ഭദ്ര ദീപം ..............
കാലങ്ങളായി മനസ്സിൽ പേറിയ എന്റെ പ്രണയം അന്നാദ്യമായി ഞാനവളോട് തുറന്നു പറഞ്ഞു.
കുളിര് പുരണ്ട നിലാവിന്റെ സുഖദമായ പരിരംഭണത്തിൽ രാവ് തളർന്നു മയങ്ങിയ ആ പുലരിയിൽ.......അപ്പോൾ രാവിന്റെ വിയര്പ്പ് വീണു നനഞ്ഞ കാറ്റിന് പാരിജാത സുഗന്ധമായിരുന്നു..........
ആൾപ്പെരുമാറ്റമില്ലാതെ അടഞ്ഞു കിടന്നിരുന്ന കോമ്പുരയുടെ നനുത്ത ഇരുളിലേയ്ക്കു മുഖം പൂഴ്ത്തി നിന്നിരുന്ന ഭദ്രയുടെ ലജ്ജയിൽ തുടുത്ത കവിളുകളിൽ ആദ്യാനുരാഗത്തിന്റെ ചുടുചുംബനം മുദ്രണം ചെയ്തു കൊണ്ട് മൃദുവായി അവളുടെ കാതുകളിലേയ്ക്ക് എന്റെ ഹൃദയം പകരവേ ആ നിർവൃതി പകർന്ന വിവശതയോടെ അവൾ മെല്ലെ മന്ത്രിച്ചു.
" എത്രയോ കാലമായി ഹരിയേട്ടാ ,ഇതൊന്നു പറഞ്ഞു കേൾക്കാൻ കൊതിയോടെ ഞാൻ കാക്കുന്നു ....... "
അവളുടെ വാക്കുകളിൽ അടങ്ങിയിരുന്ന സാഫല്യത്തിന്റെ നിറവു സമ്മാനിച്ച ഉണർവ്വിൽ വല്ലാത്തൊരു ആവേശത്തോടെ ഒരിയ്ക്കൽ കൂടി അവളെ തന്നിലെയ്ക്കടുപ്പിച്ച് ഒരു ജന്മമാകെ കരുതി വെച്ച മോഹങ്ങളാകെ ഒരു ചുംബനത്തിലാവാഹിച്ച് അവളിലേയ്ക്ക് പകരവേ ,തഴുതിടാൻ മറന്ന മരയഴികൽക്കിടയിലൂടെ നുഴഞ്ഞെത്തിയ ഇളം കാറ്റ് കൊതിയോടെ അവളുടെ കവിളിൽ നിന്നുമാ ചുംബനം അടർത്തി മാറ്റുന്നതിന് തടയിട്ട് തമ്മിലടരാതെ ചേർന്ന് നിന്നു. എത്ര നേരമെന്നറിയാതെ............
പുറത്ത് പടിപ്പുരക്കെട്ടിലെ തളത്തിൽ കളിവിളക്കിനു പിന്നിൽ കാമം കരിയെഴുതിയ മിഴികളുമായി നള സവിധത്തിലെയ്ക്കണയുന്ന ദമയന്തിയുടെ ശൃംഗാര പൂർണ്ണമായ ലാസ്യനടനത്തിന്റെ പദങ്ങൾ മനസ്സിനെ ആകെ ഉണര്ത്തുന്ന ലഹരിയായി കാതുകളിലേയ്ക്ക് കിനിഞ്ഞിറങ്ങുന്നു.
ഭയം കൊണ്ടോ മനസ്സിലെ അടക്കാനാവാത്ത വികാരത്തള്ളലാലോ ഭദ്രയുടെ ചുണ്ടുകൾ ആകെ വിറപൂണ്ടിരുന്നു .
തമ്മിൽ കൂട്ടിയുരസി പെയ്തൊഴിയാനുള്ള വെമ്പലോടെ ശരവേഗമുള്ള ചിറകുകളുമായി പാഞ്ഞടുത്ത വര്ഷ മേഘങ്ങൾ കനത്ത പേമാരിയായി ആകാശം കവിഞ്ഞൊഴുകാൻ കൊതിച്ചു.
അടക്കപ്പിടിച്ച കാമനകൾ നിയന്ത്രണത്തിന്റെ നേർത്ത ചിറ തകർത്ത് പുറത്തേയ്ക്ക് വഴിഞ്ഞൊഴുകാൻ ഭാവിയ്ക്കുന്നതു തിരിച്ചറിഞ്ഞു സ്വയം നിയന്ത്രിച്ചു.
