാനാകില്ല....ഇപ്പോഴും കണ്ണുകളുടെ തിളക്കം നഷ്ടമായിട്ടില്ല....
മുഖം അമര്‍ത്തിതുടച്ചു, പോക്കറ്റില്‍ നിന്നും ഫേസ്ക്രീമിന്റെ ടുബെടുത്ത്
ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി മുഖത്ത് തേച്ചു പിടിപ്പിച്ചു......
പിന്നെ അത് പകര്‍ന്ന ആത്മവിശ്വാസത്തിന്റെ കരുത്തുമായി സീറ്റിലേയ്ക്ക് മടങ്ങുമ്പോള്‍ ,
എവിടെയോ പോയൊളിച്ച കാതരനായ ഒരു കാമുകന്റെ ഭാവം വീണ്ടെടുത്ത
സന്തോഷത്തില്‍ അയാളില്‍ ഒരു മൂളിപ്പാട്ടുയര്‍ന്നു...

സുഹൃത്ത് സംഗമം നടക്കുന്ന ഹാളിലെത്തി,പൂവായും, പൂമ്പാറ്റയായും പ്രൊഫൈലില്‍ കണ്ട സുന്ദരന്മാരെയും സുന്ദരിമാരെയും നേരില്‍ പരിചയപ്പെടുമ്പോഴും അയാളുടെ കണ്ണുകള്‍ അവള്‍ക്കായി പരതുകയായിരുന്നു...
വരുമെന്ന്, ഉറപ്പു പറഞ്ഞതാണ്, ഇന്നലെ രാത്രികൂടി....നമ്പര്‍ തന്റെ കയ്യിലില്ല ഒരിയ്ക്കല്‍ ചാറ്റിങ്ങിലൂടെ ചോദിച്ചപ്പോള്‍ അവളുടെ മറുപടിയില്‍ താന്‍ ചൂളിപ്പോയി "
"രാംജി, താങ്കളും മത്തുള്ളവരെപ്പോലാവുകയാണോ.....ഒന്ന് ചാറ്റിങ്ങില്‍ വന്നാലുടന്‍ആദ്യം ഒരു ഹായ് പിന്നെ നമ്പര്‍........."
അവള്‍ പരിഭവിച്ചപ്പോള്‍ സോറി പറഞ്ഞു തന്ത്രത്തില്‍ സംസാരത്തിന്റെ ഗതി മാറ്റി.....
തന്നെ തെറ്റിദ്ധരിച്ചേക്കുമെന്നും, ഇനി ഒരു പക്ഷെ സൌഹൃദം തന്നെ അവസാനിപ്പിച്ചേയ്ക്കുമെന്നും ഭയന്ന്....

പിന്നെയതിന് മുതിര്‍ന്നിട്ടില്ല.....
സ്ത്രീകളെ എല്ലാം പരിചയപ്പെട്ടു കഴിഞ്ഞു....അക്കൂട്ടത്തിലെങ്ങും അവളില്ലന്ന തിരിച്ചറിവ്
അയാളില്‍ മ്ലാനത സൃഷ്ടിച്ചു.....സന്തോഷമെല്ലാം ഒറ്റയടിയ്ക്ക് ചോര്‍ന്നുപോയപോലെ.....
ആരും കാണാതെ മെല്ലെ പുറത്തേയ്ക്ക് നടക്കാനോരുങ്ങവെയാണ് അവതരിപ്പിയ്കുവാനായി ആഗ്രഹിച്ചതിന്‍ പ്രകാരമുള്ള കവിതാആലാപനത്തിനായി അയാളുടെ പേര് മൈക്കില്‍ മുഴങ്ങിയത്.....

ദിനരാത്രങ്ങള്‍ തല പുകച്ചു അവക്കായി, അവളുടെ മുന്നില്‍
അവതരിപ്പിയ്ക്കുവാനായി പണിപ്പെട്ടെഴുതിയ
കവിതയുമായി സ്റ്റെജിലെയ്ക്ക് നടക്കുമ്പോള്‍ അയാള്‍ തീര്‍ത്തും, നിര്‍വികാരനായിരുന്നു.....

നഷ്ടപ്പെട്ട മനസ്സുമായി അയാള്‍ സ്റ്റെജില്‍ ആ കവിത ചൊല്ലുമ്പോള്‍,
ഹാളിന്റെ ഏറ്റവും പിന്നിലായി അവന്‍ ഇരിയ്ക്കുന്നുണ്ടായിരുന്നു......
അപ്പോഴും അവകള്‍ക്കായി പ്രതീക്ഷയോടെ പരതുന്ന പ്രകാശം വാര്‍ന്നുപോയ
അയാളുടെ മുഖത്തേയ്ക്കും ഉറ്റു നോക്കി....
ചുണ്ടില്‍ ഒരു ചെറു ചിരിയോടെ....
കവിയുടെ മനസ്സിലെയും, കവിതയിലെയും പ്രീയ കാമുകി..........
സിദ്ധാര്‍ത്ഥന്‍ എന്ന "വീണാവര്‍മ്മ........."


പ്രശ്ന വിചാരം

തറവാടിനെ ആകെ ഗ്രസിച്ചിരിയ്ക്കുന്ന ശാപതാപങ്ങള്‍ക്ക് പരിഹാരം തേടി അടിയന്തിരമായി ഒരു പ്രശ്നവിചാരം നടത്തണമെന്ന കുടുംബയോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശം
ഏകകണ്റമായി അംഗീകരിയ്ക്കപ്പെട്ടു .

കാലവിളംബം കൂടാതെ യോഗ്യനായ ഒരാളെ കണ്ടെത്താനുള്ള തീരുമാനത്തോടെ യോഗം പിരിയാറായ ഘട്ടത്തില്‍ കൂട്ടത്തില്‍ അല്പം യുക്തിവാദം ജീവനോപാധിയായി കൊണ്ട് നടക്കുന്ന ഒരു സംബന്ധക്കാരനില്‍ നിന്ന് മാത്രം നാമമാത്രമായ പ്രതിഷേധമുയര്‍ന്നു.

"ഏത് കവടിക്കാരനെ വിളിച്ചാലും,ഒരു ചാത്തനോ, മറുതയോ മിനിമം ഓഫറായിരിയ്ക്കും,,,,,ഒടുവില്‍ അതിനെ കുടിയിത്താനെന്നും പറഞ്ഞ് വന്നാല്‍ പത്തിന്റെ പൈസാ ഞാന്‍ തരില്ല....."
തീവ്രവിശ്വാസികളായ കുടുംബസ്നേഹികളുടെ അചഞ്ചലമായ നിശ്ചയദാര്‍ഡിയത്തിന് മുന്നില്‍ അയാളുടെ പ്രതിഷേധം ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ ഒറ്റപ്പെട്ടു പോയി......മുന്‍ നിശ്ചയമനുസരിച്ച്‌ തറവാട്ടുമുറ്റത്തുയര്‍ന്ന പന്തലില്‍ പ്രശ്ന വിചാരത്തില്‍ സംബന്ധിയ്ക്കുവാനായി തായ് വഴികളിലൂടെയും, ശാഖോപശാഖകളില്‍പ്പെട്ട പുല ബന്ധമുള്ളവരും അതില്ലാത്ത സംബന്ധക്കാരും കാലേകൂട്ടിത്തന്നെ വന്നെത്തി .
തറവാടിന്റെ പടിഞ്ഞാറേ മൂലയില്‍ വലിയ ചെമ്പില്‍ വെള്ളമൊഴിച്ച് പാചകക്കാര്‍ കാത്തിരുന്നു.
കാരണവര്‍ തലയെണ്ണമെടുത്ത കണക്ക് കിട്ടി, അരിയിടാനായി.......

"കണ്ടില്ലേ, തറവാട്ടില്‍ ഒരു" പ്രശ്നം" നടക്കുന്നു എന്നറിഞ്ഞപ്പോളേ പിണക്കവും, പരിഭവവും ഒക്കെ മറന്നു എല്ലാവരും ഓടിയെത്തിയത്...."
കൂട്ടത്തില്‍ രസികനായ ഒരു കാരണവര്‍ ഉറക്കെ അതും പറഞ്ഞു ആരെയോ നോക്കി ഒന്ന്കണ്ണിറുക്കിചിരിച്ചു.
അതിലെ ആന്തരാര്‍ത്ഥം തിരിച്ചറിഞ്ഞവര്‍, നല്ല ഒരു തമാശ ആസ്വദിച്ച മട്ടില്‍ അടക്കി ചിരിച്ചു....അത് മനസ്സിലാവാത്തവര്‍ തറവാടിന്റെ വ്യാപ്തിയില്‍ ഉള്ളില്‍ അഭിമാനം പൂണ്ട് ആ അഭിപ്രായം ശരിവെച്ച് തലയാട്ടി.

അറവാതിലിനു നേര്‍ക്ക് കൊളുത്തിവെച്ച എഴുതിരിയിട്ട നിലവിളക്കിനുമുന്നില്‍ ഭസ്മാഭിഷിക്തനായ
ജോത്സ്യന്‍ തറവാട് കാരണവരില്‍ നിന്ന് ദക്ഷിണ വാങ്ങി വെറ്റിലയുടെ ലക്ഷണം നോക്കാനെന്ന വ്യാജേന ഉള്ളിലെ നോട്ടിന്റെ നിറമൊന്നു പാളി നോക്കി ഇടത് തുടയുടെ ചുവട്ടിലേയ്ക്ക് അത് തിരുകിവെച്ചു.
പിന്നെ സഞ്ചിയഴിച്ച് പലകയിലേക്ക് ചൊരിഞ്ഞ കവിടി പലതായി പകുത്ത് ചുരുട്ടിപ്പിടിച്ച മുഷ്ടി നെഞ്ചോട്‌ ചേര്‍ത്ത് കണ്ണടച്ചു .... ഒരു നിമിഷം പ്രാര്ത്ഥനാനിരതനായി....

നിലവിളക്കിനു തൊട്ടു മുന്നില്‍ എല്ലാവരിലും അല്പം മുന്നിലാവണം തന്റെ സ്ഥാനം എന്ന് ധ്വനിപ്പിയ്ക്കുമാറു പുത്തന്‍ കസവ് മുണ്ടിനുള്ളില്‍ പൊതിഞ്ഞ ദേഹത്ത് ബാക്കി നിന്നിടമാകെ സ്വര്‍ണ്ണാഭരണങ്ങളാല്‍ മൂടിയിരിയ്ക്കുന്ന സാവിത്രിയമ്മായിയെ കണ്ടപ്പോള്‍ ഓര്‍മ്മവന്നത് പഴയ നമ്പൂതിരി ചിത്രങ്ങളില്‍ കളിവിളക്കിനു പിന്നില്‍ ചടഞ്ഞിരിയ്ക്കുന്ന തടിച്ച ആത്തേമ്മമാരെയാണ്.

കൂട്ടത്തില്‍ അല്പം ഉയര്‍ന്ന തലത്തിലുള്ള അവരുടെ സ്ഥാനം തറവാട്ടിലെ ആശ്രിത മനോഭാവക്കാര്‍ അംഗീകരിച്ചു കൊടുത്തു.
അതത്ര ദഹിക്കാത്തവര്‍ എഴുപതിലും അണിഞ്ഞോരുങ്ങി നടക്കുന്ന കിളവിയുടെ അല്പത്വത്തില്‍ അടക്കം പറഞ്ഞു ചിരിച്ചു.....
രണ്ടായിരത്തില്‍പ്പരം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കുടുംബത്തിന്റെ കയറ്റിറക്കങ്ങളിലൂടെ നടന്ന് ഉപാസനാ മൂര്‍ത്തികളെ ഓര്‍മ്മപ്പെടുത്തി, പിന്നെ വെച്ചാരാധനയുമായി ഒരവദൂതനെപ്പോലെ ജീവിച്ച് ഇരുന്നൂറു വര്‍ഷങ്ങള്‍ക്ക് മുന്പ് നാടുവിട്ട സന്യാസി അമ്മാവന്‍ ഇന്നും ദക്ഷിണ കാശിയുടെ പ്രാന്തപ്രദേശങ്ങളിലെവിടെയോ ജീവിച്ചിരിയ്ക്കുന്നു എന്നിടത്ത് എത്തി നിന്നപ്പോള്‍ മുത്തശ്ശിമാര്‍ ഭക്തിയുടെ ഉള്‍ക്കുളിരോടെ കൈകള്‍ കൂപ്പിപ്പോയി .


ഒടുവില്‍ നാഗത്തറയില്‍ അതിക്രമിച്ച് കയറി തൊട്ടശുദ്ധമാക്കിയ ഉന്മാദിനിയുടെ അപമൃത്യു വരെ എത്തിയപ്പോഴേയ്ക്കും അന്യാദൃശ്യമായ പ്രവചന ശക്തിയുള്ള അമാനുഷനായി ജോത്സ്യന്‍ വളരുകയായിരുന്നു,കുടുംബാംഗങ്ങളുടെ കണ്ണില്‍...

"പക്ഷെ മറ്റു പല ശാപങ്ങള്‍ക്കുമൊപ്പം ഒരുനവജാത ശിശുവിന്റെ അരും കൊലയുടെ ശാപം കൂടി ഈ തറവാട്ടിനെ തീണ്ടിയിട്ടുണ്ട് ....അങ്ങിനെ വല്ലതും നിങ്ങളുടെ ഓര്‍മ്മയിലുണ്ടോ.......?"
അതും പറഞ്ഞു അയാള്‍ സദസ്സിന് നേര്‍ക്ക്‌ ഗൌരവപൂര്‍വ്വം ദൃഷ്ടികള്‍ പായിച്ചു.

സദസ്സിനെ കൈയ്യിലെടുത്ത ഒരു മാന്ത്രികന്റെ ഭാവഹാവാദികളോടെ...

മനസ്സുകളിലുയര്‍ന്ന അത്ഭുതത്തിന്റെയും, വിഭ്രാന്തിയുടെയും ഉത്തേജിത തലങ്ങളിലായിരുന്നവര്‍ ആ ശാപത്തിന്റെ കഥ കേട്ട്‌ ഒരു നിമിഷം ഞെട്ടിപ്പോയി.....
സംഭീതിയോടെ അവര്‍ പരസ്പരം നോക്കിപ്പോയി,
പേരുകേട്ട ഈ തറവാട്ടില്‍ ഒരു കൊലപാതകമോ...അതും ഒരു നവജാത ശിശുവിന്റെ....
വാമൊഴികളായി പകര്‍ന്നു കിട്ടിയ അറിവുകളുടെ ഓര്‍മ്മചെപ്പില്‍ മുത്തശ്ശിമാര്‍ക്കുപോലും കേട്ടുകേള്‍വിയില്ലാത്ത സംഭവം...
"ഓര്‍ത്തു നോക്ക്,,,അഥവാ മന:പൂര്‍വ്വം നിങ്ങളത് മറച്ചുവെയ്ക്കാന്‍ ശ്രമിച്ചാല്‍, ഓര്‍ക്കുക രാശി മറയും....പിന്നെ ജോത്സ്യന്‍ നിസ്സഹായനാണ്.ബോധപൂര്‍വ്വം നിഷേധിച്ചാല്‍ പ്രശ്ന വിചാരം അവിടെ തീര്‍ന്നു....പരിഹാരം നിര്ദ്ദേശിയ്ക്കാനായാലേ , നിങ്ങള്‍ക്ക് ശാപ വിമുക്തിയുണ്ടാവൂ,,,,,

അതുവരെ നിശ്ശബ്ദമായിരുന്ന സദസ്സില്‍ തേനീച്ചക്കൂടിളകിയമാതിരി മര്മ്മരങ്ങളുയര്‍ന്നു....
ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ ആഴത്തില്‍ മുങ്ങിത്തപ്പുന്നതിന്റെ ശബ്ദം...