അമ്മമ്മയുടെ ഷഷ്ടി പൂർത്തിയ്ക്കു ഭദ്ര എത്തുമെന്നറിഞ്ഞ നാൾ മുതൽ തുടങ്ങിയ മനസ്സൊരുക്കമായിരുന്നു.ഇത്തവണ എന്തായാലും അതവളോട് തുറന്നു പറഞ്ഞിട്ട് തന്നെ.
അമ്മാവന്റെ മകളുടെ മേൽ ഒരവകാശം സ്വയം മനസ്സിൽ കല്പിച്ചു സ്വപ്‌നങ്ങൾ നെയ്യുമ്പോഴും, ഹരിയുടെ മനസ്സ് നിറയെ ആശങ്കകളായിരുന്നു.ദില്ലിയിലെ ഉയർന്ന ഉദ്യോഗത്തിന്റെ പ്രൗഡിയിൽ അമ്മാവൻ അത്തരം കീഴ്വഴക്കങ്ങൾക്ക് നിന്നു തരുമോ എന്ന ചിന്ത പകർന്ന ആശങ്ക.
അതിലുപരി പരിഷ്കാരങ്ങളുടെ ലോകത്ത് അഭിരമിയ്ക്കുന്ന ഭദ്രയുടെ മനസ്സിൽ പുറം ലോകത്തിന്റെ വിസ്മയങ്ങൾ അന്യമായ ഈ നാട്ടിൻ പുറത്ത്കാരന്റെ സ്വപ്‌നങ്ങൾ വിലമതിയ്ക്കപ്പെടുമോ എന്നുള്ള ഉൾഭയം....എന്നിട്ടും കാത്തിരിയ്ക്കാനുള്ള മനസ്സിന്റെ പ്രേരണ, സ്വപ്നങ്ങൾക്ക് പ്രത്യാശയുടെ ചിറകു പകർന്നു............
ഇടയ്ക്ക് നാട്ടിലെത്തുന്ന അവളുടെ മിഴിത്തുമ്പുകളിൽ തനിയ്ക്കായി മാത്രം ഒളിപ്പിച്ചു വച്ച പ്രണയത്തിന്റെ തുടിപ്പ് തിരിച്ചറിഞ്ഞ പ്പോൾ സ്വപ്നങ്ങൾക്ക് നിറം വെച്ചു......... പ്രതീക്ഷകൾക്ക് ഗതി വേഗവും ............
ആ ആശങ്കകളാകെ അകറ്റി ക്കൊണ്ടുള്ള അവളുടെ വാക്കുകൾ ഹരിയുടെ മനസ്സിലേയ്ക്ക് ജന്മസാഫല്യത്തിന്റെ ഒടുങ്ങാത്ത അമൃത വർഷമായി പെയ്തിറങ്ങി ...........
കൊഴുത്ത ഇരുൾ പടർന്ന ചുവരുകളിൽ അള്ളിപ്പിടിച്ചിരുന്നു ഗൌളികൾ ഇണ ചേരുന്ന അകത്തളങ്ങളിലെ ആളൊഴിഞ്ഞ കോണുകളിലും, പുതുമണ്ണിന്റെ ഗന്ധം പേറി ഇഴഞ്ഞെത്തിയ മണി നാഗങ്ങൾ ഇണ ചേരുന്ന മദഗന്ധമൊഴുകുന്ന സർ പ്പക്കാവിന്റെ പിന്നാംപുറത്തും അടക്കിപ്പിടിച്ച ഹൃദയ താളങ്ങളുടെ ശീൽക്കാരങ്ങളുയർന്ന സന്ധ്യകൾ ............