അടക്കിപ്പിടിച്ച്‌ നടന്ന ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കുമിടെ സദസ്സിന്റെ പിന്‍ നിരയിലായിരുന്ന സുഭദ്രക്കൊച്ചമ്മയുടെ ശബ്ദമുയര്‌ന്നതും ഒരു നിമിഷം എല്ലാ നാവുകളും നിശ്ശബ്ദമായി....സൂചി വീണാല്‍ കേള്‍ക്കുമാറു നിശ്ശബ്ദത...
"അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, സത്രം പറമ്പിലെ വല്ല്യമ്മായി, അതായത് സാവിത്രിയേടത്തീടെ അമ്മയ്ക്ക് കല്യാണത്തിന് മുന്‍പേ ഒരു കുഞ്ഞുണ്ടായി, രണ്ടാം നാള്‍ മരിച്ചൂന്ന് ....."
അത് പറഞ്ഞു നിര്‍ത്തിയതും സാവിത്രിയമ്മായി മുഖമടച്ച് ആട്ടിയതും ഒരുമിച്ചായിരുന്നു,,,
"പ്ഫാ..........തേവിടിശ്ശി ........."
സ്വതവേ തടിച്ച കഴുത്ത് മുഴുവനായി പിന്നോട്ട് തിരിയ്ക്കാനാകാഞ്ഞതും, പുറത്തേയ്ക്ക് തള്ളിയ അന്ത:ക്ഷോഭത്തിന്റെ ശക്തിയാലും ആ ആട്ടില്‍ മുന്നിലിരുന്ന നിലവിളക്കിലെ തിരിയേഴും ഒരുമിച്ചണഞ്ഞു ....
കല്യാണത്തിന് മുന്‍പേ കറവക്കാരന്‍ അണ്ണാച്ചി പെഴപ്പിച്ചു പെറ്റത് നിന്റെ തള്ള പുത്തേടത്ത് യശോദ....
പിന്നെ നിന്റെ കൊണവതാരം...അതെന്നെക്കൊണ്ട് വെളമ്പിക്കല്ല്....നാവു നാറും ...."
അവര്‍ നിന്ന് വിറഞ്ഞുതുള്ള്കയായിരുന്നു,,,,
സന്യാസി അമ്മാവന്റെ കുടുംബക്കാര്‍ വിസ്മരിച്ച മൂര്‍ത്തികളിലെതോ ദേഹത്ത് കൂടിയ ഉന്മാദ ഭാവത്തില്‍...
മക്കളും മരുമക്കളുമടങ്ങുന്ന സദസ്സിനു മുന്നില്‍ വിവസ്ത്രയാക്കപ്പെട്ടപോലുള്ള അപമാന ഭാരത്താല്‍...
എന്നിട്ടുമടങ്ങാത്ത ശ്ഔര്യവുമായി, രണ്ടെണ്ണം കൂടി പറയാനുള്ള അരിശവും പേറി പ്രായം മറന്നു കൈകള്‍ പിന്നിലൂന്നി മുകളിലെക്കുയരാന്‍ ശ്രമിച്ചതും ഭാരമുള്ള ശരീരം താങ്ങാനാവാത്ത കൈകള്‍ പിന്നോട്ട് വളഞ്ഞു മുതുകിടിച്ചു ചാഞ്ഞു പോയ ഒരു കച്ചിത്തുറു കണക്കെ അവര്‍ തറയിലേയ്ക്ക് വീണു പോയി....

അത് കണ്ട് താങ്ങാനെന്നോണം മുന്നോട്ടാഞ്ഞ നാത്തൂന്റെ കൈകള്‍ അറിയാതെ പിടിവീണതു അവരുടെ മുടിക്കെട്ടിലായിരുന്നു,,,,
മുല്ലപ്പൂ ചൂടിയ കറുത്തു സമൃദ്ധമായ വിഗ്ഗ് നാത്തൂന്റെ കൈപ്പിടിയിലായപ്പോഴേക്കും ഉയര്‍ന്നു പൊങ്ങിയ കൂട്ടച്ചിരിരികള്‍ക്ക് നടുവില്‍ ദേഷ്യവും. നാണവും സഹിയ്ക്കാനാവാതെ തലതാഴ്ത്തി അവര്‍ കിടന്നു....
ആകെ നരച്ച എലുമ്പന്‍ മുടി ആരും കാണാതിരിയ്ക്കാന്‍ പുടവതുമ്പാല്‍ മറയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ട് ............

പിന്നെ ചീറ്റപ്പുലിയുടെ മാതിരി നാത്തൂന്റെ നേര്‍ക്ക്‌ തിരിഞ്ഞു
"നിനക്ക് പണ്ടേ ഒരു ചൊരുക്ക് എന്നൊടുണ്ടെന്നെനിക്കറിയാമെടി , മൂധേവീ,,,,"

പ്രതികരണങ്ങള്‍ പലതലങ്ങളിലേയ്ക്ക് വളരുന്നത്‌ തിരിച്ചറിഞ്ഞ ജ്യോതിഷി മറ്റാരുടെയും ശ്രദ്ധയില്‍ പ്പെടാതെ മെല്ലെ എഴുന്നേറ്റു ബഹളത്തിനിടയില്‍ തട്ടിത്തൂവിപ്പോയ കവിടി കിട്ടിയിടത്തോളം പെറുക്കി സഞ്ചിയിലാക്കി പലകയും കക്ഷത്തില്‍വെച്ചു വടക്കുപുറത്തെ മതില്‍ കവച്ചു കടക്കവേ, അത് കണ്ടുപിടിച്ച പുതുതലമുറക്കാ
രന്‍ പയ്യന്‍ കളിയും കാര്യവും കലര്‍ത്തി വിളിച്ചുപറഞ്ഞത് അയാള്‍ കേട്ടില്ലെന്നു നടിച്ചു...
""ആശാനെ, പോവ്വല്ലേ.......ഞങ്ങളെല്ലാം ചേര്‍ന്ന് ആശാന് ഒരു ദക്ഷിണ തരുന്നുണ്ട്‌,അത്കൂടി വാങ്ങാതെ പോവല്ലേ....."

ആ വാക്കുകളിലെ അപായ സൂചന തിരിച്ചറിഞ്ഞ അയാള്‍ ആദ്യം കണ്ട ഇടവഴിയിലൂടെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു....ആണി രോഗം ബാധിച്ച കാലുകള്‍ നീട്ടി വെച്ച് പരമാവധി വേഗത്തില്‍....
ആരെങ്കിലും വരുന്നുണ്ടോയെന്ന വേവലാതിയോടെ തിരിഞ്ഞു തിരിഞ്ഞു നോക്കി പിന്നെയും നടത്തയ്ക്ക് വേഗം കൂട്ടവേ, അയാള്‍ മനസ്സിലോര്‍ത്ത്പോയി.....

"ഇത്രയുമൊരു "പ്രശ്നം" ഉണ്ടായേക്കുമെന്ന്, പ്രശ്നം വെച്ച് പോലും മനസ്സിലാക്കാന്‍ തനിയ്ക്കായില്ലല്ലോഎന്ന്...,,,,,,,,,,

അപ്പോള്‍ തറവാട്ടില്‍ ഉരുത്തിരിഞ്ഞ പുതിയ "പ്രശ്നങ്ങള്‍ എങ്ങിനെയൊന്നു അവസാനിപ്പിയ്ക്കാനാവുമെന്നറിയാതെ കുഴങ്ങുകയായിരുന്നു, കുടുംബയോഗക്കാര്‍ .......

"പ്രശ്ന "ക്കാരന്‍ അഴിച്ചുവിട്ടു പോയ ദുര്‍ഭൂതങ്ങള്‍ തറവാട്ടു മുറ്റത്തപ്പോഴും മുടിയഴിച്ചിട്ടാടുകയായിരുന്നു........
അവരുടെ നാവുകളില്‍ നിന്നുയര്‍ന്ന തറവാടിന്റെ യഥാര്‍ത്ഥ "ചരിത്രം " പുതു തലമുറക്കാര്‍ ശ്രദ്‌ധയോടെ ഓര്‍മ്മലളിലേയ്ക്ക് ആവാഹിച്ചു.....

ഭാവിയില്‍ എത്തിയേക്കാവുന്ന "പ്രശ്ന"ക്കാരന്റെ വെളിപാടുകളുടെ സ്ഥിതീകരണങ്ങള്‍ക്കായി.....

ശ്രാദ്ധം .............

ചുറ്റുമതിലില്ലാത്ത വിസ്തൃതമായ ക്ഷേത്രമൈതാനത്തിനു കോണിലെ അരയാൽത്തറയ്ക്കു മുന്നിൽ യാത്രയവസാനിപ്പിച്ച ബസ്സിൽ നിന്നിറങ്ങി, ഇനിയും വെളിച്ചം വീഴാത്ത നടവഴിയിൽ ചിതറിക്കിടന്ന ഇരുളിന്റെ പാളികൾക്കിടയിലൂടെ ഇടവഴിയുടെ അങ്ങേതലയ്ക്കലെയ്ക്ക് നടന്ന്, ആദ്യ പടവിറങ്ങുമ്പോഴേ കണ്ടു മുന്നിൽ അത്രയകലെയല്ലാത്ത ദൂരത്തായി ഇനിയുമുണരാത്ത പുഴ.
ഉറക്കച്ചടവിന്റെ ആലസ്യവുമായി മയങ്ങിക്കിടന്ന പുഴയുടെ അണിവയറിലേയ്ക്ക് പുലരിമഞ്ഞ് ഊര്ന്നിറങ്ങിയ ഞൊറിവുകൾ .......
ഇനിയും തിരക്ക് പടർന്നു തുടങ്ങിയിട്ടില്ലാത്ത പുഴക്കടവിൽ, പിതൃതര്പ്പണത്തിനായെത്തുന്നവരെയും കാത്തു കെട്ടിയുയർത്തിയിരിയ്ക്കുന്ന വിരികളിൽ നിന്നുകൊണ്ട് മിഴികളാൽ തന്നെ ക്ഷണിയ്ക്കുന്ന കാർമ്മികർ
ഓരോ വിഭാഗക്കാരെയും പ്രത്യേകം ആകർഷിയ്ക്കാനായി പേരിനൊപ്പം കുലപ്പെരുമകൂടി ചേർത്തെഴുതിയ വലിയ ബോർഡുകൾ തൂക്കി അവർ കാത്തിരിയ്ക്കുന്നു .
ആത്മാക്കൾക്കും ജാതിയുണ്ടോ ...
നേരെ മുന്നിലായി കണ്ട വിരി നോക്കി നടന്നു അകത്ത് കയറി ....
ആകെ നരച്ച് ,പ്രായാധിക്യത്താൽ മുതുകുവളഞ്ഞ വൃദ്ധനായ ഒരു കർമ്മി........ആദ്യ അതിഥിയെ കിട്ടിയ സന്തോഷതിനാലാവണം ചെറുതായി ഒന്ന് ചിരിച്ചു.വെളുത്ത മുടിനാരുകൾക്കിടയിൽ ഒളിഞ്ഞു കിടന്ന ചുണ് ട്പുറത്ത് കാട്ടാനെന്നോണം.ഒപ്പം മാറിലെ കാവി മുണ്ട് അഴിച്ചു അരയിൽ ചുറ്റി മുഷിഞ്ഞ പൂണൂൽ താൻ ശ്രദ്ധിയ്ക്കുന്നു എന്നുറപ്പ് വരുത്താനും മറന്നില്ല
.
ചുമരിന്റെ കോണിലായി വസ്ത്രം അഴിച്ചു വെച്ച് , തോർത്ത്‌ അരയിൽ ചുറ്റി തിരിഞ്ഞപ്പോഴേയ്ക്കും, കാത്തുനിന്ന അയാൾ വെച്ച് നീട്ടിയ വാൽക്കിണ്ടിയുമായി നനഞ്ഞ മണൽപ്പരപ്പിലൂടെ പുഴക്കടവിലെയ്ക്ക് നടക്കവേ, പുഴ മുറിച്ച് എവിടെ നിന്നോ പറന്നെത്തിയ ഒരു ബലിക്കാക്ക തലയ്ക്കു മുകളിലൂടെ താഴ്ന്നു പറന്ന് പുഴക്കരയിലെ ഇലഞ്ഞിമരചില്ലയിൽ പറന്നിറങ്ങിയിരുന്നു. തന്നെ പാളി നോക്കിക്കൊണ്ട്‌ .
പെട്ടെന്ന് അച്ഛൻ പറയാറുള്ളത് ഓർമ്മ വന്നു.
പരലോകത്തുനിന്നും ആത്മാക്കൾ ആണ്ടുബലിനാൾ ബലിക്കാക്കകളായി ഈ ഇലഞ്ഞി മരച്ചില്ലയിൽ കാത്തിരിയ്ക്കുമത്രെ. തങ്ങളുടെ ഓര്മ്മകൾക്ക് മുന്നിൽ തർപ്പണം ചെയ്യാനായി ഇവിടെയ്ക്കെത്തുന്ന ശേഷക്കാരെയും കാത്ത്. പിന്നെ ദർഭനാമ്പുകളിൽ അവർ ഉതിർത്തുപോകുന്ന ബലിച്ചോറും കഴിച്ചു മടങ്ങും . അടുത്ത വര്ഷം വീണ്ടും വരുവാനായി ...........
ഒരു പക്ഷെ അച്ഛൻ ബലിക്കാക്കയുടെ രൂപത്തിൽ തന്നെ തേടി എത്തിയതായിരിയ്ക്കുമോ .........
ഒരിയ്ക്കലുമാകാനിടയില്ല. കാരണം ജീവിച്ചിരുന്നപ്പോൾ ഒരിയ്ക്കൽപ്പോലും ഒരു പിടി വറ്റ് തനിയ്ക്കായി ചൊരിയാത്ത മകൻ ഈ പുഴയിറമ്പിൽ നാക്കിലയിൽ വെച്ച് പോകുന്ന ബലിപിണ്ഡം അച്ഛൻ ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാനിടയില്ല .
അതുവരെ നെഞ്ചിനുള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന ചിന്തകളുടെ നീറ്റലിൽ ആകെ വിവശനായി .
ഏതൊക്കെ ന്യായവാദങ്ങൾ നിരത്തി മനസ്സാക്ഷിയെ ബോദ്ധ്യ പ്പെടുത്താൻ വൃഥാ ശ്രമിച്ചാലും തന്നെ പിന്തുടരുന്ന ആ കുറ്റബോധത്തിന്റെ നിഴലിൽ നിന്നും ഈ ജന്മം തനിയ്ക്കൊരു മോചനമുണ്ടാകുമോ .
പടവുകളിറങ്ങി, പുഴയിൽ മൂന്നുവുരു മുങ്ങി നിവരവെ,
അത് വരെ അമർത്തി വെച്ച നൊമ്പരമാകെ അണപൊട്ടിയോഴുകിപ്പോയി .
ഇനിയെത്ര പുണ്യ ഘട്ടങ്ങളിൽ ഈ ജന്മമാകെ മുങ്ങി നിവർന്നാലും ഒഴിഞ്ഞു പോകുമോ തന്നെ പിന്തുടരുന്ന പിതൃ ദു;ഖത്തിന്റെ ശാപക്കറകൾ ...

ഒരായുസ്സാകെ കുടുംബത്തിനായി, ഭാരംവലിച്ച് അവശനായ സായന്തനത്തിലും, ഒന്ന് വിശ്രമിയ്ക്കാനുള്ള സാമാന്യനീതി പോലും നിഷേധിയ്ക്കപ്പെട്ടപ്പോൾ അറിയാതെങ്കിലും ആ മനസ്സ് തന്നെ ശപിച്ചു കാണില്ലേ ......
എന്നും തന്നെ ഒരുപാട് സ്നേഹിച്ച, അരുമയോടെ നെഞ്ചോടു ചേർത്ത് പിടിച്ച,തന്നിൽ ഒരുപാട് പ്രതീക്ഷകൾ അർപ്പിച്ചു നുകം വലിച്ച അച്ഛനെ തന്റെ പരിമിതികളുടെ പേരിൽ താൻ മറന്നു എന്നതല്ലേ സത്യം .......
ആ കൃതഘ്നതയ്ക്ക് കാലം തനിയ്ക്ക് മാപ്പ് ന്തരുമോ .............
വാൽക്കിണ്ടിയിൽ നിന്ന് നീര് വീഴ്ത്തി, നിലം മെഴുകി പവിത്രമണിഞ്ഞ്,കർമ്മിയുടെ അസ്പഷ്ടമായ നിർദ്ദേശങ്ങൾക്ക് കാത് നട്ട് ദർഭ നാമ്പിൽ പിണ്ഡമൊരുക്കി പൂവ് ആരാധിച്ച് നമസ്കരിച്ച് നിവർന്നപ്പോഴെയ്ക്കും, അത് വരെ ഉള്ളിൽ കെട്ടി നിർത്തിയ ദു:ഖമാകെ നിയന്ത്രണം വിട്ട് കവിളുകളിലൂടെ ഒലിച്ചിറങ്ങി ....
ബലിയർപ്പിയ്ക്കാനായി ഊഴം കാത്ത് നിന്നവരുടെ ശ്രദ്ധയിൽപ്പെടാതെ മിഴികൾ ഇറുകെ ചിമ്മി .......
നാക്കിലക്കീറിൽ പിണ്ഡവും,ബലിശിഷ്ടവുമായി പുഴക്കടവിലെയ്ക്ക് നടക്കുമ്പോൾ ശ്രദ്ധിച്ചു, അപ്പോഴും തന്നിൽ മിഴികൾ നട്ടിരിയ്ക്കുന്ന ബലിക്കാക്ക ..........
വഴുക്കലുള്ള കൽപ്പടവിറങ്ങി , പാതി മുങ്ങി തലയ്ക്കു മുകളിലൂടെ ഇലക്കീറു പിന്നിലേയ്ക്ക് വീഴ്ത്തി മുങ്ങി നിവർന്നപ്പോഴെയ്ക്കും ആകെ തളർന്നുപോയി....
വല്ലാത്ത ഒരു വിവശതയോടെ കല്പടവിലേയ്ക്കിരുന്നു പോയി, ഒരു നിമിഷം.
മുന്നിൽ ഓളപ്പാളികൾക്കിടയിലെയ്ക്ക് എവിടെ നിന്നോ നുഴഞ്ഞു കയറിയ കാറ്റിൽ ഇഴ പിരിഞ്ഞകലുന്ന ദർഭ നാമ്പുകൾ ............തന്റെ കാൽപാദങ്ങളെ തേടിയെത്തിയ ഒരു കറുകതുണ്ട് പാതി വഴിയെത്തി മടങ്ങിപ്പോയി ..........
മിഴികൾ മേല്ലെപ്പൂട്ടി ..........

അപ്പോൾ കണ്ണിൽ, ഏതോ ലോഡ്ജ് മുറിയുടെ മെഴുക്കു പുരണ്ട ബെഡ്ഡിൽ, അവസാന ശ്വാസത്തിനായി പിടയുന്ന അച്ഛന്റെ മുഖമായിരുന്നു ....വരണ്ട ചുണ്ടുകളിലേയ്ക്കു അവസാനമായി ഒരു തുള്ളി വെള്ളം പോലും ഇറ്റു വീഴ്ത്താൻ ഉറ്റവരാരുമില്ലാതെ നെഞ്ച് പൊട്ടി പുളയുന്ന അച്ഛന്റെ ദൈന്യമാർന്ന മുഖം .........
.
ഉള്ളിലടക്കിപ്പിടിച്ച നൊമ്പരമാകെ, പ്രതിരോധത്തിന്റെ നേർത്ത ചിറപൊട്ടിച്ച് പുറത്തേയ്ക്ക് കുത്തിയൊഴുകി ..........
പരിസരം മറന്നു പൊട്ടിക്കരഞ്ഞു പോയി ...........എത്ര സമയം അങ്ങിനെ ഇരുന്നെന്നറിയില്ല ......

മുടിയിഴകളിൽനിന്നും ഊർന്നിറങ്ങിയ ജലകണങ്ങൾ വീണു നന്നഞ്ഞ ചുമലിൽ ഒരു നനുത്ത സ്പർശം തിരിച്ചറിഞ്ഞപ്പോളാണ് ഞെട്ടിയുണർന്നത് ...........

"എന്താ കുട്ടീ ഈ കാട്ടണത് ...ഇത്ര മുതിർന്ന ആളായിട്ടും കുട്ട്യോളെപ്പോലെ കരയ്വാ .....നോക്കൂ കർമ്മം കഴിഞ്ഞു നിങ്ങൾ കരയൂന്ന്വച്ചാ അഛന്റെ ആത്മാവിനത് വിഷമമാകും ..എല്ലാം മറക്കുക .............എന്തേലും തെറ്റ് ചെയ്തൂന്ന്വച്ച ഇതോടെ അഛൻ ക്ഷമിച്ചൂന്നു കരുതിക്കൊളുക ...എന്നിട്ട് നീരിറങ്ങാതെ തല തോർത്തി മടങ്ങാൻ നോക്കുക ............"
പിന്തിരിഞ്ഞു നോക്കി ...ചുമലിൽ പരുപരുത്ത കൈത്തലത്താൽ തഴുകി വാത്സല്യമാർന്ന മുഖ ഭാവത്തോടെ വൃദ്ധ കർമ്മി ....
പരിസരബോധം വീണ്ടെടുത്ത്‌ കൽപ്പടവിൽ നിന്ന് തിടുക്കത്തിൽ എഴുന്നേറ്റ്, പെട്ടെന്ന് മനസ്സിൽ ഉടലെടുത്ത ഏതോ ഉൾ പ്രേരണയാലെന്നോണം ചുറ്റും കണ്ണോടിച്ചു.............

തനിയ്ക്കടുത്തു നിന്ന കർമ്മിയെ തിരഞ്ഞിട്ടെന്നോണം .............
അപ്പോൾ അങ്ങ്ദൂരെ,ബലിപ്പുരയിലെ തിരക്കുകൾക്കിടയിലിരുന്നു കർമ്മം
ചെയ്യിക്കുന്നതിൽ മുഴുകിയിരിയ്ക്കുന്ന അയാളെ കണ്ട് ഒരു നിമിഷം പകച്ചു പോയി..
അപ്പോൾ അല്പം മുൻപ് അരുകിലെത്തി തന്നെ വിളിച്ചുണർതിയതാര് ................
ഒരു നിമിഷം സ്തംഭിച്ചു നിന്ന് പോയി ...........സ്വപ്നമോ യാഥാർത്യമോ എന്ന് വ്യവച്ഛെദിച്ചറിയാനാവാതെ നിസ്തന്ത്രനായി ..............
പിന്നെ,എന്തോ പരതിയിട്ടെന്നപോലെ കൈകൾ യാന്ത്രികമായി ചുമലിലേയ്ക്കിഴഞ്ഞെത്തി ..........
ചുമലിലെ ആ സ്പർശത്തിന്റെ ഗന്ധം തിരിച്ചറിയാനായി ..............
അച്ഛൻ പതിവായി വലിച്ചിരുന്ന ചാർമിനാർ സിഗരറ്റിന്റെ ചിരപരിചിതമായ ഗന്ധം ............

ശരീരത്തിലാകെ വല്ലാത്ത ഒരു മരവിപ്പ് പടരുന്നത്‌ തിരിച്ചറിഞ്ഞു ..........
സ്വയം നഷ്ടമായതു കണക്ക് നിന്നുപോയി, ചുറ്റുപാടുകളെക്കൂടി വിസ്മരിച്ച് ..... പുഴക്കടവിൽ ആൾക്കൂട്ടത്തിന്റെ മുരൾച്ച ഏറി വരുന്നത് തിരിച്ചറിഞ്ഞപ്പോൾ, ചലനമറ്റു പോയ കാലടികൾ ആയാസത്തോടെ പറി ച്ചെടുത്ത് മെല്ലെ കൽപ്പടവുകൾ ചവുട്ടിക്കയറി ....സത്യവും, മിഥ്യയും തിരിച്ചറിയാനാവാതെ ഒരു സ്വപ്നാടകനെപ്പോലെ ...........

മടങ്ങുമ്പോൾ പുഴയിറമ്പിലെ ഇലഞ്ഞി മരചില്ലയിലേയ്ക്ക് കണ്ണുകൾ അറിയാതെ പാളി വീണു .......

ശൂന്യമായ മരച്ചില്ലകൾക്കിടയിൽ നിന്നും വഴുതിയിറങ്ങിയ ഒരിളം കാറ്റ്,കവിളിണ കളെ മെല്ലെ തഴുകി കടന്നു പോയി .........

"മരണാനന്തര ബഹുമതി......."

പതിവ് പ്രഭാത സവാരിയ്ക്ക്‌ ശേഷം മടങ്ങിയെത്തി ഭാര്യ കൊണ്ട് വെച്ച ചൂട് ചായ മൊത്തിക്കുടിയ്ക്കുമ്പോഴും
അയാളുടെ കണ്ണുകള്‍ അങ്ങകലെ ഇടവഴിയുടെ അങ്ങേത്തലയ്ക്കല്‍ ഇനിയും പ്രത്യക്ഷപ്പെടാന്‍ വൈകുന്ന പത്രക്കാരന്‍ പയ്യന്റെ സൈക്കിളിനായി തിരയുകയായിരുന്നു.....
അത് പിന്നെയും വൈകിയപ്പോള്‍ അയാളില്‍ അസ്വസ്ഥത വല്ലാതെ പെരുകിക്കൊണ്ടിരുന്നു......
തികട്ടി വന്ന അക്ഷമയുമായി, മുണ്ടിന്റെ കോന്തലയില്‍ ഭദ്രമായി കെട്ടി വച്ചിരുന്ന ടിക്കറ്റെടുത്ത്, പലകുറി വായിച്ചു ഹൃദിസ്ഥമാക്കിയ
അക്കങ്ങളിലൂടെ ഒരിയ്ക്കല്‍ക്കൂടി കണ്ണോടിയ്ക്കുമ്പോള്‍,അയാള്‍ സ്വയം ചിരിച്ചുപോയി.....

എത്രയോ നാളായി മുടക്കമില്ലാതെ തുടരുന്ന ഒരു ശീലമാണ് .........
ഇന്നോളം പേരിനു പോലും ഒരു ചെറു സമ്മാനം കൂടി കിട്ടിയിട്ടില്ല .....
എന്നിട്ടും ആ ശീലം ഇപ്പോഴും തുടരുന്നു....
ആദ്യമൊക്കെ എല്ലാ ആഴ്ചയ്ലും ഒരെണ്ണമെന്നതായിരുന്നു കണക്ക് ...


പെന്‍ഷനായ ശേഷം അത് മാസത്തില്‍ ഒന്നായി ചുരുങ്ങി.....
എല്ല്ലാ മാസവും, ട്രഷറിയിലെത്തി പെന്‍ഷന്‍ പണം ഒപ്പിട്ടു വാങ്ങി,പുറത്തിറങ്ങി വിശാലമായ
വളപ്പിലെ, വെയിലോഴിഞ്ഞ കോണില്‍ നിന്നും കൊണ്ട്, ചായമിളകിത്തുടങ്ങിയ കളക്ട്രേറ്റ് മന്ദിരത്തിന്റെ പ്രായാധിക്യത്താല്‍ ജരാനര ബാധിച്ച മുഖത്തേയ്ക്കും നോക്കിയങ്ങിനെ നില്‍ക്കും കുറെ നേരം .......
എത്രയോ വര്ഷം തനിയ്ക്ക് അന്നം തന്ന സ്ഥാപനമാണ്‌ ......
പിന്നെ,ഇനിയുമൊരുവട്ടം കൂടി തമ്മില്‍ കാണാനാകണമേയെന്ന പ്രാര്‍ത്ഥനയുമായി, റോഡുമുറിച്ചുകടന്ന്‌
നേരേ ബഷീറിന്റെ പീടികയിലേക്ക്‌......

അവിടെനിന്നും ഒരു സര്ബത്ത് കുടിച്ചു കഴിയുമ്പോളേയ്ക്കും പതിവ് ലോട്ടറിക്കാരന്‍ കൃത്യമായെത്തി യിരിയ്ക്കും....മുഖത്ത് വെച്ച് പിടിപ്പിച്ച സ്ഥിരം ചിരിയുമായി....
ലോട്ടറിയും വാങ്ങി, ബഷീര്‍ പൊതിഞ്ഞു തരുന്ന മിറായിപ്പൊതിയുമായി, നേരെ വീട്ടിലേക്കു....
അതവള്‍ക്കുളളതാണ് .........
അവിടെ മാത്രം കിട്ടുന്ന വിവിധ നിറങ്ങളിലുള്ള നാരങ്ങാ മിറായി,അവള്‍ക്കത് വലിയ ഇഷ്ടമാണ്.....
എത്രയോ കാലമായി തുടരുന്ന ഒരു പതിവ്...
ആദ്യമാദ്യം കുട്ടികള്‍ക്കെന്ന വ്യാജേനയാവും വാങ്ങിവരിക.....
പക്ഷെ, അവള്‍ക്കറിയാം അത് തനിയ്ക്കുള്ളതാണെന്ന് .....