പക്ഷെ ഒട്ടും നിനച്ചിരിയ്ക്കാതെ അവളുടെ പെരുമാറ്റത്തിൽ പൊടുന്നനെ വന്ന പ്രകടമായ വ്യത്യാസം ഹരിയുടെ മനസ്സിൽ ആശങ്കയുടെ കരിനിഴലായി പടർന്നിറങ്ങി..... അതിനുള്ള കാരണം പലവുരു അവളോട് ആവര്ത്തിച്ചു ചോദിച്ചിട്ടും മറുപടി പറയാതെ പലപ്പോഴും തന്റെ സാന്നിദ്ധ്യം കൂടി ഇഷ്ടപ്പെടാത്ത രീതിയിൽ തന്നിൽ നിന്നുള്ള അവളുടെ ഒഴിഞ്ഞു മാറൽ ഹരിയെ വല്ലാതെ ഉലച്ചു.............ഒരു വേള തങ്ങളുടെ വേഴ്ചകൾ ആരെങ്കിലും അമ്മാവന്റെ കാതുകളിൽ എത്തിച്ചുണ്ടാവുമോ എന്ന ചിന്ത പകർന്ന ഭീതി വേട്ടയാടിയ രാപകലുകൾ .............
ഒപ്പം ഒരു ജന്മം കൊണ്ട് മനസ്സിൽ കെട്ടിയുയർത്തിയ സ്വപ്നങ്ങളാകെ നീർക്കുമിളകളായി പൊട്ടിത്തകരുന്നത് കണ്ട് ഇരുളിൽ മുഖം പൂഴ്ത്തി ആരും കാണാതെ ഉറക്കെ കരഞ്ഞു പോയി ......
ഭഗ്നമോഹങ്ങളുടെ ഈ ഇരുൾ ചുഴിയിൽ തന്നെ ഉപേക്ഷിച്ചു പോകാനായിരുന്നോ നിറമുള്ള സ്വപ്നങ്ങളാൽ തന്നെ ഇത്രമാത്രം തന്നിലെയ്ക്കവൾ ഇറുകെ ചേർത്ത് പിടിച്ചത് ................
മടങ്ങിപ്പോകാൻ നേരം ഒരു യാത്ര പറയാനെങ്കിലും അവൾ വരുമെന്ന് കരുതി.ഗോവണി പടികളിലൂടെ ആ പദനിസ്വനം തന്നെ തേടി വരുന്നതും കാത്തു മിടിയ്ക്കുന്ന ഹൃദയവുമായി കാത്തിരുന്നു..............
നെഞ്ചു പിളരുന്ന വേദനയോടെ ......ഉള്ളിൽ ഇരമ്പി യാർക്കുന്ന മഹാസാഗരത്തിന്റെ കാതടപ്പിയ്ക്കുന്ന ആരവങ്ങളിൽ ഭ്രാന്തെടുക്കുന്ന മനസ്സുമായി ..............
ഒടുവിൽ എല്ലാവരോടും യാത്ര പറഞ്ഞ് പടിപ്പുര മാളികയുടെ വാതിൽ കടക്കുമ്പോഴും പ്രതീക്ഷിച്ചു മാളിക മേലേയ്ക്കു ഒരിയ്ക്കലെങ്കിലും തന്നെ തേടി ആ മിഴികൾ പറന്നു വരുമെന്ന് ....
എല്ലാ പരിഭവങ്ങളെയും അലിയിച്ചു കളയാൻ പോന്ന പ്രകാശം നിറഞ്ഞ ആ പുഞ്ചിരിയോടെ .................
ഒന്നുമുണ്ടായില്ല ..............പടിക്കെട്ട് കടന്നു മറയുന്ന അവളുടെ രൂപം മരയഴികൾക്കിടയിലൂടെ നോക്കി നിന്നു........നിറ മിഴികളു മായി.ഹൃദയം പൊട്ടി നുറുങ്ങുകയായിരുന്നു............ഒരു സ്വാന്ത്വനത്തിനും ശമിപ്പിക്കാനാവാത്ത നൊമ്പരത്തിൽ ....
പലവട്ടം കത്തുകളയച്ച് മറുപടിയ്ക്കായി കാത്തു......നിരാശയായിരുന്നു ഫലം.... ഇത്രമാത്രം ആത്മബന്ധം തമ്മിൽ സൂക്ഷിച്ചിട്ടും എന്താണ് തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റെന്നു പറയാനുള്ള സൗമനസ്യം പോലും ഭദ്ര തന്നോട് കാട്ടിയില്ലല്ലോ എന്ന ചിന്തയിൽ അവൾക്കായി താൻ മെനഞ്ഞ സ്വപ്നങ്ങളുടെ പേരിൽ ഹരിയ്ക്കു തന്നോട് തന്നെ ഉള്ളിൽ പുച് ചം തോന്നി....... അവളുടെ മുന്നിൽ താനാകെ ചെറുതായത് മാതിരി.............ഒപ്പം ഒരളവുവരെ അവൾ തന്നിലെ ചാപല്യത്തെ പരിഹസിയ്ക്കുക യായിരുന്നില്ലേ എന്ന ചിന്ത പകർന്ന വൈരാഗ്യവും ......