ഇനി ഈ വയസ്സുകാലത്ത് ഒരു ധനസമ്പാധനം പ്രതീക്ഷിച്ചല്ല ഈ ഭാഗ്യ പരീക്ഷണം ......
ചെറിയ ഒരു സമ്മാനമെങ്കിലും കിട്ടിയാല്‍ സന്തോഷമായി.....
അമിതമായ ആഗ്രഹങ്ങളൊന്നും ബാക്കി നില്‍ക്കുന്നില്ല.....

മരിയ്ക്കും മുന്‍പ് , സാധിച്ചാല്‍ തന്നോളം പ്രായമുള്ള ഈ മേല്‍ക്കൂര യൊന്നു പൊളിച്ചുപണിയണം
പലപ്പോഴും തമാശയായി താന്‍ തന്നെ പറയാറുള്ളത് പോലെ, ഇനിയൊന്ന് ആത്മഹത്യ ചെയ്യാമെന്ന് വെച്ചാല്‍ കൂടി,ശോഷിച്ച തങ്ങളുടെ ശരീരം പോലും താങ്ങാന്‍ ശേഷിയില്ലാത്തത്ര പഴകി ദ്രവിച്ച അവസ്ഥയൊന്നു മാറാന്‍....
അതല്ലെങ്കില്‍, ഒരുപക്ഷെ തന്റെ കാലശേഷം അത് നടുവിടിഞ്ഞു വീണാവും അവളുടെ അന്ത്യം....
അതനുവദിച്ചുകൂടാ...
പിന്നെ,മരണ സമയത്ത് കിടക്കയുടെ ചുവട്ടില്‍ ഒരു പാസ്സ് ബുക്കെങ്കിലും ഉണ്ടെങ്കില്‍, ഒരു പക്ഷേ ശവത്തിനെങ്കിലും അല്പം മാന്യത ലഭിച്ചേയ്ക്കാം ......
പറക്കമുറ്റിയപ്പോള്‍ മണ്ണും, മരങ്ങളും പങ്കുവെച്ച് പുതിയ കൂടുകള്‍ തേടി ചേക്കേറാനൊരുങ്ങിയ മക്കള്‍
തങ്ങളെയും പങ്കിട്ടെടുക്കാന്‍ ഒരു ശ്രമം നടത്തി ....
പക്ഷെ നിന്ന് കൊടുത്തില്ല....
ഔപചാരികമായ ആഗ്രഹപ്രകടനത്തിലുപരി ആവശ്യത്തില്‍, ആത്മാര്‍ത്ഥതയില്ലാഞ്ഞതിനാല്‍ നിര്‍ബ ന്ധിയ്ക്കുവാന്‍ അവരും നിന്നില്ല......ഭാഗ്യം......
ശേഷിയ്ക്കുന്ന കാലം, ഈ ഇടുങ്ങിയ കൂരയിലെ അസൌകര്യങ്ങളോടൊപ്പം ഇവിടെത്തന്നെ...
തന്റെ തീരുമാനത്തില്‍ അവളും ഉറച്ചുനിന്നു....

മുറ്റത്തെ ചരല്‍ക്കല്ലുകള്‍ക്ക് മേലേയ്ക്കു പത്രം വന്നു വീഴുന്ന ശബ്ദം കേട്ടാണ് അയാള്‍ ചിന്തവിട്ടുണര്‍ന്നത്‌,,,,,
ഉള്ളിലൂറിവന്ന ആകാംക്ഷയുമായി പത്രമെടുത്ത്‌, നറുക്കെടുപ്പ് ഫലതതിലെ അക്കങ്ങളിലൂടെ അയാളുടെ കണ്ണുകള്‍ പരതി ......ഒരുപാട് പ്രതീക്ഷയോടെ....
ഇക്കുറിയും ഒന്നുമില്ല......

ഇടതു കൈവെള്ളയില്‍ ചുരുട്ടിപ്പിടിച്ച ടിക്കറ്റുമായി, മുറിയ്ക്കുള്ളിലെയ്ക്ക് നടക്കുമ്പോള്‍ അയാള്‍ മനസ്സിനെ ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചു....
ഇനി അടുത്ത മാസം.....

പതിവ് തെറ്റിയ്ക്കാതെ, അടുത്ത പെന്‍ഷന്‍ ദിവസവും അയാള്‍ ലോട്ടറിയെടുത്തു .....
പക്ഷെ അതിന്റെ ഫലം വരുന്നത് വരെ കാക്കാതെ , അയാള്‍ യാത്രയായി....
പെന്‍ഷനും വാങ്ങി, മടങ്ങവേ പതിവില്ലാത്തവിധം എന്തോ ഒരു അരുതായ്മ അയാള്‍ക്ക് തോന്നി....
ശരീരം ആകെ തളരുന്നത് പോലെ....
ബസ്സിറങ്ങി ഒരുവിധം വീട്ടുപടിയക്കലെത്തിയപ്പോഴെയ്ക്കും, അയാള്‍വല്ലാത്ത കിതച്ചു പോയി.....
ഏറെ ആയാസപ്പെട്ട്‌ നടകള്‍ ചവുട്ടിക്കയറി മുറ്റത്തെത്തിയപ്പോഴെയ്ക്കും, വീണു പോകുമെന്ന് തോന്നി.....
വരണ്ടു തുടങ്ങിയ തൊണ്ടയില്‍ കുടുങ്ങിതുടങ്ങിയ ശബ്ദമുയര്‍ത്തി അവളെ നീട്ടി വിളിച്ചു...ആവുന്നത്ര ഉച്ചത്തില്‍ ....
അവള്‍ അകത്തുനിന്നും ഓടിയെത്തിയപ്പോഴേയ്ക്കും തിണ്ണയിലേയ്ക്കിരുന്നു പോയി.....ആകെ വിയര്‍പ്പില്‍ മുങ്ങി.....
വയ്യായ്ക അവളില്‍ നിന്നും മറച്ചുപിടിയ്ക്കാന്‍ ആവുന്നത്ര ശ്രമിച്ചു .......അവള്‍ പരിഭ്രമിച്ചേയ്ക്കുമെന്നു ഭയന്ന്.....
പണമടങ്ങിയ പേഴ്സം, പെന്‍ഷന്‍ ബുക്കും, മിറായിപ്പോതിയും അവളെ ഏല്‍പ്പിച്ച് കഴിഞ്ഞപ്പോഴേയ്ക്കും
അയാള്‍ പിന്നിലേയ്ക്ക് വീണു പോയിരുന്നു.....
അവസാനമായി, അവളോട്‌ ഒന്നു യാത്ര പറയാന്‍ പോലും മറന്ന്......... അയാള്‍ യാത്രയായി....
സ്വപ്‌നങ്ങള്‍ പിന്നെയും ബാക്കി വച്ച്.....
സംസ്കാര ചടങ്ങുകള്‍ക്കായി കുളിപ്പിയ്ക്കുവാനോരുങ്ങവേ, അച്ഛന്റെ മുണ്ടിന്റെ കോന്തലയിലെ കെട്ട് മകന്റെ ശ്രദ്ധയില്‍പ്പെട്ടു....
മറ്റാരും ശ്രധിയ്ക്കുന്നില്ലെന്നുറപ്പ് വരുത്തി, അയാള്‍ മുണ്ടെടുത്ത് അലമാരയുടെ ചുവട്ടിലായി ഒളി പ്പിച്ചു,......വല്ലാത്ത ഒരു കൈയ്യടക്കത്തോടെ......
ചടങ്ങുകള്‍ക്ക് ശേഷം മടങ്ങിയെത്തിയ മകന്‍, ആരുടേയും ശ്രദ്ധയില്‍പ്പെടാതെ മുറിയില്‍ കയറി അലമാരയ്ക്കടിയിലെ മുണ്ടിന്റെ കോന്തലയില്‍ നിന്നും കണ്ടെടുത്ത ലോട്ടറി ടിക്കറ്റുമായി, ഒഴിഞ്ഞ കോണില്‍ എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറിയിരുന്ന്, റിസള്‍ട്ട് പ്രസിദ്ധീകരിച്ചുവന്ന അന്നത്തെ പത്രവുമായി
ഫലം ഒത്ത് നോക്കി.....
ആകാംക്ഷയോടെ, അതിലുപരി ഉള്ളിലൂറിവന്ന കൗതുകവുമായീ......

കൈയ്യിലിരിയ്ക്കുന്ന ടിക്കറ്റിലെ നമ്പരുമായി, പത്രത്തിലെ അക്കങ്ങളിലൂടെ കണ്ണോടിച്ച അയാള്‍ ഒരു നിമിഷം ഞെട്ടിപ്പോയി....

ഒന്നാം സമ്മാനാര്‍ഹമായ അമ്പതു ലക്ഷം രൂപാ, തന്റെ കൈകളിലിരിയ്ക്കുന്ന ടിക്കറ്റിന് ......
ഉള്ളില്‍ അടക്കിപ്പിടിച്ച ആഹ്ലാദം പുറത്തേയ്ക്ക് തുളുമ്പിപ്പോകാതെ, മുറി യ്ക്കുള്ളിലെ
സ്വകാര്യതയിലേയ്ക്ക് അയാള്‍ മെല്ലെ ഊളിയിട്ടു......
പരിഭ്രമത്തിനിടയില്‍, മകന്റെ കൈകളില്‍ നിന്നും വഴുതി വീണ പത്രരതാളിലെ, ചരമക്കോളത്തിലിരുന്ന്,
അപ്പോള്‍ അയാള്‍ ചിരിയ്ക്കുകയായിരുന്നു....
ഏറെ വൈകി തന്നെ തേടിയെത്തിയ, ബഹുമതിയെക്കുറിച്ചോര്‍ത്ത് ........
അപ്പോളും, ഇരുള്‍ മെഴുകിയ പിന്നാമ്പുറത്തെ ചാണകത്തറയുടെ ചുമരും ചാരി അവര്‍ ഇരിയ്ക്കുന്നുണ്ടായിരുന്നു....
തെക്കെപ്പുറത്ത്, ഇനിയും എരിഞ്ഞടങ്ങാത്ത ചിതയില്‍ നിന്നും തൊഴുകൈകളോടെ മേലേയ്ക്കുയരുന്ന
അഗ്നിനാളങ്ങളെയും നോക്കി...........തനിയെ.....
ചുണ്ടില്‍, നാരങ്ങാ മിറായിയുടെ മാധുര്യമൂറുന്ന ചിരിയുമായി, ഇനിയൊരിയ്ക്കലും അയാള്‍ മുറ്റത്തെ കല്പടവുകള്‍ ചവുട്ടിക്കയറി ഇവിടെയ്ക്ക് വരില്ലെന്ന തിരിച്ചറിവില്‍ , അവര്‍ തേങ്ങിപ്പോയി.....
തീര്‍ത്തും ഒറ്റപ്പെട്ടുപോയതിന്റെ, നിസ്സഹായതയോടെ.....

ബലിക്കാക്ക.....

രോഗാതുരയായ വൃദ്ധ മാതാവിന്റെ നില അതീവ ഗുരുതരമാണെന്ന വിവരം ഹോം നഴ്സ് വിളിച്ചറിയിച്ചപ്പോഴേ,
ലോകത്തിന്റെ വിവിധ കോണുകളിലായി കൂട് കെട്ടിയിരുന്ന മക്കള്‍ ആദ്യം കിട്ടിയ ഫ്ലൈറ്റുകളില്‍ തന്നെ പറക്കാനാരംഭിച്ചു......
അമ്മയുടെ അന്ത്യം തന്റെ മടിയില്‍ കിടന്നാകണമെന്നുള്ള ഗൂഡലക്ഷ്യവും മനസ്സിലൊളിപ്പിച്ച്.....

കൂട്ടത്തില്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഉയര്‍ന്ന ഉദ്യോഗം ഭരിയ്ക്കുന്ന ഏക മകള്‍, ഹോം നെഴ്സിനെ വിളിച്ചു കഴിഞ്ഞ തവണ താന്‍ കൊണ്ടുവന്ന ഗംഗാ ജലം നിറച്ച പാത്രം അലമാരയ്ക്കുള്ളില്‍ ഭദ്രമായിരിപ്പുണ്ടെന്നുറപ്പു വരുത്തി.....ഒപ്പം,താന്‍ എത്തിയ ശേഷം മാത്രമേ അത് പുറത്തെടുക്കാവൂ എന്ന് അവളെ പ്രത്യേകം ചട്ടം കെട്ടാനും മറന്നില്ല.....
അവസാനത്തെ ഒരു തുള്ളി വെള്ളം...
അത് തന്റെ കൈകള്‍ കൊണ്ട് തന്നെ വേണം....
മക്കളെയും,മരുമക്കളെയും വഹിച്ചുകൊണ്ടുള്ള ആകാശയാനങ്ങള്‍ തറവാടിനു മുകളിലൂടെ
അടുത്ത വിമാനത്താവളം ലക്ഷ്യമാക്കി മുരണ്ടുപറന്നപ്പോഴേയ്ക്കും,
അമ്മയുടെ നെഞ്ചില്‍ കുടുങ്ങിയ അവസാന ശ്വാസം മുകളിലെക്കുയര്‍ന്നിരുന്നു......
ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാതെ .........
അലമാരയിലെ ഗംഗാ ജലം,വരണ്ട ചുണ്ടിലെക്കിറ്റു വീഴാന്‍ കാക്കാതെ.....
ആരുമറിഞ്ഞില്ല,,,,,
തൊട്ടടുത്ത മുറിയില്‍ കാമുകനുമായി, മൊബൈലില്‍ അടക്കം പറഞ്ഞ്, അമര്‍ര്തിചിരിച്ചു കിടന്ന ഹോംനഴ്സ് പോലും....
തിരുമ്മിയടയ്ക്കാന്‍ മറന്ന ആ മിഴികളില്‍ നിന്നും ഒലിച്ചിറങ്ങിയ ഒരു തുള്ളി കണ്ണു നീര്‍ വരണ്ട ചുണ്ടുകളിലെക്കൊഴുകിയെത്താതെ, ചുക്കിച്ചുളിഞ്ഞ കവിളില്‍ പാതി വഴിയെത്തി പറ്റിപ്പിടിച്ചു നിന്നു ....
കൂട്ടിയടയ്ക്കാന്‍ മറന്നുപോയ വായ അപ്പോഴും തുറന്നു തന്നെയിരുന്നു......
എന്തോ പറയാന്‍ മറന്നിട്ടെന്നപോലെ......

മക്കളുടെയും, മരുമക്കളുടെയും പ്രൌഡി വിളിച്ചറിയിയ്ക്കും വിധം ആര്ഭാടമായിത്തന്നെ അമ്മയുടെ സംസ്കാരം നടത്തി....
തെക്കെപ്പറമ്പിന്റെ കോണില്‍ അമ്മ ഒരോര്‍മ്മയായി....
വിസ്മൃതിയുടെ തുരുത്തില്‍ എന്നേ തന്നെ ഉപേക്ഷിച്ച മക്കള്‍ക്ക്‌, പിന്നെയും മറക്കുവാനായി.....

കുളിച്ചു ഈറന്‍ തറ്റുടുത്ത്‌,കൈ വിരലുകളില്‍, പവിത്രമണിഞ്ഞ് മക്കള്‍ അമ്മയ്ക്ക് ദര്‍ഭ നാമ്പുകളില്‍ പിണ്ഡമൊരുക്കി...
എള്ളൂo,പൂവും,ചന്ദനവും ചേര്‍ത്ത് അമ്മയുടെ ആത്മാവിന്റെ മോക്ഷത്തിനായി നൂറ്റൊന്നുരു നീര് വീഴ്ത്തി....
അജീര്‍ണ്ണം ബാധിച്ച ശരീരങ്ങള്‍ ആയാസത്തോടെ വളച്ച്, സാഷ്ടാംഗം നമസ്കരിച്ചു....
തെക്കുപുറത്തെ ചാണകത്തറയില്‍ പിണ്ഡം വെച്ച്, പവിത്രമൂരി കൈകള്‍ നനച്ചു മേലേയ്ക്കു നോക്കി കൈകള്‍ ഉറക്കെ കൂട്ടിയടിച്ചു....
അമ്മയുടെ ആത്മാവ് ബാലിക്കാക്കയായെത്തുന്നതും കാത്ത് ...........
മുറ്റത്തെ മാവിന്റെ ചില്ലയിലേക്ക് എവിടെ നിന്നോ ഒരു ബലിക്കാക്ക പറന്നെത്തി....മര ചില്ലയിലിരുന്നും കൊണ്ട് ചാഞ്ഞും ചെരിഞ്ഞും താഴേയ്ക്ക് നോക്കി......
"കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള ആളുടെ പിണ്ഡമാകുമത്രേ ആദ്യം കൊത്തുക....."
പിന്നില്‍ നിന്നാരോ അടക്കം പറഞ്ഞു....
അതോടെ എല്ലാ കണ്ണുകളും സ്വന്തം പിണ്ഡത്തിലായി.......
ആരുടെതാവും ആദ്യം കൊത്തുക എന്ന ഉദ്യോഗവും മനസ്സില്‍ പേറി, അതിലുപരി അത് തന്റേതു തന്നെയാകണമെന്ന വാശിയോടെ, നിന്നിടത്തു നിന്നും മാറാതെ......

ആളൊഴിയുന്നതും കാത്ത് മരക്കൊമ്പിലിരുന്നു മുഷിഞ്ഞ ബലിക്കാക്ക, പിണ്ഡങ്ങളിലേക്ക് ഒരിയ്ക്കല്‍ കൂടി തിരിഞ്ഞു നോക്കി നിരാശയും പേറി പറന്നകന്നു.....
ഏതോ അടുക്കളയുടെ പിന്നാമ്പുറത്തെ എച്ചിലും തേടി.....വിശന്നെരിയുന്ന വയറുമായി.............

തെക്കെപ്പറമ്പില്‍, അമ്മയുടെ ആത്മാവ് പിന്നെയും നൊമ്പരപ്പെട്ടു....
മക്കള്‍ ഒരുക്കിയ ബലിച്ചോര്‍ പോലും കഴിയ്ക്കാനാവാത്ത നിര്ഭാഗ്യത്തെ ഓര്‍ത്ത് ............

തട്ടിന്‍ പുറത്ത് ,അപ്പോഴേയ്ക്കും മക്കളും, മരുമക്കളും ചേര്‍ന്ന് "പുല വീടല്‍ " ആരംഭിച്ചിരുന്നു.....
മുന്തിയ വിസ്കി ഗ്ലാസ്സുകളില്‍ പകര്‍ന്നു കൊണ്ട്.....
അവരുടെ ആരവങ്ങള്‍ ജന്നലഴികള്‍ക്കിടയിലൂടെ തെക്കേപ്പറമ്പിലെ ഇരുളിലേക്ക് പടരുമ്പോള്‍, കുഴി മാടത്തിനരികിലെ മരച്ചില്ലയില്‍ നിന്നും ഒരു ബലിക്കാക്ക സ്വൈരം നഷ്ടപ്പെട്ടത്തിന്റെ അലോസരവും പേറി എവിടെയ്ക്കോ പറന്നകന്നു .............
ഇരുളിന്റെ നെഞ്ചിന്‍ കൂട് തുരന്നും കൊണ്ട്....

യാത്രാമൊഴി...............

മുപ്പതിയഞ്ചു വര്‍ഷങ്ങള്‍ നീണ്ട ഔദ്യോഗിക ജീവിതത്തില്‍ ഈ സ്ഥാപനത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച തന്റെ സ്തുത്യര്‍ഹമായ സേവനത്തെ പ്രതി മേലധികാരികളും, സഹപ്രവര്‍ത്തകരും
കാണാപ്പാഠം പഠിച്ചിട്ടെന്നോണം ഉരുവിട്ടു മടങ്ങുന്ന അപദാനങ്ങള്‍ ഓരോന്നായി കേള്‍ക്കവേ, മേലധികരികള്‍ക്കൊപ്പം വേദി പങ്കിടുന്നതിന്റെ സങ്കൊചവും പേറി കസേരയില്‍ ജാള്യതയോടെ ഒരു നനഞ്ഞപക്ഷി മാതിരി കൂനിപ്പിടിച്ചിരുന്ന അയാളുടെ ഉള്ളില്‍ അരുതെന്ന് വിലക്കിയിട്ടും അവരുടെ മനസ്സാക്ഷിക്കുത്തില്ലാത്ത പ്രകടനങ്ങള്‍ക്ക് നേര്‍ക്ക്‌ പരിഹാസത്തില്‍ പൊതിഞ്ഞ ഒരു ചിരി മുളപൊട്ടി....
ഒപ്പം ഇനിയൊരുപക്ഷേ ഇവര്‍ക്ക് ആള് തെറ്റിപ്പോയോ എന്ന കൌതുകമാര്‍ന്ന ഒരു സന്ദേഹവും.

ഒന്നിനും കൊള്ളരുതാത്തവന്‍ എന്ന ദുഷ്പേര് ഒരലങ്കാരമായി കൊണ്ടുനടന്നിരുന്ന തന്നെ ഒറ്റതിരിഞ്ഞു ആക്രമിയ്ക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിയിട്ടില്ലാത്ത ചെന്നായ് കൂട്ടങ്ങളാണ് ഇസ്തിരിയിട്ട വാക്കുകളും, മുഖത്ത് തേച്ചു പിടിപ്പിച്ച ചിരിയുമായ് ചുറ്റിലും..
ഒരുപക്ഷെ വലിയൊരു തലവേദന ഒഴിഞ്ഞു പോകുന്നതിലെ ആശ്വാസമാകാം അവരുടെ മനസ്സുകളെ ഭരിയ്ക്കുന്നത്........
മരണശേഷം നമുക്ക് കേള്‍ക്കാനാവാത്ത പൊള്ളയായ സ്തുതിഗീതങ്ങള്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ കേള്‍ക്കാന്‍ അവസരമൊരുക്കുന്ന വിടപറച്ചില്‍ യോഗങ്ങള്‍........
ഒരരഥത്തില്‍ രിട്ടയ്ര്‍മെന്റ് എന്നതും ഒരുതരം മരണമല്ലേ....ക്രയശേഷി നഷ്ടപ്പെട്ടവന്‍ എന്നതിന്റെ ഔദ്യോഗിക സാക്ഷ്യപ്പെടുത്തല്‍....
ചടങ്ങ് അവസാന ഘട്ടത്തിലെത്തിയിരിയ്ക്കുന്നു...
സഹപ്രവര്‍ത്തകര്‍ സ്വരൂപിച്ച പണക്കിഴിയടങ്ങിയ , കവറും നിലവിളക്കും സീനിയര്‍ എങ്ങിനീയറില്‍ നിന്നും ഏറ്റുവാങ്ങവെ ആത്മഗതമെന്ന വ്യാജേന അദ്ദേഹം പങ്കുവെച്ച സ്വകാര്യം മൈക്ക് പിടിച്ചെടുത്തപ്പോള്‍ അതിന്റെ അലയടികള്‍ പരിഹാസദ്യോതകമായ പൊട്ടിച്ചിരികളായി സദസ്സിലാകെ പടര്‍ന്നു.
"ഇനി ചടങ്ങില്‍ ബാക്കിയുള്ളത് പിരിയുന്ന ആളിനെ വീട്ടില്‍ കൊണ്ടാക്കുക എന്ന ചടങ്ങാണ് .തന്റെ കാര്യത്തില്‍ അതിന്റെ ആവശ്യമില്ലല്ലോ ........."
കുനിച്ചു പിടിച്ച ശിരസ്സുമായി ചുവരിന്റെ ഓരം പറ്റി സദസ്സിന്റെ പിന്നിലേയ്ക്ക് മെല്ലെ നടക്കുമ്പോള്‍ സാമാന്യം കനമുള്ള ആ കവറിനുള്ളിലിരുന്നു മുഷിഞ്ഞ നോട്ടുകള്‍, തനിയ്ക്കായി ഒട്ടും തൃപ്തിയില്ലാതെ സംഭാവന കൊടുക്കേണ്ടിവന്ന ഉടമസ്ഥന്റെ പിറുപിറുക്കലുകള്‍ ആവര്ത്തിയ്ക്കുന്നതായി അയാള്‍ക്ക്‌ തോന്നി.....
സല്‍ക്കാരം ആരംഭിച്ചിരിക്കുന്നു...
"നമ്മെ വിട്ടുപിരിയുന്ന പ്രീയ ചങ്ങാതി നമ്മുടെ സീനിയര്‍ ട്രോളിമാന്‍ സുരേന്ദ്രന് സുഖകരമായ വിശ്രമ ജീവിതം നേര്‍ന്നുകൊണ്ട്, ചിയേഴ്സ് .........."
ആരവങ്ങള്‍ ഉയര്‍ന്നു തുടങ്ങി .....എല്ലായ്പ്പോഴും ഈ ബഹളങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക താനാവും.. ഇടയ്ക്കെപ്പോഴെങ്കിലും തലയ്ക്കു പിടിച്ച ലഹരിയുടെ
മൂര്ത്താവസ്ഥയില്‍ ഉള്ളിലുറ ങ്ങിക്കിടക്കുന്ന ആരോടൊക്കെയോ ഉള്ള പകയാകെ
അസഭ്യവര്‍ഷങ്ങളായി ചൊരിയാനാരംഭിക്കുമ്പോഴേ ആരെങ്കിലും കഴുത്തില്‍ പിടിച്ചുതള്ളി പുറരതാക്കുവോളം അത് തുടരും.
ഇന്നെന്തോ ഒന്നിനും വയ്യാത്ത വിധം ആകെ ഒരുന്മേഷമില്ലായ്മ ..മനസ്സാന്നിദ്ധ്യമാകെ ചോര്‍ന്നു പോയ മാതിരി.
മനസ്സുകളില്‍ പോലും കരിപുരണ്ട ഈ അഴുക്കു ലയത്തില്‍ നിന്നും ഒളിച്ചോടിപ്പോവാന്‍ ഉള്ളുകൊണ്ട് എത്രയോവട്ടം ആഗ്രഹിച്ചിട്ടുണ്ട്.
ഇന്നിപ്പോള്‍ എല്ലാ കെട്ടുപാടുകളില്‍ നിന്നും മോചിതനാകുമ്പോള്‍ എന്തുകൊണ്ടോ മനസ്സാഗ്രഹിച്ച മാതിരി ആ സ്വാതന്ത്ര്യം മുഴുവനായി ആസ്വദിയ്ക്കുവാനാകുന്നില്ല.
ഇടയ്ക്കാരോ തന്റെ സ്ഥിരം ബ്രാന്റായ വില കുറഞ്ഞ റമ്മൊഴിച്ച പ്ലാസ്റ്റിക് ഗ്ലാസ്സുമായി സമീപിച്ചപ്പോള്‍ ആദ്യം നിരസിക്കുകയാണ് ചെയ്തത്.പിന്നെ നിര്‍ബന്ധം ഏറിയപ്പോള്‍ കയ്യില്‍ വാങ്ങി ഒരു കവിള്‍ വലിച്ചപ്പോഴേ ആകെ തികട്ടി വരുന്ന മാതിരി.ആരുംകാണാതെ ഗ്ലാസ് ജന്നല്‍ പടിമേല്‍ വെച്ച് ആരോടും യാത്ര പറയാന്‍ നില്‍ക്കാതെ ലഹരി തലയ്ക്കു പിടിച്ച ആള്‍ രൂപങ്ങളെ വകഞ്ഞൊതുക്കി പുറത്തെ കനം വെച്ചുതുടങ്ങിയ ഇരുളിലേയ്ക്കിറങ്ങി.

"കല്ലൂര്‍ സുമതിയുടെ ചെറ്റയിലെയ്ക്കാവും...........കിട്ടിയത് മുഴുവന്‍ അവിടെ കാണിക്കയിട്ടു എല്ലാം തീരുമ്പോള്‍ ഏതേലും റെയില്‍വെ ട്രാക്കില്‍ കാണാം ................ശവ ജന്മം "

താന്‍ പോയത് തിരിച്ചറിഞ്ഞിട്ടെന്നോണം അശ്ലീലം ധ്വനിപ്പിയ്ക്കുന്ന ചേഷ്ടകളോടെ അതും പറഞ്ഞു ഉച്ചത്തില്‍ ആരോ കാറിതുപ്പിയത് കേട്ടില്ലെന്നു നടിച്ചു.............
പടവുകള്‍ ചവുട്ടിക്കയറി ഗേറ്റ് തുറന്ന് റെയില്‍പാളത്തിലേയ്ക്കിറങ്ങി തിരിഞ്ഞു ഗേറ്റിന്റെ കുറ്റിയിടാവെ, നരച്ച ഇരുട്ടില്‍ തലകുമ്പിട്ടു നില്‍ക്കുന്ന ആ പഴഞ്ചന്‍ കെട്ടിടത്തിന്റെ മ്ലാനമായ മുഖ ത്തെയ്ക്ക് ഒരിയ്ക്കല്‍ കൂടി ഒന്ന്‌ നോക്കി .നാളെ മുതല്‍ ഇവിടെ താനാരുമല്ല.
ഇന്ത്യന്‍ റെയില്‍വേയുടെ മസ്ട്രോളില്‍ നിന്നും സുരേന്ദ്രനെന്ന ഈകീഴ്ജീവനക്കാരന്റെ പേര് വെട്ടിമാറ്റപ്പെട്ടിരിയ്ക്കുന്നു...........
ഇക്കാലമത്രയും ഈ വഷളനെ വെച്ച് പൊറുപ്പിച്ച നിന്റെ സഹന ശക്തിയ്ക്ക് നന്ദി.............