നിനച്ചിരിയ്ക്കാതെ ഒരു ദിവസം എത്തിയ അമ്മാവൻ മാളിക മുറിയിലായിരുന്ന തന്നെ തേടി മുകളിലേയ്ക്ക് വന്നപ്പോൾ ഒരു നിമിഷം ഭയന്നു പോയി .എന്തായിരിയ്ക്കാം അമ്മാവന് തന്നോട് പറയാനുള്ളത് എന്ന ചിന്തയിൽ ഹരിയുടെ ശരീരമാകെ ഒരു വിറയൽ പടർന്നു..അസ്വാഭാവികമായി എന്തോ സംഭവിയ്ക്കാൻ പോകുന്നു എന്ന ഭീതി നിറഞ്ഞ ഓർമ്മപ്പെടുത്തൽ മനസ്സ് നടത്തുന്ന പോലെ ...............
ഭദ്ര എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ ...........
അമ്മാവനെ നേരിടാനുള്ള സങ്കോചത്തോടെ തലകുനിച്ചു നില്ക്കവേ പെട്ടെന്ന് ആ ശബ്ദമുയർന്നപ്പോൾ ഹരി ഞെട്ടിപ്പോയി. ഉള്ളിലെ വിറയൽ പുറമേയ്ക്ക് പടരാതെ തികഞ്ഞ മന സംയമനത്തോടെ തല ഉയർത്തി നോക്കി..........
" എന്താ ഹരി, ഇത്തവണ ഡിഗ്രിക്ക് ഇയാൾ റാങ്ക് വാങ്ങുമെന്ന് തൊന്നുന്നൂ... താഴെ എല്ലാരും പറയുന്നല്ലോ ........സദാ സമയവും മാളിക മേലിരുന്നു പഠിത്തം തന്നാന്നു ...നേരാണോ .. " .
പുഞ്ചിരിച്ചു കോണ്ട് അത് ചോദിച്ചപ്പോൾ ഹരിയുടെ ഉള്ളിൽ ആശ്വാസത്തിന്റെ ഒരു നെടു വീർപ്പുയർന്നു...........ഭീതി അകന്നതിന്റെ ആശ്വാസം അത് ഏറെ നേരം നിന്നില്ല.അടുത്ത വാക്കുകൾ മനസ്സിന്റെ സമനിലയാകെ തെറ്റിയ്ക്കാൻ പോന്നതായിരുന്നു.
" ഹരീ ഭദ്രയ്ക്ക് ഒരാലോചന........... ദില്ലി ഗവണ്മെന്റിൽ നല്ല പദവിയിൽ ഉള്ള ആളാണ് ................ഫിബ്രവരി പതിനാലിന് നടത്തണം എന്ന് ഏകദേശ ധാരണ യായിട്ടുണ്ട്.....എല്ലാറ്റിനും ഇയാൾ മുന്നിൽ തന്നെ ഉണ്ടാകണം .............".
ഹൃദയം ആയിരം കഷണങ്ങളായി പൊട്ടി ത്തകരുകയായിരുന്നു .തലച്ചോറിനുള്ളിലാകെ ഇരുൾ മൂടിയ മാതിരി ..........
പിന്നെ പറഞ്ഞതൊന്നും കേട്ടില്ല .മനസ്സ് അവിടെയെങ്ങും ആയിരുന്നില്ല.........
ഓർമ്മകൾ നഷ്ടപ്പെട്ട ഏതോ അഗാധഗർത്തത്തിലെയ്ക്കു താണ്, താണ് പോകും പോലെ ...............
അമ്മാവൻ എന്തോ പറഞ്ഞത് ഒരിയ്ക്കൽ കൂടി ശബ്ദമുയർത്തി ആവർത്തിച്ചപ്പൊഴാണ് ചിന്ത വിട്ടുണർന്നതു
" അവൾ തനിയ്ക്ക് തരാൻ എല്പിച്ചതാണ്.ഒരു പക്ഷെ കല്യാണത്തിനുള്ള നേരിട്ടുള്ള ക്ഷണമാവും................"
വിറയ്ക്കുന്ന കൈകളോടെ ആ കവർ ഏറ്റുവാങ്ങുമ്പോളെയ്ക്കും അമ്മാവൻ നടന്നു തുടങ്ങിയിരുന്നു.
തികച്ചും അക്ഷൊഭ്യമായ മനസ്സോടെ കത്ത് തുറക്കുമ്പോൾ ഉള്ളാകെ നിർവികാരമായിരുന്നു.എല്ലാം നഷ്ടപ്പെട്ട മനസ്സിന്റെ ശൂന്യത.അവിടെ നിന്നു വികാരങ്ങളാകെ ചോർന്നു പോയിരിയ്ക്കുന്നു.
" ഹരിയേട്ടാ,
വിവരങ്ങൾ അച്ഛൻ പറഞ്ഞ് അറിഞ്ഞു കാണുമല്ലോ, അത്തരം ഒരു തീരുമാനത്തിലെയ്ക്ക് ഞാൻ ഒരു വിധേന മനസ്സിനെ പാകപ്പെടുത്തിയെടുത്തു.
ആരെയും വേദനിപ്പിയ്ക്കാതെയുള്ള ഈ വഴിമാറ്റത്തിൽ എന്റെ നഷ്ടങ്ങളെ പ്രതി ഞാൻ വേവലാതിപ്പെടുന്നില്ല.അതെന്റെ മാത്രം നഷ്ടങ്ങളായി ശേഷിയ്ക്കട്ടെ...........പിന്നെ നാളെ ഹരിയെട്ടന്റെ മനസ്സിൽ ഒരു കുറ്റക്കാരിയായി ഞാൻ ചിത്രീകരിയ്ക്കപ്പെ ടാതിരിയ്ക്കാൻ മാത്രമായി മറ്റൊരു കത്ത് ഇതിനൊപ്പം വയ്ക്കുന്നു.വായിച്ചതിനു ശേഷം രണ്ടു കത്തുകളും നശിപ്പിച്ചു കളയണം ഓർമ്മകളുടെയും, നഷ്ടങ്ങളുടെയും വേദനിപ്പിയ്ക്കുന്ന സ്മാരകങ്ങളായി ഈ കടലാസ് തുണ്ടുകൾ ശേഷിയ്ക്കേണ്ട..............ഇനിയൊരു ജന്മ മുണ്ടെങ്കിൽ ആരും പങ്കു വയ്ക്കാത്ത ഹരിയെട്ടന്റെ ഹൃദയത്തിനായി കാക്കാം എന്ന പ്രത്യാശ ഒന്നും എനിയ്ക്കില്ല ...കാരണം അങ്ങിനൊരു ജന്മം എന്റെ സ്വപ്നത്തിലില്ല.നന്മ മാത്രം ആഗ്രഹിച്ചുകൊണ്ട് ..............ഭദ്ര"
മനസ്സിലേയ്ക്ക് ഇരച്ചെത്തിയ ഉദ്യോഗത്തോടെ അയാൾ ഒപ്പം വച്ച മുഷിഞ്ഞ കടലാസിലെ വികലമായ അക്ഷരങ്ങൾ പണി പ്പെട്ടു വായിച്ചെടുത്തു
" പ്രീയ ഭദ്രേച്ചി......
നേരിട്ട് പറഞ്ഞ് മനസ്സിലാക്കാൻ നിങ്ങടെ അത്ര പഠിപ്പൊന്നും ഇല്ലാത്തതിനാൽ ഞാൻ ഈ കത്ത് എഴുതുകയാണ്.പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിയ്ക്കുക. കഴിഞ്ഞ ദിവസം പടിപ്പുരയിൽ ഭദ്രേച്ചിയെ കാണാതെ വന്നപ്പോൾ ഉറങ്ങിയിട്ടുണ്ടാവും എന്ന് കരുതിയാണ് ഞാൻ തെക്കിനിയിലെയ്ക്ക് വന്നത്.അപ്പോളാണ് കോമ്പുരയിൽ നിന്നു അടക്കിപ്പിടിച്ച സംസാരം കേട്ടത്.ഭദ്രേ ച്ചിയോടോപ്പം ഹരിയെട്ടനാണ് എന്നറിഞ്ഞ നിമിഷം കുളത്തിൽ ചാടി ചാവാനാണ് എനിയ്ക്ക് തോന്നിയത്.ഇതൊന്നും നഗരത്തിൽ വളർന്ന നിങ്ങൾക്ക് മനസ്സിലാക്കാൻ ആവില്ലായിരിക്കും.പക്ഷെ അവിടെ തകർന്നു വീണത് വര്ഷങ്ങളായി ഞാൻ കണ്ട സ്വപ്നങ്ങളായിരുന്നു.ഈ പാവപ്പെട്ട നാട്ടിൻ പുറത്ത് കാരിയുടെ സ്വപ്നങ്ങൾക്ക് നിങ്ങളുടെ കണ്ണിൽ വില ഉണ്ടാവില്ലായിരിയ്ക്കും.