ഇരവിഴുങ്ങി മയങ്ങുന്ന പെരുമ്പാമ്പിനെ കണക്ക് ഇരുളില്‍ ചലനമറ്റു കിടന്ന പാളങ്ങള്‍ മുറിച്ചുകടന്ന് പ്ലാറ്റ്ഫോമിന്റെ ആളൊഴിഞ്ഞ മൂലയിലെ സിമന്റു ബെഞ്ചില്‍ ഇരിയ്ക്കവേ ഇന്നോളം
ഒരിയ്ക്കലും സ്വയം ചോദിച്ചിട്ടില്ലാത്ത ചോദ്യം മനസ്സില്‍ തലയുയര്‍ത്തി.

ഇനിയെങ്ങോട്ട്................?
ഉത്തരമുണ്ടാവില്ല എന്ന തിരിച്ചറിവ് മനസ്സിലുണ്ടായിരുന്നതിനാല്‍ മന:പൂര്‍വ്വം ഉള്ളില്‍ ഉപേക്ഷിച്ച ചോദ്യം.
പ്രത്യാശയോടെ കാക്കാന്‍ മാത്രം നാളെകള്‍ മോഹിപ്പിയ്ക്കുന്ന ഒരു പ്രതീക്ഷ ആയിരുന്നില്ല ഒരിയ്ക്കലും ...........സിരകളില്‍ കുതിച്ചൊഴുകുന്ന ലഹരിയുടെ ഉന്മത്തതയ്ക്കും, വൈകിയെത്തുന്ന ഉറക്കത്തിനുമിടയിലുള്ള ഇടവേളകളില്‍ എന്നും മനസ്സിലുറപ്പിച്ചിരുന്നു, ഇത് തന്റെ അവസാന രാത്രിയാവുമെന്ന് .ആ ചിന്തകളോടെയാണ് എന്നും മരണത്തിന്റെ മണമുള്ള ഉറക്കത്തിലേയ്ക്കു വഴുതി വീഴാറ്.
പക്ഷെ പുലര്‍ച്ചെ ഏതെങ്കിലും വണ്ടിയുടെ നീട്ടിയുള്ള ചൂളം വിളികേട്ടു ഞെട്ടിയുണരുമ്പോളാണ് തിരിച്ചറിയുക, താന്‍ പിന്നെയും ജീവിച്ചിരിയ്ക്കുന്നു എന്ന്...........
കാത്തിരിയ്ക്കാനാരുമില്ലാത്തവനു യാത്രപോകാന്‍ഒരിടമേബാക്കിയുള്ളൂ.........ഒരിയ്ക്കലും യാത്ര നിഷേധിയ്ക്കാത്ത മരണത്തിന്റെ ആ തണുത്ത താഴ്വരയിലേയ്ക്ക്..........

ചിന്തകള്‍ അത്രത്തോളമെത്തിയ മാത്രയില്‍ ഒട്ടും നിനയ്ക്കാതെ ഓര്‍മ്മകളുടെ വിദൂരതയിലെവിടെയോ കാലപ്പഴക്കം കൊണ്ട് ആകെ മങ്ങിപ്പോയ ഒരുമുഖം മൂടല്‍മഞ്ഞിനപ്പുറത്തു നിന്നെന്നപോലെ മനസ്സിലേയ്ക്ക് മെല്ലെ തെളിഞ്ഞു വന്നു..........

തന്റെ താടിരോമങ്ങളില്‍ പിടിച്ചു വലിച്ച് കുഞ്ഞിളം പല്ലുകള്‍ പുറത്തുകാട്ടി കുലുങ്ങി ചിരിച്ചും കൊണ്ട് "ത്താ .......' എന്ന് അസ്പഷ്ടമായി വിളിച്ചു കുസൃതി കാട്ടുന്ന ഒരു കുഞ്ഞു മുഖം..........
എന്നും ഓര്‍മ്മകളുടെ പിന്നാമ്പുറത്തെയ്ക്കു ആട്ടിപ്പായിച്ച ആ ഓര്‍മ്മകളില്‍ മനസ്സുടക്കിയപ്പോള്‍ നെഞ്ചകം അറിയാതെ ഒന്നിടറിപ്പോയി .നഷ്ടമായ ആ സ്വപ്‌നങ്ങള്‍ മനസ്സിനെ വിഹ്വലമാക്കുന്ന പേക്കിനാക്കളായിരുന്നു എന്നും...........
ആദ്യ പോസ്റ്റിങ്ങ്‌ കിട്ടിയ തിരുനല്‍വേലിയിലെ സ്റ്റേഷനില്‍ പുലര്‍കാല വണ്ടിപിടിയ്ക്കാന്‍ പൂക്കുട്ടകളുമായിഎത്തുന്ന സംഘത്തില്‍ പ്പെട്ട അവളുടെ എണ്ണക്കറുപ്പുള്ള കൊഴുത്ത യൗവ്വനത്തിന്റെ തുടുപ്പുകളായിരുന്നു ആദ്യം ആകര്‌ഷിച്ചത് ........
അത് സിരകളിലേയ്ക്ക് വല്ലാത്ത ലഹരിയായി പടര്‍ന്നു കയറുന്നത് തിരിച്ചറിഞ്ഞപ്പോള്‍ മോഹം തുറന്നു തന്നെ പറഞ്ഞു..........എതിര്‍പ്പുണ്ടായില്ല. അവളിലെ കത്തുന്ന യൗവ്വനം ഒരാണിന്റെ അന്തിക്കൂട്ട് പ്രതീക്ഷിച്ച പോലെ .............
രാത്രികാലത്തെ വെറുമൊരു നേരമ്പോക്കായി തുടങ്ങിയ ബന്ധത്തിന്റെ ഗതി മാറി കാര്യം ഗൗരവമായത് അപ്രതീക്ഷിതമായിട്ടായിരുന്നു...........അപ്പോഴേയ്ക്കും വൈകിപ്പോയി.........ആദ്യം അവള്‍ തന്നെ കുടുക്കിയതാണോ എന്ന സംശയമുണ്ടായിരുന്നു........
പിന്നെ തന്റെ തനി പകര്‍പ്പായ പെണ്‍ കുഞ്ഞിന്റെ മുഖം കണ്ടപ്പോള്‍ അവളെ വൃഥാ സംശയിച്ചതിനു സ്വയം പഴിച്ചു...........ജീവിയ്ക്കാന്‍ പ്രേരണ നല്‍കിയ സ്വപ്‌നങ്ങളുടെ കൊച്ചു ഭൂമിക ..........
സ്ഥലം മാറ്റം കിട്ടി പോന്നിട്ടും ശനിയാഴ്ച വൈകുന്നേരങ്ങളില്‍ അവളുടെ കുഞ്ഞു കുസൃതിത്തരങ്ങള്‍ എത്ര വൈകിയിട്ടാണെങ്കിലും അവിടെയ്ക്ക് തന്നെ പിടിച്ചു വലിച്ചു കൊണ്ടേയിരുന്നു..........
തളിര്‍ വെറ്റില കാതോരം ചേര്‍ത്ത് ആ കുഞ്ഞിക്കാതുകളില്‍ മൂന്നുവുരു പേര് ചൊല്ലി
വിളിച്ചു.........മല്ലിക ..........
നിനച്ചിരിയ്ക്കാതെ കണ്‍മുന്നില്‍ എല്ലാം തകര്‍ന്നടിഞ്ഞതുകണ്ടാപ്പോള്‍ ആകെ തകര്‍ന്നു പോയി.......
പതിവില്ലാതെ ഒരു വെള്ളിയാഴ്ച ലീവെടുത്ത് കുഞ്ഞിനുള്ള കളിപ്പാട്ടങ്ങളും, കുഞ്ഞുടുപ്പുകളു മായി വണ്ടിയിറങ്ങി വാതില്‍ക്കല്‍ മുട്ടുമ്പോള്‍ തന്നെ തട്ടി വീഴ്ത്തി പാഞ്ഞ രൂപം കണ്ടു ഞെട്ടിപ്പോയി.........പിന്നാലെ അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങള്‍ നേരെയാക്കി മുഖത്ത് ഭാവഭെദമൊന്നുമില്ലതെ തന്നെ നേരിട്ട അവളുടെ തലയ്ക്കു നേര്‍ക്ക്‌ കയ്യിലുരുന്ന നീളന്‍ ടോര്‍ച്ചു എത്ര വട്ടം ഉയര്‍ന്നു താന്നു എന്നറിയില്ല....കൊല്ലാന്‍ തന്നെ ഉദ്ദേശിച്ച് .......
കലിയടങ്ങിയപ്പോള്‍ തലപൊട്ടി രക്തമാകെ വാര്‍ന്നൊലിക്കുന്ന അവളുടെ നിശ്ചലമായ ശരീരത്തെയാണ് കണ്ടത്............പിന്നവിടെ നിന്നില്ല .കരിമ്പിന്‍ പാടം മുറിച്ചു കടന്നു സര്‍വ്വ ശക്തിയും സംഭരിച്ച് ഓടുമ്പോള്‍ പിന്നാലെ കൊളുത്തിപ്പിടിച്ച പന്തങ്ങള്‍ പാഞ്ഞടുക്കുന്നത്
കാണുന്നുണ്ടായിരുന്നു..............
പിന്നെ ആ വഴിയ്ക്ക് പോയിട്ടില്ല.............ഇടയ്ക്ക് ട്രാന്‍സ്ഫര്‍ ആയി വന്ന തമിഴന്‍ പയ്യന്‍ വഴി അറിഞ്ഞു ...............ചത്തിട്ടില്ലത്രേ.........പ്രത്യേകിച്ചൊന്നും തോന്നിയില്ല.പിന്നെ
ആ ഓര്‍മ്മകള്‍ മനസ്സിനുള്ളില്‍ ഒരിയ്ക്കലും പുനര്‍ജ്ജനി തേടാത്തവിധം ആഴത്തില്‍ കുഴിച്ചു മൂടി...........
ലഹരി വിട്ടൊഴിയുന്ന ഇടവേളകിലെപ്പോഴെങ്കിലും ചീഞ്ഞളിഞ്ഞ ആ ഓര്‍മ്മകളുടെ ദുര്‍ഗന്ധം തികട്ടി വരുമ്പോള്‍ താന്‍ ആകെ അസ്വസ്ഥനാകും...............പിന്നെ ആ കലിയാകെ അടങ്ങുക സുമതിയുടെ ആകെ വിയര്‍പ്പു നാറിയ അഴുക്കില്‍, തളരുന്നത് വരെ ആകെ മാന്തിക്കീറി, വേദന കൊണ്ട് അവള്‍ പുളയുന്നത് കാണുമ്പോളാവും.........
ചിന്ത അവളില്‍ എത്തി നിന്നപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റു .......അവളെ ഒന്ന് കാണണം ....സ്റ്റെഷന് പിന്‍വശത്തെ ഇരുട്ട് ചവുട്ടി അവളുടെ വീട്ടുമുറ്റത്തെത്തുമ്പോള്‍ വഴിയരുകിലെ ഇരുളില്‍ മയങ്ങിക്കിടന്ന വയസ്സന്‍ നായ ഞെട്ടിയെണീറ്റ് അമര്‍ഷത്തോടെ ഒന്ന് മുരണ്ടു........പിന്നെ ആളെ തിരിച്ചരിഞ്ഞിട്ടാവും, വിധേയത്തോടെ വാലാട്ടി സ്വസ്ഥാനത്തേയ്ക്ക് തിരിഞ്ഞു നടന്നു.....
വാതില്‍ക്കല്‍ മെല്ലെ മുട്ടി കാത്തു നിന്നു .ആ പതിവുല്ലതല്ല. .പലപ്പോഴും ചവുട്ടി തള്ളി അകത്തു കടക്കുകയാവും പതിവ്. അത് ഭയന്ന് ഇടവഴിയുടെ അങ്ങേതലയ്ക്കല്‍ തന്റെ ഒച്ച പോങ്ങുമ്പോഴേയ്ക്കും അവള്‍ വാതില്‍ തുറന്നു വച്ചിരിയ്ക്കും.....പിന്നെയും പ്രതികരണം ഉണ്ടാവാത്തതിനാല്‍ അല്‍പ്പം ശക്തിയോടെ രണ്ടു വട്ടം കൂടി മുട്ടി............
"ഏതു പട്ടിയാടാ പാതിരാത്രിയില്‍ ചെറ്റ വാതിലില്‍ മുട്ടുന്നത്.......?'
അകത്തു നിന്നും അവളുടെ ഒച്ചയുയാര്‍ന്നു. ഇനിയും താമസിച്ചാല്‍ ഭരണിപ്പാട്ട് തുടങ്ങും.........
"സുമതി ഇത് ഞാന............."
അകത്തു തിടുക്കത്തില്‍ എന്തോ തട്ടി മറിയുന്ന ശബ്ദം ....
രണ്ടു നിമിഷങ്ങള്‍ക്കകം പാതി തുറന്ന വാതിലിനു പിന്നില്‍ കൈയില്‍ കൊളുത്തിപിടിച്ച മുട്ട വിളക്കുമായി അവള്‍ ഒതുങ്ങി നിന്നു .............
ഉടുതുണി ധൃതിപൂണ്ട് വാരിച്ചുറ്റിയ തിടുക്കത്തില്‍ കുടുക്കിടാന്‍ വിട്ടുപോയ ബ്ലൗസിന്റെ താഴേയ്ക്ക് അവളുടെ കൊഴുത്ത നഗ്നത തല നീട്ടി നിന്നിരുന്നു...........പെട്ടെന്ന് നോട്ടം പിന്‍വലിച്ചു..........
"അണ്ണാ .............അകത്തോരാളുണ്ടല്ലോ........അണ്ണന്‍ ഇനി ഇന്ന് വരില്ലാന്ന് കരുതി............."
അല്പം ഭയത്തോടെ അവള്‍ അറച്ചറച്ചു അത് പറയുമ്പോള്‍ അയാളുടെ ചുണ്ടില്‍ വരണ്ട ഒരു ചിരിയൂരി.........
"വേണ്ട, ഞാനതിനു വന്നതല്ല.....ഞാനിന്നു ജോലിയില്‍ നിന്ന് പിരിഞ്ഞു.........ഇനിയൊരു പക്ഷെ ഈ വഴി വന്നേക്കാനിടയില്ല........."
കയ്യിലിരുന്ന നിലവിളക്ക് ആ പടിക്കെട്ടില്‍ വെച്ച്, പോക്കറ്റില്‍ നിന്നും ആ തടിച്ച കവറെടുത്ത് അവള്‍ക്കു നേര്‍ക്ക്‌ നീട്ടി........
" എണ്ണി നോക്കിയിയിട്ടില്ല.....ഇത് നിനക്കിരിക്കട്ടെ ..........ഒരുപാട് സഹിച്ചിട്ടില്ലേ എന്നെ നീ.............
തിരിഞ്ഞു നടക്കാനോരുങ്ങവേ അവള്‍ പെട്ടെന്ന്ചോദിച്ചു...
"ഇനിയെങ്ങോട്ടാ..............?"
"തീരുമാനിച്ചില്ല..............റയില്‍ പാളങ്ങള്‍ നീണ്ടു കിടക്കുകയല്ലേ.........?"
അവളുടെ മുഖത്ത് നോക്കാതെ തിരിഞ്ഞു നടക്കുമ്പോള്‍ സ്വഗതമെന്നോണം ശബ്ദമടക്കി പറഞ്ഞു........
സാവധാനം നടന്നു ഇടവഴി തിരിയുന്നിടതെതിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി,വെറുതെ ...അവള്‍ അവിടെ തന്നെ നില്‍പ്പുണ്ട്. തന്നെ തന്നെ നിര്‍ന്നിമേഷയായി നോക്കിക്കൊണ്ട്‌.........അവളുടെ നിശ്വാസങ്ങളില്‍ ആടിയുലഞ്ഞ വിളക്കിന്റെ നാളത്തില്‍ ആ മുഖമാകെ വിവര്ണ്ണമായതു കണ്ടു.
എന്തിനെന്നറിയില്ല ശരീരം വിറ്റ് ജീവിയ്ക്കുന്നവളായിട്ടും എന്തോ ഒരു മമത അവള്‍ തന്നോട് കാട്ടിയിരുന്നു, എന്നും. താന്‍ അത് തിരിച്ചറിയുന്നതായി ഭാവിയ്ക്കാഞ്ഞിട്ടും........അത് ആ കീറപ്പായയിലേയ്ക്ക് താന്‍ ചുരുട്ടിയെറിഞ്ഞു പോരാറുള്ള മുഷിഞ്ഞ നോട്ടുകളുടെ വലിപ്പതിനപ്പുറമുള്ള എന്തോ ഒന്നായിരുന്നു..................
ക്വാര്‍ട്ടേഴ്സിലെത്തി ആകെ സമ്പാദ്യമായ തകരപ്പെട്ടിയുമെടുത്ത് തെക്കോട്ടുള്ള പുലര്‍ച്ച വണ്ടിയുടെ രണ്ടാം ക്ലാസ് കമ്പാര്‌ട്ടുമെന്റിലിരുന്നു ആകെ അശാന്തമായ മനസ്സിനെ ഒരു മയക്കത്തിലേക്കു തള്ളി വിടുമ്പോള്‍ മനസ്സിലുടലെടുത്ത ഏതോ ഒരു തീരുമാനം പകര്‍ന്ന ശാന്തയുടെ തെളിവാര്‍ന്ന ഒരു മന്ദഹാസം ചുണ്ടുകളിലേയ്ക്കു മെല്ലെ അരിച്ചെത്തുന്നുണ്ടായിരുന്നു.............അയാള്‍ പോലുമറിയാതെ........
കോണ്‍വെന്റിന്റെ ഗേറ്റ് സാവധാനം തുറന്ന്, ചരല്‍ക്കല്ലുകള്‍ പാകിയ വിശാലമായ മുറ്റത്ത്കൂടി നടന്ന് കോളിംഗ് ബെല്ലില്‍ വിരലമര്‍തതാന്‍ തുനിയും മുന്‍പേ പ്രസന്നത സ്ഫുരിയ്ക്കുന്ന മുഖഭാവത്തോടെ ചെറുപ്പക്കാരിയായ ഒരു സിസ്റ്റര്‍ കടന്നു വന്നു..........
വരവിന്റെ ഉദ്ദേശം അറിയിച്ചപ്പോള്‍ ആദരപൂര്‍വ്വം അല്പം കാക്കാന്‍ അറിയിച്ച് അവര്‍ അകത്തേയ്ക്ക് പോയി..............നിരാലംബര്ക്കായി ഒരു ജീവിതമാകെഉഴിഞ്ഞു വെച്ച അഗതികളുടെ അമ്മയുടെ പേരിലുള്ള സ്ഥാപനം...........പലപ്പോഴും ഇതുവഴി കടന്നുപോകുമ്പോള്‍ ഗേറ്റിനു മുകളില്‍ തൊഴുകൈകളോടെ നില്‍ക്കുന്ന കരുണാര്‍ദ്രമായ ആ ചിത്രം ശ്രദ്ധിയ്ക്കാറുണ്ട്............
പ്രായം കൂടിയ ഒരു മദര്‍ മുന്നിലേയ്ക്ക് നടന്നെത്തിയപ്പോള്‍ ഇരിപ്പിടം വിട്ടെഴുന്നേറ്റു...........പിന്നെ ഭവ്യതയോടെ മെല്ലെ പറഞ്ഞു .
"മദര്‍, ഒരു വഷളനെപ്പോലെ ജീവിതമാകെ ധൂര്‍ത്തടിച്ചിട്ടും ട്ടും, എന്റെ സ്ഥാപനം എനിയ്ക്കായ്‌ കരുതി വെച്ച തുകയ്ക്കുള്ള ചെക്കാണിത്......തുക താങ്കള്‍ക്കെഴുതാം...........ഏതാണ്ട് പതിനൊന്നു ലക്ഷം രൂപയോളം വരും.............ഇത് കൊടുക്കാന്‍ എനിക്കാരുംഇല്ല.............ഉള്ളവരെക്കൂടി ഇത്ര വൈകി ഇനി തിരഞ്ഞു പോകാന്‍ മനസ്സനുവദിയ്ക്കുന്നില്ല,........... ആശ്രയമറ്റ ആരുടെയെങ്കിലും ജീവന്‍ പിടിച്ചു നിര്‍ത്താന്‍ ഈ പണത്തിനായെങ്കില്‍ സന്തോഷം ......."
ഇരുകൈകളും നീട്ടി ആ ചെക്ക് ഏറ്റുവാങ്ങി മിഴികളോട് ചേര്‍ത്ത് പ്രാര്‍ഥനാ നിരതയായ അവരുടെ മുഖത്തെ പ്രകാശം കണ്ടപ്പോള്‍ മനസ്സാകെ നിറഞ്ഞു കവിഞ്ഞു......വല്ലാത്ത ഒരു ആത്മഹര്‍ഷത്താല്‍........
പിന്നെ ദു:ഖം പേറുന്ന മിഴികളുമായി ചുമരിലെ ക്രൂശിത രൂപത്തിലേയ്ക്ക് അവര്‍ ദയാവായ്പോടെ നോക്കി.
"ദൈവ നീതിയുടെ അനിവാര്യതായേ ചോദ്യം ചെയ്യാന്‍ നിസ്സാരരായ നമുക്കെന്തു അവകാശം .... എങ്കിലും ആഗ്രഹിച്ചു പോകുകയാണ് ....ഒരുപക്ഷെ ഒരാഴ്ച മുന്‍പ് താങ്കള്‍ക്കു ഇവിടെഎത്താന്‍ നിയൊഗമുണ്ടായിരുന്നെങ്കില്‍ ജീവിയ്ക്കാന്‍ ഒരുപാട് കൊതിച്ച ഒരു പെണ്‍കുട്ടിയെ മരണത്തിനു വിട്ടുകൊടുക്കാതെ രക്ഷിയ്ക്കാന്‍ ഒരുപക്ഷെ ഈ പണം ഉപകരിച്ചേനെ .. ഇതിനുള്ള അര്‍ഹത മറ്റാര്‌ക്കെങ്കിലുമാവും....."
അയാള്‍ അമ്പരപ്പോടെ അവരെ നോക്കി...........തന്റെ നോട്ടത്തിലെ ആകുലത തിരിച്ചറിഞ്ഞിട്ടാവാം,ഒന്ന് നിര്‍ത്തി അവര്‍ തുടര്‍ന്നു ......
" ബ്രെയിന്‍ ട്യൂമാറായി രണ്ടു മാസമായി ചികിത്സയിലായിരുന്നു ..................ഒരു ഓപ്പറേഷഷനിലൂടെ
രക്ഷപെടുത്താനാകുമെന്നു ഡോക്ടര്‍ പറഞ്ഞതുമാണ്.............പക്ഷെ ഇത്ര വലിയ ഒരു തുക കൊടുത്തു സഹായിക്കാന്‍ ആരാ മുന്നോട്ടു വരിക.........'
"ആരായിരുന്നു അവള്‍........?"
അതുവരെ അടക്കിപ്പിടിച്ച ആകാംക്ഷ നിയന്ത്രണം വിട്ടു വാക്കുകളായി പുറത്തേയ്ക്ക് പതിച്ചു.......
" നാഗര്‍കോവിലിനടുത്ത പൂക്കളുടെ ഗ്രാമത്തില്‍ നിന്നെത്തിയ ഒരു പൂക്കാരി....ഒരു സുന്ദരിക്കുട്ടി .............മല്ലിക ......ഒരു പൂവിന്റെ നൈര്‍മ്മല്യമാര്‍ന്ന ആമുഖം ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല..............."
മല്ലിക...........
ആ പേര് കേട്ടതും അയാള്‍ ഒന്ന് ഞെട്ടി.............തലയ്ക്കുള്ളിലൂടെ ഒരായിരം ഓര്‍മ്മകളുടെ കരിവണ്ടുകള്‍ മൂളിപ്പറക്കുന്ന മാതിരി........അടുത്ത ക്ഷണം അയാള്‍ അസ്വസ്ഥതയുടെ നിലയില്ലാക്കയത്തിലേക്ക് തല കുത്തി വീണു പോയി ..............
ഒന്നുമുരിയാടാനാവാതെ തുറിച്ച കണ്ണുകളുമായി ഒരു നിമിഷം അവരെ നോക്കി അസ്തപ്രജ്ഞനായി നിന്ന ശേഷം, ഏതോ ഭൂതാവേശത്തിന്റെ ഉള്‍പ്രേരണയാലെന്നോണം മുറ്റത്തെ ചരല്‍ക്കല്ലുകള്‍ അമര്തിച്ചവുട്ടി, മെല്ലിച്ച കൈകള്‍ ആഞ്ഞു വീശി ഒരു കൊടുംകാറ്റിന്റെ വേഗതയോടെ അയാള്‍ മുന്നോട്ടു നടന്നു............. ആരെയോ തിരഞ്ഞിട്ടെന്ന പോലെ ..............
അപ്പോള്‍ "ത്താ ..........." എന്ന വിളിയോടെ തീവണ്ടിപ്പാളത്തിനപ്പുറം നിന്ന് കുഞ്ഞിളം പല്ലുകള്‍ കാട്ടി കുലുങ്ങിചിരിച്ചും കൊണ്ട് കുസൃതിയോടെ തന്നെ മാടി വിളിയ്ക്കുന്ന അവളുടെ മുഖം കണ്ട മാത്രയില്‍ മറ്റൊന്നും നോക്കാതെ അയാള്‍ ആ പാളങ്ങളുടെ നടുവിലേക്ക് ഓടിക്കയറി.................


പ്രേംകുമാര്‍ കുമാരമംഗലം

ആതിര നിലാവ്.................

വളെ ഞാന്‍ ആദ്യമായി കണ്ടത് ഇവിടെ വെച്ചായിരുന്നു ..........

ആമ്പല്‍പ്പൂവിതളുകളില്‍ വര്‍ണ്ണത്തുമ്പികള്‍ പറന്നിറങ്ങിയിരുന്ന് നീലച്ചായയില്‍ മുഖം നോക്കി മയ്യെഴുതിയിരുന്ന താമരക്കുളത്തിന്റെ ഈ കല്‍പ്പടവുകളിലൊന്നില്‍ വെച്ച് ..............

ഈറന്‍ മുടിയിഴകളില്‍ നിന്നും ഒഴുകിയിറങ്ങിയ ജലകണങ്ങള്‍ അവളുടെ ചുവന്നു തുടുത്ത അധരങ്ങളെ തഴുകി കീഴ്ത്താടിയിലെ കറുത്ത മറുകിലേയ്ക്ക് പടരുന്നതും നോക്കി ഒരു നിമിഷമങ്ങിനെ നിന്ന് പോയി.........
സര്‍വ്വവും മറന്ന്....... ഒരു സ്വപ്നാടകനെപ്പോലെ,നിര്‍ന്നിമേഷനായി ..............
ഹൃദയത്തിനുള്ളിലേയ്ക്ക് ചൂഴ്ന്നിറങ്ങുന്ന തന്റെ നോട്ടത്തിനു മുന്നില്‍ തളര്‍ന്നു പോയ മാതിരി പാതി കൂമ്പിയ ആ മിഴിയിണകള്‍ കീഴ്പ്പോട്ട് താണു ...
തിളങ്ങുന്ന ആ കണ്ണുകളിലേയ്ക്ക് ഒരു നിമിഷം ഇരമ്പിയെത്തിയ ലജ്ജയുടെ തിരയിളക്കം തന്നില്‍ നിന്ന് മറയ്ക്കാനെന്നോണം ..............

താഴെ, സ്വര്‍ണ്ണത്തളകള്‍ മുട്ടിയുരസി ഇക്കിളികൂട്ടുന്ന വെളുത്ത് തുടുത്ത കണങ്കാലുകളുടെ ചുംബനമേറ്റ് കല്‍പ്പടവുകള്‍ ഏതോ സായൂജ്യത്തിന്റെ നിര്‍വൃതിയില്‍ മയങ്ങിക്കിടന്നു..............

പിന്നെ പൊടുന്നനെ മനസ്സിലുടലെടുത്ത പരിഭ്രമത്തോടെ കൈത്തണ്ടയിലെ ഈറന്‍ തുണി മാറിലടുക്കിപ്പിടിച്ച് അവള്‍ ധൃതിയില്‍ കല്‍പടവുകള്‍ ചവുട്ടിക്കയറിപ്പോയി........
കാല്‍ത്തണ്ടയിലെ സ്വര്‍ണ്ണത്തളകള്‍ ഒച്ചയുണ്ടാക്കി ചിരിയ്ക്കുന്നുണ്ടായിരുന്നു, ഉറക്കെ........
കര്‍പ്പൂര തുളസിയുടെയും കാച്ചെണ്ണയുടെയും മദിപ്പിയ്ക്കുന്ന ഗന്ധം അവിടെയ്ക്ക് ഒളിഞ്ഞ്‌നോക്കിയ ഇളം കാറ്റിന്റെ മേനിയിലാകെ പടര്‍ന്നു .......

ആ കണ്ണുകളിലെ പിടച്ചിലും, നീലഞരമ്പുകള്‍ തെളിഞ്ഞു നില്‍ക്കുന്ന ചന്ദന നിറമുള്ള കീഴ്ത്താടിയിലെ കറുത്ത മറുകും ഉറക്കം കെടുത്തിയ രാത്രി........

കൌമാരസ്വപ്നങ്ങളുടെ ഭ്രമകല്പനകള്‍ ഊടും പാവും നെയ്ത് മഞ്ഞുപാളികള്‍ക്കിടയിലൂടെ സ്വര്‍ണ്ണ നൂലിഴകളില്‍ ഊര്ന്നിറങ്ങുകയായിരുന്നു, അവള്‍........മെല്ലെ മെല്ലെ,തന്നിലെ ദാഹാര്‍ത്തമായ
ഹൃദയത്തിന്റെ ഊഷരതയിലേയ്ക്ക്.............ഒരു മഞ്ഞു തുള്ളിയുടെ സ്നിഗ്ദതയോടെ.........
ആരുമറിയാതെ........