പക്ഷെ അത് നഷ്ടമായാൽ അന്ന് എന്റെ ശവം അമ്പലക്കുളത്തിൽ പൊങ്ങും ........ഇത് ഭീഷണിയല്ല .അത്രയ്ക്ക് ഹരിയെട്ടനെ ഞാൻ സ്നേഹിച്ചു പോയി.അത് നേരിട്ട് പറയാനുള്ള ധൈര്യം ഇനിയും എനിയ്ക്കുണ്ടാവാത്തതു എന്റെ തെറ്റാണ് എന്നെനിയ്ക്കറിയാം .......കൂടുതലൊന്നും എഴുതാൻ എനിയ്ക്കാവണില്ല്യ ............സ്വന്തം അനുജത്തി ദീപ..... "
കാരിരുമ്പിന്റെ കൂടമുയർത്തി തലയിൽ ആരോ പലവട്ടം ആഞ്ഞടിച്ച മരവിപ്പിൽ ആകെ തളർന്നു നിന്നു പോയി ഹരി നിമിഷങ്ങളോളം.ചലിയ്ക്കാനാവാതെ ....പിന്നെ, സ്വബോധത്തിലേയ്ക്ക് മെല്ല മടങ്ങി വന്ന മനസ്സിനോട് ഭ്രാന്തമായ ദ്വേഷ ത്തോടെ അയാൾ പലവുരു ഉച്ചത്തിൽ വിളിച്ചു ചോദിച്ചു . എന്തിനിതവൾ ചെയ്തു......വിശ്വസിയ്ക്കാനാവുന്നില്ല .തന്റെ സഹോദരി ശ്രീദേവിയുടെ സ്ഥാനത്തെ ഇന്നോളം താൻ ദീപയെ കണ്ടിട്ടുള്ളൂ ...........അവൾക്കു തെറ്റായി കരുതാൻ പോന്ന ഒരു പെരുമാറ്റവും തന്നിൽ നിന്നുണ്ടായിട്ടില്ല.......മുറപ്പെണ്ണല്ല സ്വന്തം അനുജത്തിയാണ് തനിയ്ക്കവൾ..........അവളെന്തിനു ഇത്തരം ഒരു മോഹം മനസ്സിൽ വെച്ചു......
ആകെ തലകറങ്ങുന്ന മാതിരി ..........അടക്കാനാവാത്ത ഹൃദയ വേദനയോടെ അയാൾ പിടഞ്ഞു.അവൾ കാട്ടിയ ചാപല്യത്തിനു തനിയ്ക്ക് കൊടുക്കേണ്ടി വന്നത് തന്റെ ജീവിതമാണ് .
തനിക്കു നഷ്ടമായത് താൻ കാലങ്ങളോളം മനസ്സിൽ പേറിയ പകരം വയ്ക്കാനില്ലാത്ത സ്വപ്നങ്ങളാണ് .....ഇനി ഒരു തിരുത്തലിനൊ, തിരിച്ചെടുക്കലിനോ സാദ്ധ്യത ഇല്ലാത്ത വിധം ആ സ്വപ്നം എന്നേയ്ക്കുമായി നഷ്ടമായിരിയ്ക്കുന്നു...............
അടക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും അതിനാവാതെ അയാൾ തേങ്ങിപ്പോയി. ഉള്ളിലെ നൊമ്പരമാകെ പുറത്തേയ്ക്ക് ഒഴുകിയി റ ങ്ങവേ മിഴികൾ ഇറുകെ പൂട്ടി ...............
നിയന്ത്രണം കൈവിട്ട മനസ്സിനെ ശാസി ച്ചുനിർത്തിക്കൊണ്ട്...............
ആരോ തോളിൽ പിടിച്ചു ശക്തമായി കുലുക്കിയപ്പോൾ ഹരി ഞെട്ടിയുണർന്നു ..........
ഭൂതകാലത്തിന്റെ കുഴിമാടങ്ങൾ തേടിയലഞ്ഞ മനസ്സ് ഉറക്കത്തിൽ നിന്നെന്ന പോലെ പിടഞ്ഞുണരുമ്പോൾ ആളൊഴിഞ്ഞ ബസ്സ് യാത്ര അവസാനിപ്പിച്ചു എവിടെയോ നിർത്തിയിട്ടിരിയ്ക്കുന്നു. സ്വപ്നത്തിൽ നിന്നുണർന്ന മാതിരി പകച്ചു നോക്കിയ തന്നെ നോക്കി കണ്ടക്ടർ ഹിന്ദിയിൽ പറഞ്ഞു
"സ്വാമി ഇവിടെ വരയെ ബസ്സ് പോകൂ ..........".
മെല്ലെ പുറത്തേക്കിറങ്ങിയപ്പോൾ ഒരു വരണ്ട കാറ്റ് മുഖത്തുരസി കടന്നു പോയി .........
അതിൽ കത്തിയെരിയുന്ന ശവത്തിന്റെ ഗന്ധം ............അതോ തന്റെ മനസ്സിന്റെ ചിതയിലെരിയുന്ന സ്വപ്നങ്ങളുടെ ദുർഗന്ധം പുറത്തേയ്ക്ക് വമിച്ചതോ.............
ഇടിഞ്ഞു പൊളിഞ്ഞ കൽപടവുകൾ മെല്ലെ ചവുട്ടി കയറി മുകളിലേയ്ക്ക് നടന്നു.
മുന്നിൽ ഗംഗ ശാന്തമായൊഴുകുന്നു......അങ്ങകലെ ചക്രവാളത്തിന്റെ നിസ്സീമതയിലേയ്ക്ക് ഉതിർന്ന് കിടന്ന നദിയുടെ നെഞ്ചിൻ കൂട്ടിൽ വിശപ്പടങ്ങാത്ത
ഓളപ്പാളികൾ തമ്മിലടിച്ചു ചിതറുന്ന ക്ഷീണിച്ച ശബ്ദം.........
രാവേറെയായിരിയ്ക്കുന്നു.....
ശൂന്യമായ ദശാശ്വമേധ ഘട്ടത്തിലൂടെ അയാൾ ഒറ്റയ്ക്ക് നടന്നു..........അകലെ ആരതിയൊഴുക്കിയ മണ്‍ ചെരാതുകൾ ഓളങ്ങളിൽ ഒഴുകി നടക്കുന്നു.
നാളെ ഈ സമയത്ത് ഭദ്ര മറ്റൊരുവന്റെ കരവലയത്തിൽ കാതരയായി ഒതുങ്ങിക്കിടക്കുകയാവും............
വീണ്ടും പതറാൻ തുടങ്ങിയ മനസ്സിനെ ബദ്ധപ്പെട്ട് വരുതിയിലാക്കി ...........
എല്ലാം മറക്കാനാണ് ഇങ്ങോട്ട് വന്നത് .........ഓർമ്മകളെയാകെ ഇവിടെ ചിതയൊരുക്കി ദഹിപ്പിച്ച്, എല്ലാ തെറ്റുകൾക്കും ആത്മപിണ്ഡമൊരുക്കി പൊട്ടിയ ഭിക്ഷാ പാത്രം പോലെ ശൂന്യമായ മനസ്സുമായി മടങ്ങണം .......
ഉറങ്ങിയ സ്നാന ഘട്ടങ്ങളിലൂടെ ലക്ഷ്യമില്ലാതെ ഹരി നടന്നു ........
അപ്പോഴും ശവങ്ങൾ കത്തിയെരിഞ്ഞ് കൊണ്ടിരുന്ന ആ മഹാശ്മശാനത്തിന്റെ ഇരുൾ ചവുട്ടി............
ഉള്ളിലെരിയുന്ന നോവിന്റെ അസഹ്യമായ നീറ്റൽ അടക്കാനാവാതെ ..........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