അമ്പലക്കുളത്തിന്റെ ആളൊഴിഞ്ഞ കല്പടവുകളിലും, കല്‍വിളക്കിന്റെ മുനിഞ്ഞ വെട്ടം നിഴല്‍ നക്കിയെടുത്തിരുന്ന ചുറ്റമ്പലത്തിന്റെ പ്രദിക്ഷണ വഴികളിലും അടക്കിപ്പിടിച്ച അഭിനിവേശങ്ങളുമായി മിഴികള്‍ സ്വയം മറന്നു തമ്മിലിടഞ്ഞ് ഇണചേര്‍ന്ന സന്ധ്യകളില്‍ ,തുളുമ്പിപ്പോയ ചുടുനിശ്വാസങ്ങള്‍ കവര്‍ന്നെടുത്ത കാറ്റ് അരയാലിലകളുടെ കാതുകളില്‍ രഹസ്യം പകര്‍ന്നു അമര്‍ത്തി ചിരിച്ചു...
തങ്ങള്‍ കേള്‍ക്കാതെ ശബ്ദമടക്കി..........
കുളിരു പോലും കമ്പളം തേടുന്ന ധനുമാസ രാവില്‍ കസവു പുടവയ്ക്കുള്ളില്‍ ഉലഞ്ഞു തുളുമ്പുന്ന അവളുടെ ലാസ്യ ലാവണ്യം ഒളികണ്ണിട്ടു നോക്കി നിന്നിട്ടുണ്ട് കൊതിയോടെ.....
പിന്നെ, പാതിരാപ്പൂചൂടിയ ആതിരനിലാവില്‍ ആമ്പല്‍ കുളത്തില്‍ നീന്തിത്തുടിച്ചു കയറിയ അവളുടെ നനഞ്ഞ താരുണ്യ ത്തെ മാറോടടുക്കിപ്പിടിയ്ക്കാന്‍ മനസ്സ് വെമ്പിയിട്ടുണ്ട്...
വല്ലാത്തൊരു ആര്‍ത്തിയോടെ ..........

തനുവും, മനവും അവളെ ക്കുറിച്ചുള്ള കല്പനകളില്‍ പൂത്തുലഞ്ഞ നാളുകള്‍.......
അന്നെഴുതിയതെല്ലാം അവള്‍ക്കുവേണ്ടിയായിരുന്നു,,,,,ചായം പകര്‍ന്ന ചിത്രങ്ങള്‍ക്കെല്ലാം അവളുടെ മുഖച്ചായയായിരുന്നു....

ഒരു തുള്ളി മഴയായി അവളെന്നില്‍ പെയ്തപ്പോള്‍ ,ഒരു വസന്തമായി ഞാനവളില്‍ പൂത്തിറങ്ങി.....
ആരായിരുന്നു, തനിയ്ക്കവള്‍ .........പലവുരു സ്വയം ചോദിച്ചിട്ടും അതുമാത്രം അറിയില്ലായിരുന്നു....
പലതും പരസ്പരം ചോദിച്ചിട്ടും അത് മാത്രം താന്‍ ചോദിച്ചില്ല, അവളും..,,,,,,,
അന്ന് കണ്ട സ്വപ്നങ്ങളെല്ലാം അവള്‍ക്കു കൂടിയുള്ളതായിരുന്നു......
അത് കൊണ്ട് തന്നെയാണ്, ഇഷ്ടപ്പെട്ടതെല്ലാം ഇവിടെവിട്ട്, കനലെരിയുന്ന ഉഷണപഥങ്ങളിലൂടെ ഒരു ഭിക്ഷാം ദേഹിയെപ്പോലെ അലഞ്ഞത്.....ഒരു ജീവിതം കാമിച്ച് .......

പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങള്‍ക്കിടയിലും, തന്നെ തേടിയെത്തിയ അവളുടെ കത്തുകള്‍ പിന്നെയും മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിച്ചു.....അശാന്തമായ മനസ്സിന് സ്വാസ്ഥ്യം പകര്‍ന്ന് ........

പക്ഷെ പതിയെ പതിയെ എല്ലാം നിലയ്ക്കുന്നതു തിരിച്ചറിയാന്‍ താന്‍ വൈകി...........
നൊമ്പരങ്ങളുടെ ചൂളയില്‍ വേകുന്ന മനസ്സില്‍ നിന്നും വികാരങ്ങള്‍ ചോര്ന്നുപോയിടത്ത് നഷ്ടപ്പെടലുകള്‍
ശ്രദ്ധിയ്ക്കപ്പെടാതെ പോയതാവാം..............

കാലമുള്ളിടത്തോളം കാത്തിരിയ്ക്കും, കൈവിരലുകള്‍ തളരുവോളം എഴുതും എന്നൊക്കെ പറഞ്ഞവള്‍ ഒടുവില്‍ ഒരു രാവും, പിന്നെയൊരു പകലും എരിഞ്ഞടങ്ങും മുന്‍പേ, ഒരു യാത്ര പോലും പറയാന്‍ നില്‍ക്കാതെ നടന്നകന്നു....
പൊട്ടിപ്പൊളിഞ്ഞ മനസ്സിന്റെ കല്‍പ്പടവുകള്‍ ചവുട്ടിക്കയറി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ........
ആദ്യം വിശ്വസിയ്ക്കാനായില്ല....പിന്നെ യാഥാര്‍ത്യത്തെ ഉള്‍ക്കൊണ്ടേ മതിയാവൂ എന്ന് സമനില വീണ്ടെടുത്ത ബോധമനസ്സിന്റെ ഓര്‍മ്മപ്പെടുത്തലില്‍, ഉള്ളിലുയര്‍ത്തിയ സ്വപ്ന ഗോപുരങ്ങള്‍ തകര്‍ന്നടിയുന്നത് കണ്ടില്ലെന്ന് നടിച്ചു............
ഹൃദയത്തോദ് ചേര്‍ത്ത് പിടിച്ച വിലപ്പെട്ടതെന്തോ ഒന്ന് പറിച്ചെടുത്തമാതിരി അസഹ്യമായ വേദനയില്‍ ഉള്ളു വിങ്ങുകയായിരുന്നു.....ആരോടുമൊന്നു പങ്കുവെയ്ക്കുവാന്‍ പോലുമാകാത്ത നൊമ്പരം......

ഒന്ന് കാണണമെന്നു ആവശ്യപ്പെടുമ്പോള്‍ തന്റെ ആവശ്യം നിരാകരിയ്ക്കുമെന്നാണ് കരുതിയത് ..
പക്ഷെ അവള്‍ വന്നു...........
ചുറ്റമ്പലത്തിന്റെ പ്രദിക്ഷണ വഴികള്‍ കടന്ന്, കുളക്കരയിലെ കല്പടവുകളുടെ മേലിരിയ്ക്കുന്ന തന്റെയടുത്തെയ്ക്ക്....ഒരിയ്ക്കല്‍ക്കൂടി ...........
അപ്പോളും അവളില്‍ നിന്ന് പ്രസരിച്ചിരുന്ന കര്‍പ്പൂര തുളസിയുടെ ഗന്ധം എന്നത്തേയും പോലെ എന്ത്കൊണ്ടോ തന്റെ സിരകളെ ഉന്മത്തമാക്കിയില്ല...

പ്രക്ഷുബ്ധമായ മനസ്സില്‍ നിന്നും വികാരങ്ങള്‍ അറ്റ് പോയിരുന്നു....
അവള്‍ അടുത്തെത്തി എന്ന് മനസ്സിലായപ്പോള്‍ മുഖമുയര്‍ത്താതെ തന്നെ ചോദിച്ചു.......

"കേട്ടത് ശരിയാണോ......"
തന്റെ സ്വരം തീരെ ദുര്‍ബലമായിരുന്നു.....ക്ഷീണിച്ച മനസ്സിന്റെ പ്രതിഫലനം ആ വാക്കുകളില്‍ നിഴലിച്ചിരുന്നു....
"അതെ .....വിവാഹം,നിശ്ചയിച്ചു......"
അവളുടെ നനുത്ത സ്വരം തീര്‍ത്തും നിര്‍വ്വികാരമായിരുന്നു.............

"സ്വന്തമെന്നു കരുതി........ ഒരുപാട് മോഹിച്ചിരുന്നു......."
തങ്ങള്‍ക്കിടയില്‍ ചൂഴ്ന്നു നിന്ന മൌനത്തെ മുറിച്ചുംകൊണ്ട് അവളുടെ മുഖത്ത് നോക്കി അത് പറയുമ്പോള്‍ ശബ്ദം ഇടറിപ്പോയി.............
അവളുടെ മിഴികളില്‍ നിന്നും ആ പഴയ പ്രകാശം നഷ്ടമായിരുന്നോ..............

"അതോരിയ്ക്കലെങ്കിലും തുറന്ന് പറയാന്‍ ശ്രമിച്ചിട്ടുണ്ടോ.............പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ പലവുരു ആഗ്രഹിച്ചിരുന്നു............".
അവളുടെ ശബ്ദത്തിന്‍ കനം വെച്ചത് തിരിച്ചറിഞ്ഞു.......... തനിയ്ക്ക് നേര്‍ക്കുള്ള ഒരു കുറ്റപ്പെടുത്തലിന്റെ സ്വരം അതില്‍ നിറഞ്ഞിരുന്നതും.............

ഒരു നിമിഷം തനിയ്ക്ക് വാക്കുകള്‍ നഷ്ടമായി..........ശരിയാണ്,ഒരിയ്ക്കല്‍പ്പോലും തന്റെ മനസ്സ് തുറന്നു ഉള്ളിലെ ഇഷ്ടം പ്രകടിപ്പിയ്ക്കാനായിട്ടില്ല...
തന്റെ പരിമിതികളുടെയും, അത് സൃഷ്ടിച്ച അപകര്‍ഷതാ ബോധത്തിന്റെയും തടവിലായിരുന്നു, എന്നും...........അനിശ്ച്തത്വങ്ങളെ പ്രതിയുള്ള ആശങ്ക......

" വായിയ്ക്കുവാന്‍ ഏറെ കൊതിച്ച പുസ്തകം വിലകൊടുത്തു സ്വന്തമാക്കികഴിഞ്ഞാല്‍ നമ്മള്‍ അത് അലമാരയില്‍ ഭദ്രമായി വയ്ക്കും .....സാവകാശം വായിക്കാമെന്ന ചിന്തയില്‍ ....
അങ്ങിനെ സ്വന്തമെന്നു കരുതിയ ഒരു പുസ്തകം എനിയ്ക്കിവിടെ നഷ്ടമായിരിയ്ക്കുന്നു......"

എവിടെ നിന്നോ കടം കൊണ്ട ആ വാക്കുകള്‍ അവളെ നോക്കി വികാരാധീനനായി പറയുമ്പോള്‍ ഉള്ളില്‍ ആകെ വിതുമ്പിപ്പോയി.......
അത് തിരിച്ചറിഞ്ഞിട്ടും അവള്‍ ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നതേയുള്ളൂ.....തീര്‍ത്തും നിസ്സംഗയായി.....
"ഒരു പുന:പരിശോധനയ്ക്കു സാധ്യതയുണ്ടോ....."

അത് ചോദിയ്ക്കുമ്പോള്‍ , അസംഭവ്യം എന്ന് അറിയാവുന്നത് കൊണ്ട് തന്നെ, തന്റെ ഉള്ളിലെ ആത്മാര്‍ഥത ആ വാക്കുകളില്‍ മുഴുവനായി ഉള്‍ക്കൊണ്ടിരുന്നോ..............

"ഇല്ല ......ഏറെ വൈകിപ്പോയി,......."
അവളുടെ മറുപടി പെട്ടെന്നായിരുന്നു......

അത് പ്രതീക്ഷിച്ചിരുന്നതിനാല്‍ പ്രത്യേക ചലനമൊന്നും ആ വാക്കുകള്‍ തന്നില്‍ സൃഷ്ടിയ്ക്കപ്പെട്ടില്ല......
മനസ്സ് വികാര ശൂന്യമായിരുന്നു.....

മിഴികള്‍, അങ്ങ് ദൂരെ, ശോകച് ചവി പടര്‍ന്ന ആകാശത്തിന്റെ അണിവയറിലേയ്ക്കും നട്ടിരുന്നു .......... ഒന്നും മിണ്ടാനാകാതെ ....
പിന്നെ തലയുയര്‍ത്തി അവളെ നോക്കി ഏതോ സ്വപ്നാടനത്തിലെന്നോണം ശബ്ദമടക്കി മെല്ലെ പറഞ്ഞു.............

"നിനച്ചിരിയ്ക്കാതെ , ഈ കല്പടവുകളിലൊന്നില്‍ യാത്രയാരംഭിച്ച നമ്മള്‍ ആ യാത്ര ഇതാ ഇവിടെ അവസാനിപ്പിയ്ക്കുന്നു.....കഴിയുമെങ്കില്‍ യാത്ര പറയാതെ പിരിയാം ....ഇനിയൊരിയ്ക്കല്‍ക്കൂടി കണ്ടു മുട്ടാതിരിയ്ക്കാനായി.........."
അവള്‍ സാവധാനം പിന്തിരിയാന്‍ ഭാവിയ്ക്കുന്നത് കണ്ടു ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു......
"വയലാര്‍ പാടിയ മാതിരി, നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ , എന്നെയെന്നെങ്കിലും കണ്ടാല്‍.....നിന്റെ ഹൃദയത്തില്‍ എന്റെ കാല്‍പ്പാടുകള്‍ കണ്ടാല്‍   ഓര്‍മ്മിയ്ക്കുക,ഈ ആത്മാവ് നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു .....പറയാന്‍ മറന്നുവെച്ച ഒരു പ്രണയം....."

ഒരു നിമിഷം ചലനമറ്റ്നിന്ന അവള്‍, പിന്നെ ഒന്നും മിണ്ടാതെ മെല്ലെ പിന്‍തിരിഞ്ഞു നടന്ന് ഇരുള്‍ പെയ്ത് തുടങ്ങിയ ഇടവഴിയുടെ അങ്ങേതലയ്ക്കല്‍ ഒരു നിഴലായി മറയുന്നതും നോക്കിയിരുന്നു..............
ശൂന്യമായ മനസ്സോടെ.....

ഇന്നിവിടെ പൊട്ടിപ്പൊളിഞ്ഞ ഈ കല്പടവുകളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമിരിയ്ക്കുമ്പോള്‍, കടന്നുവന്ന ഓര്‍മ്മകളില്‍ മനസ്സ് ആകെ നനഞ്ഞുപോയി...............

വൈകിയെത്തി, മുടിയിഴകളെ തഴുകിയകന്ന ഇളം കാറ്റില്‍ കര്‍പ്പൂര തുളസിയുടെ മദിപ്പിയ്ക്കുന്ന ഗന്ധം..........
ഒപ്പം,അതില്‍ അകലെയെവിടെ നിന്നോ ഒഴുകിയെത്തിയ ഒരു തിരുവാതിരപ്പാട്ടിന്റെ നേര്‍ത്ത ഈണവും പടര്‍ന്നിരുന്നു.........



പ്രേംകുമാര്‍ കുമാരമംഗലം